തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്...
നേരത്തിന് ഭക്ഷണം കഴിക്കാത്തതോ, ആവശ്യത്തിന് വെള്ളം കുടിക്കാത്തതോ മുതല്‍ തലച്ചോറിനെ ബാധിക്കുന്ന ഗൗരവമുള്ള രോഗങ്ങളുടെ വരെ ലക്ഷണമായി തലവേദന പതിവാകാം. അതിനാല്‍ തന്നെ തലവേദന സ്ഥിരമാണെങ്കില്‍ പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ പരിശോധിച്ച്, കാരണം കണ്ടെത്തി, ഡോക്ടര്‍മാരുടെ സഹായത്തോടെ തന്നെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
മിക്കവാറും പേരും ഇത്തരത്തില്‍ എപ്പോഴും പരാതിപ്പെടുന്നൊരു പ്രശ്നമാണ് തലവേദനയും. എല്ലാ തലവേദനയും ഒരുപോലെയല്ല അനുഭവപ്പെടുന്നതും പിടിപെടുന്നതും. പല കാരണങ്ങള്‍ കൊണ്ട് തലവേദനയുണ്ടാകാം.
നേരത്തിന് ഭക്ഷണം കഴിക്കാത്തതോ, ആവശ്യത്തിന് വെള്ളം കുടിക്കാത്തതോ മുതല്‍ തലച്ചോറിനെ ബാധിക്കുന്ന ഗൗരവമുള്ള രോഗങ്ങളുടെ വരെ ലക്ഷണമായി തലവേദന പതിവാകാം. അതിനാല്‍ തന്നെ തലവേദന സ്ഥിരമാണെങ്കില്‍ പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. കാര്യമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയാല്‍ പിന്നെ ജീവിതരീതികളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തിനോക്കുന്നതും ഇടവിട്ടുള്ള തലവേദനയ്ക്ക് ആശ്വാസം നല്‍കാം.
ഇങ്ങനെ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് പലരും ചായകളെ ആശ്രയിക്കാറുണ്ട്. ഇതുകൊണ്ട് സത്യത്തില്‍ എന്തെങ്കിലും ഗുണമുണ്ടോ?
ഉണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെറും ചായ അല്ല. ഇഞ്ചിച്ചായ, പുതിനച്ചായ എന്നിവയെല്ലാമാണ് തലവേദനയെ തോല്‍പിക്കാൻ കഴിക്കേണ്ടതത്രേ. പുതിനയില്‍ അടങ്ങിയിരിക്കുന്ന 'മെഥനോള്‍' പേശികള്‍ മുറുകിയിരിക്കുന്നത് വലിയാൻ സഹായിക്കും. ഇങ്ങനെ തലവേദനയ്ക്ക് ആക്കം തോന്നാം. അതുപോലെ വേദനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും പുതിനയിലയ്ക്ക് കഴിവുണ്ട്.
ഇഞ്ചി, പരമ്പരാഗതമായി തന്നെ ഒരു ഔഷധമെന്ന നിലയില്‍ കണക്കാക്കുന്ന ഒന്നാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍', 'ഷോഗവോള്‍' എന്നീ സംയുക്തങ്ങള്‍ വേദനയ്ക്ക് ആശ്വാസം നല്‍കുന്നതിന് സഹായകമാണ്. മൈഗ്രേയ്നിന് വരെ ( കടുത്ത തലവേദന) ആക്കം തരാൻ ഇവയ്ക്ക് സാധിക്കുമത്രേ.
കഴിയുന്നതും തലവേദനയുണ്ടാകുമ്പോള്‍ സാധാരണ പാല്‍ച്ചായയോ, കട്ടൻ ചായയോ കഴിക്കാതെ ഇങ്ങനെയുള്ള ഹെര്‍ബല്‍ ചായകളെ തന്നെ ആശ്രയിക്കാം. പാല്‍ ഒഴിവാക്കുന്നത് കുറെക്കൂടി നല്ലതായിരിക്കും.
തലവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്നതിന് ഒരു കപ്പ് വെള്ളം ചൂടാക്കി, അതിലേക്ക് ഒരു മുറി ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്. അതുപോലെ ചീര, സെലറി പോലുള്ളവ കൊണ്ട് തയ്യാറാക്കുന്ന ഗ്രീൻ ജ്യൂസുകളും ആശ്വാസം നല്‍കാം.
Also Read:- കുട്ടികള്‍ക്ക് തൈരും ഇലക്കറികളും നിര്‍ബന്ധമായും നല്‍കുക; കാരണം അറിയാം...