കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം...
മുഖചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഇതിന് പിന്നാലെ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയും കൊളസ്ട്രോള്‍ കൂടുതലാകുന്നതിന്‍റെ സൂചനയാകാറുണ്ട്. വായ്ക്കകത്തും ഇതുപോലെ ചൊറിച്ചിലും പാടുകളും വരാം.
കൊളസ്ട്രോള്‍ നമുക്കറിയാം, അധികവും ജീവിതസാഹചര്യങ്ങളുമായി ഭാഗമായി പിടിപെടുന്നൊരു അനാരോഗ്യകരമായ അവസ്ഥയാണ്. മുൻകാലങ്ങളില്‍ ബിപി, കൊളസ്ട്രോള്‍, ഷുഗര്‍ പോലുള്ള പ്രശ്നങ്ങളെ ജീവിതശൈലീരോഗങ്ങളെന്ന് തരം തിരിച്ച് നിസാരമായി തള്ളിക്കളയാറാണ് പതിവെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു. ഈ അവസ്ഥകളെല്ലാം നമ്മുടെ ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ഇന്ന് മിക്കവര്‍ക്കും അവബോധമുണ്ട്.
പ്രത്യേകിച്ച് കൊളസ്ട്രോള്‍ ഏറെ ശ്രദ്ധിക്കേണ്ടുന്നൊരു അവസ്ഥയാണ്. ഹൃദ്രോഗങ്ങളിലേക്ക്- എടുത്തുപറഞ്ഞാല്‍ ഹൃദയാഘാതം- പക്ഷാഘാതം പോലുള്ള ഗുരരുതരമായ സാഹചര്യങ്ങളിലേക്കെല്ലാം നമ്മെ നയിക്കാൻ കൊളസ്ട്രോളിന് സാധിക്കും. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ച് കൊണ്ടുപോകേണ്ടത് ഏറെ ആവശ്യമാണ്.
ജീവിതരീതികള്‍ മെച്ചപ്പെടുത്തി, ആരോഗ്യകരമാക്കുന്നത് വഴി തന്നെയാണ് കൊളസ്ട്രോളിനെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുക. പ്രത്യേകിച്ച് ഭക്ഷണത്തിലാണ് ഈ നിയന്ത്രണം- അല്ലെങ്കില്‍ കരുതല്‍ നാം പാലിക്കേണ്ടത്.
കൊളസ്ട്രോളുള്ളവര്‍ ഇടവിട്ട് ഇത് പരിശോധിച്ച് നോക്കുന്നത് എപ്പോഴും നല്ലതാണ്. അല്ലാത്തപക്ഷം അളവിലധികം ഉയര്‍ന്ന് മറ്റ് ഗൗരവമുള്ള സാഹചര്യങ്ങളിലേക്ക് അത് നമ്മെ നയിക്കാം. എന്തായാലും കൊളസ്ട്രോള്‍ അധികരിച്ചാല്‍ ശരീരം തന്നെ അതിന്‍റെ സൂചനകള്‍ കാണിക്കാം. ഇത്തരത്തില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
കണ്‍പോളകള്‍ക്ക് മുകളിലോ താഴെയോ, അല്ലെങ്കില്‍ കണ്‍കോണുകളിലോ ആയി മഞ്ഞ- ഇളം ഓറഞ്ച് നിറത്തില്‍ ദ്രാവകം നിറഞ്ഞത് പോലുള്ള ചെറിയ കുമിളകള്‍ കാണുന്നത് കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്. ഈ കുമിളകള്‍ തൊട്ടാല്‍ പൊട്ടുന്നതോ, വേദനയുള്ളതോ ആയിരിക്കില്ല. അതുപോലെ തന്നെ കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോള്‍ വളരെയധികം കൂടി എന്നതിന്‍റെ തെളിവാണ്.
മുഖചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഇതിന് പിന്നാലെ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയും കൊളസ്ട്രോള്‍ കൂടുതലാകുന്നതിന്‍റെ സൂചനയാകാറുണ്ട്. വായ്ക്കകത്തും ഇതുപോലെ ചൊറിച്ചിലും പാടുകളും വരാം. ഇക്കാര്യവും ശ്രദ്ധിക്കണം.
നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു സ്കിൻ രോഗമാണ് സോറിയാസിസ്. ചര്‍മ്മം പാളികള്‍ പോലെ മേല്‍ക്കുമേല്‍ അട്ടിയായി വരികയും ചൊറിച്ചിലും നിറവ്യത്യാസവും വരികയുമെല്ലാം ചെയ്യുന്നൊരു രോഗാവസ്ഥയാണ് സോറിയാസിസ്. കൊളസ്ട്രോള്‍ കൂടുമ്പോഴും സോറിയാസിസിന് സാധ്യതയുണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് മുഖത്ത് സോറിയാസിസ് ലക്ഷണങ്ങള്‍ കാണുന്നപക്ഷം തീര്‍ച്ചയായും വൈകിക്കാതെ പരിശോധനകള്‍ നടത്തണം.
ഇത്രയെല്ലാമാണ് മുഖത്ത് പ്രകടമാകുന്ന, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍. ഇതിന് പുറമെ ബിപി കൂടല്‍, അസാധാരണമായ തളര്‍ച്ച, തലകറക്കം, സംസാരിക്കാൻ പ്രയാസം, നെഞ്ചുവേദന, മരവിപ്പ്, ശ്വാസടസം, ശരീരം പെട്ടെന്ന് തണുത്തുപോകല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷവും ഉടൻ ആശുപത്രിയിലെത്തണം. കാരണം കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരം ലക്ഷണമൊന്നും കാണിക്കണമെന്നില്ല. എന്നാല്‍ വളരെ കൂടുമ്പോഴാണ് ഇത്തരം ലക്ഷണങ്ങളെല്ലാം കാണിക്കുന്നത്. അപ്പോഴേക്ക് പക്ഷേ ചികിത്സ വൈകിത്തുടങ്ങുന്ന അവസ്ഥയാകും. കൂടുതല്‍ വൈകിച്ചാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഹൃദയാഘാതം- പക്ഷാഘാതം പോലുള്ള ഗുരുതരമായ സാധ്യതകളിലേക്കാണ് പ്രശ്നം നീങ്ങുക.
Also Read:- ഈ രോഗങ്ങളുണ്ടെങ്കില്‍ വായ്‍നാറ്റം മാറാൻ പ്രയാസം; അറിയേണ്ട ചിലത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-