ദിവസവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ഏതെങ്കിലും വിധത്തില്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണം...
കലര്‍പ്പില്ലാത്ത നല്ല മഞ്ഞളാണെങ്കില്‍ ഇത് ദിവസവും ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് കൈവരാവുന്ന പ്രയോജനങ്ങള്‍ പലതാണ്. അവയിലേക്ക്...
നമ്മുടെ അടുക്കളയില്‍ എപ്പോഴും കാണുന്നൊരു ചേരുവയാണ് മഞ്ഞള്‍. വിഭവങ്ങളിലും കറികളിലും ചേര്‍ക്കുന്ന ചേരുവ എന്നതില്‍ക്കവിഞ്ഞ് മഞ്ഞളിന് വേറൊരു പ്രാധാന്യം കൂടിയുണ്ട്. മറ്റൊന്നുമല്ല മഞ്ഞളിനെ ഒരു ഔഷധം എന്ന നിലയിലാണ് പരമ്പരാഗതമായിത്തന്നെ കണക്കാക്കപ്പെടുന്നത്.
പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ശാരീരികമായ പ്രയാസങ്ങള്‍ക്കും പരിഹാരമായി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. കറികളില്‍ ചേര്‍ത്ത് കഴിക്കുന്നതിലധികം പാലില്‍ ചേര്‍ത്തും സ്മൂത്തികളിലും ജ്യൂസുകളിലും സലാഡുകളിലുമെല്ലാം ചേര്‍ത്തും മഞ്ഞള്‍ കഴിക്കാറുണ്ട്. കലര്‍പ്പില്ലാത്ത നല്ല മഞ്ഞളാണെങ്കില്‍ ഇത് ദിവസവും ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് കൈവരാവുന്ന പ്രയോജനങ്ങള്‍ പലതാണ്. അവയിലേക്ക്...
ഒന്ന്...
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്. കൊളസ്ട്രോള്‍, ബിപി പോലുള്ള പ്രശ്നങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിനും കുര്‍ക്കുമിന് കഴിയുമത്രേ. ഇത് കൂടിയാകുമ്പോള്‍ ഹൃദയാരോഗ്യത്തിന് കൂടുതല്‍ ഗുണകരമാകുന്നു.
രണ്ട്...
മഞ്ഞളിലുള്ള കുര്‍ക്കുമിന് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുള്ളതായി നിരവധി പഠനങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ ഇതുകൊണ്ട് മാത്രം ക്യാൻസറിനെ പ്രതിരോധിക്കാം എന്നല്ല, മറിച്ച് ക്യാൻസര്‍ പ്രതിരോധത്തില്‍ മഞ്ഞളിനും ഒരു സാധ്യതയുണ്ട് എന്ന്. കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യമാണ് ക്യാൻസര്‍ രോഗത്തില്‍ കാണുക. എന്നാല്‍ കുര്‍ക്കുമിനാകട്ടെ കോശങ്ങളില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുന്നതിനെ ചെറുക്കുന്നു.
മൂന്ന്...
നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താൻ മഞ്ഞളിനുള്ള കഴിവ് പ്രശസ്തമാണ്. ഇത് മിക്കവര്‍ക്കും അറിയാവുന്നതുമാണ്. ഇതിനും കുര്‍ക്കുമിൻ ആണ് സഹായകമാകുന്നത്. മഞ്ഞള്‍ തന്നെ കുരുമുളകിന് ഒപ്പമാണ് കഴിക്കുന്നതെങ്കില്‍ ഇതിന്‍റെ ഫലം കൂടും. കുരുമുളകിലുള്ള പിപ്പെറിൻ എന്ന കോമ്പൗണ്ട് മഞ്ഞളില്‍ നിന്ന് കുര്‍ക്കുമിൻ കാര്യക്ഷമമായി വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു. രോഗ പ്രതിരോധശേഷി മെച്ചപ്പെട്ടാല്‍ പിന്നെ അടിക്കടിയുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും വേദനകളില്‍ നിന്നുമെല്ലാം നമുക്ക് മുക്തരാകാം.
നാല്...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക്, ഇതിനും മഞ്ഞള്‍ കഴിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഞ്ഞള്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വെയിറ്റ് ലോസ് ഡയറ്റിലും മഞ്ഞള്‍ ചേര്‍ക്കാവുന്നതാണ്.
അഞ്ച്...
ദഹനപ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവരെ സംബന്ധിച്ച് ഇവയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും മഞ്ഞള്‍ കഴിക്കാവുന്നതാണ്. കാരണം ദഹനം സുഗമമാക്കുന്നതിനും ഗ്യാസ് നല്ലതുപോലെ കുറയ്ക്കുന്നതിനുമെല്ലാം മഞ്ഞള്‍ വളരെയധികം സഹായിക്കും.
Also Read:- സ്ട്രെസ് ഉണ്ടെങ്കില്‍ നടുവേദനയുണ്ടാകുമോ? സ്ട്രെസും നടുവേദനയും തമ്മില്‍ ബന്ധം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-