ശ്വാസകോശ രോഗങ്ങളകറ്റാൻ ജീവിതരീതികളില്‍ നിങ്ങള്‍ കരുതേണ്ട 5 കാര്യങ്ങള്‍
എല്ലാവര്‍ക്കും ശ്വാസകോശരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിര്‍ത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിന്‍റെ സന്ദേശം.
ഇന്ന് സെപ്തംബര്‍ 25, ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്.
എല്ലാവര്‍ക്കും ശ്വാസകോശരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിര്‍ത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിന്‍റെ സന്ദേശം. എന്തായാലും ഈ ദിനത്തില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാര്‍ബുദം (ക്യാൻസര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്.
രണ്ട്...
പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങള്‍ ചെറുക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം പതിവാകുമ്പോള്‍ അത് ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മൂന്ന്...
വ്യക്തി ശുചിത്വം, അതുപോലെ തന്നെ പരിസര ശുചിത്വം എന്നിവ പാലിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താൻ സഹായിക്കുകയും ചെയ്യുന്നു.
നാല്...
ആരോഗ്യകരമായ ഡയറ്റ്- അഥവാ ഭക്ഷണരീതി പാലിക്കുന്നതും ശ്വാസകോശ രോഗങ്ങളെ അകറ്റും. പച്ചക്കറികളും പഴങ്ങളും കാര്യമായി ഡയറ്റിലുള്‍പ്പെടുത്തുക. ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതുതന്നെ.
അഞ്ച്...
മലിനമായ സാഹചര്യം എപ്പോഴും ശ്വാസകോശത്തിന് വെല്ലുവിളിയാണ്. മലിനമായ സാഹചര്യങ്ങളും അത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കാണുന്ന ഇടങ്ങളും അന്തരീക്ഷവുമെല്ലാം കഴിയുന്നതും ഒഴിവാക്കണം. ചെല കെമിക്കലുകള്‍ പതിവായി ശ്വസിക്കുന്നതും ശ്വാസകോശത്തിന് പ്രശ്നം സൃഷ്ടിക്കാറുണ്ട്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.
Also Read:- 'ചുമയുടെ ശബ്ദവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ തീവ്രത അറിയാം'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-