Health Tips : ഗ്യാസ് കയറി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയുണ്ടാകാറുണ്ടോ? ഇതാ പരിഹാരം...
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം നേരിടുന്നവര്‍ ഏറെയാണ്. ഇതിന് പരിഹാരമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില 'ഹെല്‍ത്തി' പാനീയങ്ങള്‍
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയെ നിസാരമായി അങ്ങനെ തള്ളിക്കളയാൻ സാധിക്കില്ല. കാരണം പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമുള്ള സൂചനകളാകാം ഇവ. എന്തായാലും നിത്യജീവിതത്തില്‍ ഏറെ പേരും നേരിടാറുള്ളൊരു പ്രശ്നം ഗ്യാസ്ട്രബിള്‍ ആണെന്ന് പറയാം.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ഇത്തരത്തില്‍ നേരിടുന്നവര്‍ ഏറെയാണ്. ഇതിന് പരിഹാരമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില 'ഹെല്‍ത്തി' പാനീയങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചേരുവയായ ഇഞ്ചി ചേര്‍ത്ത ഇഞ്ചിച്ചായ ആണ് ഗ്യാസിനെ നേരിടാനും സഹായിക്കുന്നൊരു പാനീയം. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
രണ്ട്...
പുതിനച്ചായയാണ് അടുത്തതായി ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നതില്‍ നിന്ന് ആശ്വാസം തേടാനായി കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതും ദഹനപ്രശ്നങ്ങളും ഗ്യാസും പരിഹരിക്കുന്നതിന് ഏറെ സഹായകമാണ്.
മൂന്ന്...
ലെമണ്‍ വാട്ടര്‍ ആണ് ഇത്തരത്തില്‍ ഗ്യാസിനെ പ്രതിരോധിക്കാൻ കഴിക്കാവുന്ന മറ്റൊരു പാനീയം. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കഴിക്കുകയാണ് ഇതിനായി വേണ്ടത്.
നാല്...
പെരുഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളവും ഗ്യാസിന് ആശ്വാസം നല്‍കാൻ ഏറെ നല്ലതാണ്. പെരുഞ്ചീരകവും ഇതുപോലെ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പേരുകേട്ട ചേരുവയാണ്.
അഞ്ച്...
പൈനാപ്പിളും ദഹനത്തിന് നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? പൈനാപ്പിളും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസും ഇങ്ങനെ കഴിക്കാവുന്നതാണ്. പൈനാപ്പിള്‍, ഇഞ്ചി എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കേണ്ടത്. മറ്റ് ചേരുവകളൊന്നും തന്നെ ചേര്‍ക്കേണ്ടതില്ല. ആവശ്യമെങ്കില്‍ അല്‍പം തേൻ കൂടി ചേര്‍ക്കാം.
Also Read:- ഹെല്‍ത്ത് 'പൊളി'യാക്കാൻ സലാഡുകള്‍ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-