കുപ്പിവെള്ളത്തില്‍ പോലും വേണം ജാഗ്രത; മഞ്ഞപ്പിത്തം പിടിപെടാതിരിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവ
'മാരകമാകുന്ന മഞ്ഞപ്പിത്തം' എന്ന പരമ്പരയിൽ ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും എറണാകുളം വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. റോയ് ജെ മുക്കട എഴുതുന്ന ലേഖനം.
കേരളത്തിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആളുകളുടെ ജീവൻ തന്നെ അപഹരിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം അതിവേഗം പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. 'മാരകമാകുന്ന മഞ്ഞപ്പിത്തം' എന്ന പരമ്പരയിൽ ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും എറണാകുളം വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. റോയ് ജെ മുക്കട എഴുതുന്ന ലേഖനം.
എന്താണ് ഹെപ്പറ്റൈറ്റിസ് എ? ലക്ഷണങ്ങൾ എന്തെല്ലാം?
കരളിനെ ബാധിക്കുന്ന ഒരു വൈറൽ ഇൻഫെക്ഷനാണ് ഹെപ്പറ്റൈറ്റിസ് എ. എന്നാൽ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു പലപ്പോഴും നമുക്ക് ധാരണയില്ല. രോഗലക്ഷണങ്ങളെ അവഗണിക്കുകയും, അശാസ്ത്രീയ ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുകയും മരണം വരെ സംഭവിക്കാവുന്നതുമാണ്.
സാധാരണയായി മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗലക്ഷണങ്ങൾ പുറത്തുവരാൻ രണ്ട് മുതൽ ആറ് ആഴ്ച വരെയെടുക്കും. പൊതുവെ ഭീഷണിയേറിയ അസുഖമല്ലെങ്കിലും, ശരിയായ ചികിത്സ ലഭിക്കാതെയെങ്കിൽ പേശികളെയും കരളിനെയും ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരോ മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്തവർക്കോ ആണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്.
സാധാരണ ലക്ഷണങ്ങൾ പനി, ക്ഷീണം, വിശപ്പില്ലായ്മ, ശർദ്ദി, ശരീരത്തിൽ അല്ലെങ്കിൽ മൂത്രത്തിൽ മഞ്ഞ നിറം, സന്ധിവേദന, ചൊറിച്ചിൽ എന്നിവയാണ്. കുട്ടികളിൽ ലക്ഷണങ്ങൾ വളരെ കുറവായിരിക്കും.
സാധാരണ ഇതൊരു സെൽഫ് ലിമിറ്റിങ് അസുഖമാണ്-വലിയ ചികിത്സ കൂടാതെ തന്നെ ഭേദപ്പെടും. മിക്കവാറും രോഗികൾക്ക് 2 മാസത്തിനുള്ളിൽ രോഗം ഭേദമാകാറുണ്ട്. എന്നാൽ ചിലർക്ക് 6 മാസം വരെ വേണ്ടിവരാം. രോഗം മാറിയ ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്ന അവസ്ഥയും കണ്ടുവവരുന്നു. വളരെ വിരളമായി Fulminant Hepatitis (Acute liver failiure) എന്ന അവസ്ഥയിലേക്കെത്താം. ഇത് പ്രത്യേകിച്ചും പ്രായമുള്ളവരിലും മുൻപ് കരൾരോഗം ഉള്ളവരിലുമാണ് കാണുന്നത്.
ഹെപ്പറ്റൈറ്റിസ് എ: പ്രതിരോധം
ഹെപ്പറ്റൈറ്റിസ് എ പടരുന്നത് തടയുന്നതിൽ ശുചിത്വം, ഭക്ഷ്യസുരക്ഷ, വാക്സിനേഷൻ എന്നിവ പ്രധാന പങ്കു വഹിക്കുന്നു. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം വാക്സിനേഷനാണ്.
1. വാക്സിൻ
അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ വാക്സിൻ എടുക്കുന്നത് പ്രധാനമാണ്. കരളിന് അസുഖമുള്ളവർക്കും കീമോതെറാപ്പി എടുക്കുന്നവർക്കും ഹെപ്പറ്റൈറ്റിസ് എ അസുഖമുള്ളവരുമായി കൂടുതൽ ഇടപെടുന്നവർക്കും ഭക്ഷണ മേഖലയിൽ ജോലിചെയ്യുന്നവർക്കും ഈ വാക്സിൻ പ്രയോജനകരമായിരിക്കും.
2. ശുചിത്വം
രോഗം പ്രതിരോധിക്കുന്നതിൽ ശുചിത്വം ഒരു പ്രധാന ഘടകമാണ്. പ്രധാനമായും കൈകൾ വൃത്തിയാക്കുക. പ്രത്യേകിച്ചും പ്രാഥമിക കർമ്മങ്ങൾക്ക് ശേഷവും ഡയപ്പർ മാറ്റലിന് ശേഷവും ഭക്ഷണത്തിനു മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. ശൗചാലയം അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. വീടും പരിസരവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കുക.
3. ഭക്ഷ്യസുരക്ഷ
ശുദ്ധിയുള്ള തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. പൈപ്പ് വെള്ളവും ഐസ് ക്യൂബുകളും അസുഖം പകരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ഉപയോഗിക്കാതിരിക്കുക. ജ്യൂസും മറ്റും തയ്യാറാക്കുന്നതിനും തിളപ്പിച്ചാറിയ വെള്ളമേ ഉപയോഗിക്കാവൂ. നല്ലവണ്ണം പാകം ചെയ്ത ഭക്ഷണം കഴിക്കുക. വേവിക്കാത്തതും പാതി വെന്തതുമായ ഭക്ഷണം കഴിക്കാതിരിക്കുക. പഴങ്ങളും പച്ചക്കറികളും തൊലി കളഞ്ഞു ഉപയോഗിക്കുക. സ്ട്രീറ്റ് ഫൂഡ് ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. യാത്ര ചെയ്യുമ്പോൾ പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചടങ്ങുകളിൽ ലഭിക്കുന്ന വെൽക്കം ഡ്രിങ്ക്, ജ്യൂസ് എന്നിവ കഴിവതും ഒഴിവാക്കുക. കുപ്പി വെള്ളവും ഫിൽട്ടറിൽനിന്നുള്ള വെള്ളവും എല്ലായ്പോഴും അണുമുക്തമാകണമെന്നില്ല. അത് കഴിവതും ഒഴിവാക്കുക. ഭക്ഷണം തുറന്നുവയ്ക്കാതെ അടച്ചു സൂക്ഷിക്കുക.
അസുഖം ബാധിച്ചാൽ വിശ്രമിക്കുക എന്നത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിച്ചാൽ മാത്രമേ നിങ്ങളുടെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കൂ. കഴിവതും വീട്ടില്‍ത്തന്നെ കഴിയുക. മറ്റുള്ളവരുമായയുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
Also read: മഞ്ഞപ്പിത്തം എത്ര വിധം? ചികിത്സാ മാർഗങ്ങൾ എന്തൊക്കെ? : ഡോ. ആന്റണി പോൾ ചേറ്റുപുഴ എഴുതുന്നു