പെട്ടെന്ന് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ചെയ്യേണ്ടത്...
വണ്ണം കുറയ്ക്കാനായാലും വയര്‍ കുറയ്ക്കാനായാലും ഏവരെയും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഡയറ്റുമായും വര്‍ക്കൗട്ടുമായുമെല്ലാം ബന്ധമുള്ള കാര്യങ്ങളാണിത്.
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. വയര്‍ കുറയ്ക്കുന്നതാകട്ടെ, അതിലും പ്രയാസപ്പെട്ട കാര്യമാണ്. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അതും ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യാവസ്ഥയുമെല്ലാം മനസിലാക്കിക്കൊണ്ടുള്ള ഡയറ്റ്- വര്‍ക്കൗട്ട് പ്ലാനുകളുണ്ടെങ്കില്‍ ഫലം എളുപ്പത്തില്‍ കിട്ടും.
എന്തായാലും വണ്ണം കുറയ്ക്കാനായാലും വയര്‍ കുറയ്ക്കാനായാലും ഏവരെയും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഡയറ്റുമായും വര്‍ക്കൗട്ടുമായുമെല്ലാം ബന്ധമുള്ള കാര്യങ്ങളാണിത്.
ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗും വര്‍ക്കൗട്ടും...
വണ്ണം കുറയ്ക്കുന്നതിനായി തീര്‍ച്ചയായും ഡയറ്റ് പാലിക്കണമെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഈ ഡയറ്റ് തന്നെ ഓരോരുത്തരും വ്യത്യസ്ത രീതിയിലുള്ളത് തെരഞ്ഞെടുക്കാറുണ്ട്. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് ഇതുപോലൊരു ഡയറ്റ് രീതിയാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരുന്ന ശേഷം, ഭക്ഷണം കഴിക്കുന്ന- അത്രയും വലിയ ഇടവേള ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ വരുന്ന ഡയറ്റ് ആണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്.
ദിവസത്തില്‍ 16 മണിക്കൂറോളം ഫാസ്റ്റിംഗ് വരുന്ന ഡയറ്റ് രീതിയാണിത്. ഈ സമയങ്ങളില്‍ ഭക്ഷണം പാടില്ല. പാനീയങ്ങള്‍ ആവാം. പക്ഷേ കലോറി കുറഞ്ഞത് മാത്രം.
ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗിനൊപ്പം തന്നെ വര്‍ക്കൗട്ടും കൊണ്ടുപോകണം. ജിമ്മിലോ, ജിമ്മിന്‍റെ സൗകര്യങ്ങള്‍ വീട്ടില്‍ സജ്ജീകരിച്ചോ വര്‍ക്കൗട്ട് ചെയ്യണം. ഇത്രയും ഗൗരവത്തോടെ ചെയ്തെങ്കില്‍ മാത്രമേ ഫലം കിട്ടൂ. ഡയറ്റിലേക്ക് പോകും മുമ്പ് എപ്പോഴും ഡോക്ടറെ കണ്ട് ഒന്ന് കണ്‍സള്‍ട്ട് ചെയ്യുന്നത്. നല്ലതാണ്.
ഹൈ-ഇന്‍റൻസിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ് (എച്ച്ഐഐടി)...
അല്‍പം കാഠിന്യം കൂടിയ വര്‍ക്കൗട്ട് രീതിയാണിത്. പല സെഷനുകള്‍ ഒന്നിച്ച് വച്ച്, ചുരുങ്ങിയ സമയത്തിനകം ഇതെല്ലാം ചെയ്തുതീര്‍ക്കുക എന്നതാണ് ഇതിലെ 'ടാസ്ക്'. ജിമ്മിലെ വര്‍ക്കൗട്ടിലും മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തിലുമെല്ലാം എച്ച്ഐഐടി കൊടുക്കുന്നത് പതിവാണ്.
കീറ്റോ- ഡയറ്റ്...
വണ്ണം കുറയ്ക്കാൻ ഫലപ്രദമായ മറ്റൊരു ഡയറ്റ് രീതിയാണ് കീറ്റോജെനിക് ഡയറ്റ്. കാര്‍ബ് കുറഞ്ഞ, അതേസമയം ഫാറ്റ് കൂടുതലുള്ള ഭക്ഷണമാണ് ഈ ഡയറ്റില്‍ കഴിക്കുന്നത്. കീറ്റോ ഡയറ്റിനൊപ്പം വര്‍ക്കൗട്ടും കൂടിയാണെങ്കില്‍ വണ്ണവും വയറും കുറയ്ക്കല്‍ എളുപ്പമാകും. പക്ഷേ കീറ്റോ ഡയറ്റിലേക്കും കയറും മുമ്പ് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കിലൊരു ഫിറ്റ്നസ് എക്സ്പേര്‍ട്ടിനെ കണ്ട് നിര്‍ദേശം ചോദിക്കാവുന്നതാണ്.
മൈൻഡ്ഫുള്‍ ഈറ്റിംഗ്...
മൈൻഡ്ഫുള്‍ ഈറ്റിംഗ് എന്ന് പറയുമ്പോള്‍ ഇത് പലര്‍ക്കും മനസിലാകണമെന്നില്ല. മനസറിഞ്ഞ് കഴിക്കുകയെന്നെല്ലാം ഇതിനെ ലളിതമാക്കി പറയാം. അതായത് സമയമെടുത്ത്, ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന രീതിയാണിത്. അമിതമായ കഴിക്കുന്നത് തടയാനും, ദഹനം എളുപ്പത്തിലാക്കാനും, ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങളകറ്റാനുമെല്ലാം മൈൻഡ്ഫുള്‍ ഈറ്റിംഗ് സഹായകമാണ്. മൈൻഡ്ഫുള്‍ ഈറ്റിംഗ് മാത്രം പോര. ഇതിനൊപ്പം വര്‍ക്കൗട്ടും നിര്‍ബന്ധമാണേ.
ഉറക്കം...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ഡയറ്റിനും വര്‍ക്കൗട്ടിനും പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ ഉറക്കത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. രാത്രിയില്‍ 7-8 മണിക്കൂര്‍ സുഖകരമായ, തുടര്‍ച്ചയായ ഉറക്കമെങ്കിലും ഉറപ്പിക്കണം. ഇത് നിര്‍ബന്ധമാണ്. ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വര്‍ക്കൗട്ട് വൈകുന്നേരമാക്കിയാല്‍ ഇതും വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും.
വെള്ളം, ഗ്രീൻ ടീ...
ദിവസവും നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അതുപോലെ ഗ്രീൻ ടീ (മധുരം ചേര്‍ക്കരുത്) ദിവസവും കഴിക്കുന്നതും നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കും.
Also Read:- എപ്പോഴും വയറ് കേടാണോ? പരിഹാരമുണ്ട്; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-