ഹാര്‍ട്ട് അറ്റാക്കും ഈ അസുഖങ്ങളും തമ്മില്‍ മാറിപ്പോകാം; ഇത് ഏറെ സൂക്ഷിക്കേണ്ടത്...
സമയബന്ധിതമായി ചികിത്സ ലഭ്യമാക്കല്‍, പ്രാഥമിക ചികിത്സ എന്നിവയാണ് ഒരു വ്യക്തിക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ആദ്യം നോക്കേണ്ട കാര്യങ്ങള്‍. എന്നാല്‍ ഇവിടെ വലിയൊരു പ്രതിസന്ധിയുണ്ട്. പലരിലും ഹൃദയാഘാതത്തിന് ഒരുപോലെയുള്ള വേദനയോ അസ്വസ്ഥതയോ തന്നെ കാണണമെന്നില്ല. ഹൃദയാഘാതത്തിന്‍റേതായി വരുന്ന പല ലക്ഷണങ്ങളും നിത്യജീവിതത്തില്‍ നാം സാധാരണ നേരിടുംപോലെയുള്ള ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാൻ സാധ്യതകള്‍ ഒരുപാടാണ്
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം എത്രമാത്രം ഗൗരവമേറിയ പ്രതിസന്ധിയാണെന്ന് ഏവര്‍ക്കുമറിയാം. ഒരുപക്ഷേ തിരികെ ജീവിതത്തിലേക്ക് വരാൻ പോലും രോഗിക്ക് ഒരു അവസരം കിട്ടാത്ത രീതിയില്‍ പെട്ടെന്ന് സങ്കീര്‍ണമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കല്‍, പ്രാഥമിക ചികിത്സ എന്നിവയാണ് ഒരു വ്യക്തിക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ആദ്യം നോക്കേണ്ട കാര്യങ്ങള്‍.
എന്നാല്‍ ഇവിടെ വലിയൊരു പ്രതിസന്ധിയുണ്ട്. പലരിലും ഹൃദയാഘാതത്തിന് ഒരുപോലെയുള്ള വേദനയോ അസ്വസ്ഥതയോ തന്നെ കാണണമെന്നില്ല. ഹൃദയാഘാതത്തിന്‍റേതായി വരുന്ന പല ലക്ഷണങ്ങളും നിത്യജീവിതത്തില്‍ നാം സാധാരണ നേരിടുംപോലെയുള്ള ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാൻ സാധ്യതകള്‍ ഒരുപാടാണ്. ഈ രീതിയില്‍ ചികിത്സയെടുക്കാൻ വൈകിയവരും, മരണത്തിനും കീഴടങ്ങിയവരും ഏറെയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്താറുള്ളതാണ്.
ഇവിടെയിപ്പോള്‍ ഹൃദയാഘാതമാണെന്ന് നാം തെറ്റിദ്ധരിക്കാവുന്ന മറ്റ് ചില ആരോഗ്യപ്രശ്നങ്ങളെയോ അസുഖങ്ങളെയോ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത് ഹൃദയാഘാതത്തെ തിരിച്ചറിയുന്നതിനും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിനുമെല്ലാം സഹായിക്കും.
ഒന്ന്...
നെഞ്ചെരിച്ചില്‍ അഥവാ ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടും ഹൃദയാഘാതവും തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതകളേറെയുണ്ട്. കാരണം നെഞ്ചുവേദന, ഗ്യാസ് മൂലം നെഞ്ചില്‍ അസ്വസ്ഥത എന്നിവയെല്ലാം അനുഭവപ്പെടാം. ഇതെല്ലാം ഹൃദയാഘാതത്തിലും രോഗികള്‍ നേരിടുന്ന പ്രശ്നങ്ങളാണ്.
രണ്ട്...
പേശികളില്‍ സംഭവിക്കുന്ന അമിതമായ സ്ട്രെസ് പേശീവേദനയ്ക്ക് കാരണമായി വരാറുണ്ട്. ഇതും നെഞ്ചുവേദനയിലേക്ക് നയിക്കാം. അങ്ങനെ വരുമ്പോള്‍ നെഞ്ചിലെ പേശീവലിവും,വേദനയും ഹൃദയാഘാതവുമായി മാറിപ്പോകാം.
മൂന്ന്...
ചിലര്‍ക്ക് ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടാം. ഇതിന് പിന്നിലെ പ്രധാനകാരണമായി വരുന്നത് ഉത്കണ്ഠ അഥവാ 'ആംഗ്സൈറ്റി'യാണ്. മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരില്‍ സംഭവിക്കുന്ന 'പാനിക് അറ്റാക്ക്'ഉം ഹൃദയാഘാതവുമായി മാറിപ്പോകാൻ ഒരുപാട് സാധ്യതകളുള്ളതാണ്.
നാല്...
'കോസ്റ്റോകോണ്‍ട്രൈറ്റിസ്' എന്നൊരവസ്ഥയുണ്ട്. നെഞ്ചിലെ എല്ലിനോട് വാരിയെല്ലിനെ ചേര്‍ത്തുവയ്ക്കുന്ന കാര്‍ട്ടില്ലേജ് എന്ന് വിളിക്കുന്ന ഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണിത്. ഇതും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്.
അഞ്ച്...
'പെരികാര്‍ഡൈറ്റിസ്' അഥവാ ഹൃദയത്തിന് ചുറ്റുമായി ഉള്ള കോശകലകളെ ബാധിക്കുന്ന വേദനയും ഹൃദയാഘാതവുമായി മാറിപ്പോകാറുണ്ട്. അധികവും ബാക്ടീരിയ, വൈറസ് എന്നീ രോഗകാരികളാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. എന്നാലിത് അത്ര സാധാരണമായി കാണുന്നൊരു പ്രശ്നമല്ല. നല്ലരീതിയിലുള്ള നെഞ്ചുവേദനയാണിതിന്‍റെ ലക്ഷണം.
ആറ്...
പാൻക്രിയാസ് എന്ന ഭാഗത്തെ ബാധിക്കുന്ന ഗുരുതരമല്ലാത്ത പ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന വേദനയും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം. പാൻക്രിയാറ്റൈറ്റിസ് എന്നാണീ അവസ്ഥ മെഡിക്കലി അറിയപ്പെടുന്നത്. ഇതിലും രോഗിക്ക് നെഞ്ചിനോട് ചേര്‍ന്ന് നല്ല വേദന അനുഭവപ്പെടാം. പാൻക്രിയാറ്റൈറ്റിസിന് ചികിത്സയെടുക്കുന്നതാണ് നല്ലത്.
Also Read:- തളര്‍ച്ചയും സ്കിൻ ഡ്രൈ ആകുന്നതും ശരീരവേദനയും; നിങ്ങളെ അലട്ടുന്ന കാരണം ഇതാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-