Cancer Symptoms : പതിവായി നെഞ്ചെരിച്ചിലും വയറുവേദനയും ഛര്‍ദ്ദിയും; ക്യാന്‍സര്‍ ലക്ഷണങ്ങളോ!

പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് ആമാശയ അര്‍ബുദം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍  സമയമെടുക്കുന്നതും ചികിത്സ വൈകുന്നതുമെല്ലാം പതിവാണ്. ക്യാന്‍സര്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൂടി പകരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. 

heartburn and vomiting can be two signs of stomach cancer

നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന പ്രാധാന്യമേറിയ അവയവമാണ് ആമാശയം. നാം കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി നേരെ ചെന്നെത്തുന്നത് ആമാശയത്തിലേക്കാണ്. ദഹനത്തിന്‍റെ ആദ്യഘട്ടങ്ങള്‍ ഇവിടെ വച്ചാണ് തുടങ്ങുന്നത്. ആമാശയം ഏതെങ്കിലും രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ( Stomach Disease ) ഈ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. ഇത്തരത്തില്‍ ആമാശയം ബാധിക്കപ്പെടുന്നതിന്‍റെ ലക്ഷണങ്ങളായി ചില ദഹനപ്രശ്നങ്ങള്‍ കാണാം. ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍   ( Stomach Cancer )രോഗത്തിലും ഇതേ ലക്ഷണങ്ങള്‍ പ്രകടമാകാം.

ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ് ആമാശയത്തിലെ ക്യാന്‍സര്‍ ( Stomach Cancer ). ആമാശയത്തിനകത്തെ ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റത്തിന് വിധേയമാവുകയും അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്ന രോഗാവസ്ഥ.  

പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് ആമാശയ അര്‍ബുദം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍  സമയമെടുക്കുന്നതും ചികിത്സ വൈകുന്നതുമെല്ലാം പതിവാണ്. ക്യാന്‍സര്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൂടി പകരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ രോഗം പടരാം. 

മറ്റ് പല അര്‍ബുദങ്ങളില്‍ എന്ന പോലെ എന്തുകൊണ്ടാണ് ആമാശയത്തില്‍ ക്യാന്‍സര്‍ പിടിപെടുന്നത് എന്നതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ ഗവേഷകലോകത്തിന് കഴിഞ്ഞിട്ടില്ല. പല കാരണങ്ങള്‍ ഇതിന് പിന്നില്‍ വരാമെന്ന് പഠനങ്ങള്‍ പറയുന്നു. ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ക്യാന്‍സര്‍ ആരംഭിക്കുന്നതെന്നും ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്ത്, പിന്നീട് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയാണെന്നും പഠനങ്ങള്‍ പറയുന്നു. 

അമിതവണ്ണം, പാരമ്പര്യഘടകങ്ങള്‍, എ- ടൈപ്പ് രക്തം, ഉപ്പ് അധികമുള്ള ഭക്ഷണം അതുപോലെ സ്‌മോക്ക്ഡ് ഫുഡ് എന്നിവ അധികമായി കഴിക്കുന്നത്, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഡയറ്റ് ദീര്‍ഘകാലം പിന്തുടരുന്നത്, ചില അണുബാധകള്‍, പതിവായ പുകവലി, മറ്റ് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ആമാശയത്തിലെ ക്യാന്‍സറിലേക്ക് നീളാം. 

ആമാശയ അര്‍ബദുത്തിന്‍റെ ലക്ഷണങ്ങൾ...

ആദ്യം സൂചിപ്പിച്ചത് പോലെ വര്‍ഷങ്ങളെടുത്താണ് മിക്കവരിലും ആമാശയത്തിലെ ക്യാന്‍സര്‍ ഉണ്ടായിവരുന്നത്. അതിനാല്‍ തന്നെ പല ലക്ഷണങ്ങളും രോഗിയോ കൂടെയുള്ളവരോ തിരിച്ചറിയണമെന്നോ ഗൗരവമായി എടുക്കണമെന്നോ ഇല്ല. വയറുമായി ബന്ധപ്പെട്ട് നിത്യജീവിതത്തിലുണ്ടാകുന്ന 'സാധാരണ'  പ്രശ്‌നങ്ങളായി ( Stomach Disease ) ഇവ മിക്കവരും എടുക്കുന്നു. എങ്കിലും ആമാശയത്തിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളായി വരുന്ന ചില പ്രശ്നങ്ങള്‍ അറിഞ്ഞേ മതിയാകൂ... 

നെഞ്ചെരിച്ചില്‍, ഓക്കാനം വരിക, വിശപ്പില്ലായ്മ, ദഹനപ്രശ്‌നം, വയറുവേദന, മലത്തില്‍ രക്തം, ശരീരഭാരം നന്നായി കുറയുക, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം, വയറ് വീര്‍ത്ത് കാണപ്പെടുക, ചര്‍മ്മത്തിലും കണ്ണുകളിലുമെല്ലാം മഞ്ഞനിറം പടരുക, ഛര്‍ദ്ദി എന്നിവയെല്ലാം ആമാശയ അര്‍ബുദത്തിന്‍റെ ഭാഗമായി വന്നേക്കാവുന്ന ലക്ഷണങ്ങളാണ്.

ഇവയെല്ലാം തന്നെ വയറുമായി ബന്ധപ്പെട്ട മറ്റ് പല അസുഖങ്ങളുടെയും ഭാഗമായും വരാം. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും ലക്ഷണങ്ങള്‍ പതിവായി നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയരാവുക. 

Also Read:- എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഒപ്പം വിശപ്പില്ലായ്മയും; കാരണമിതാകാം

Latest Videos
Follow Us:
Download App:
  • android
  • ios