Healthy Sperm : പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; 'സ്പേം കൗണ്ട്' വർദ്ധിപ്പിക്കാൻ ആറ് സൂപ്പർ ഫുഡുകൾ
ശരിയായതും പോഷകപ്രദവുമായ ഭക്ഷണക്രമം പിന്തുടരുന്നത് വന്ധ്യത പ്രശ്നം ഒരു പരിധി വരെ തടയാൻ സഹായിക്കും. ചില ഭക്ഷണങ്ങൾ ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുകയും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾ വന്ധ്യത പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ആഗോളതലത്തിൽ തന്നെ വന്ധ്യത പ്രശ്നം ( infertility cases ) വർധിച്ചുവരുന്നതായി പഠനങ്ങൾ പറയുന്നു. പാരിസ്ഥിതികമായ ഘടകങ്ങൾ, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികൾ, അസുഖങ്ങൾ എന്നിവയെല്ലാം പുരുഷന്മാരിൽ വന്ധ്യത പ്രശ്നത്തിന് കാരണമാകുന്നു.
നേരത്തേ കണ്ടെത്തുകയാണെങ്കിൽ ഒരു പരിധി വരെ വന്ധ്യയ്ക്ക് പരിഹാരം കണ്ടെത്താനാകും. വന്ധ്യത പ്രശ്നം തടയാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരിയായതും പോഷകപ്രദവുമായ ഭക്ഷണക്രമം പിന്തുടരുന്നത് വന്ധ്യത പ്രശ്നം ഒരു പരിധി വരെ തടയാൻ സഹായിക്കും. ചില ഭക്ഷണങ്ങൾ ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുകയും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങൾ...
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോളിമൈൻ പുട്രെസിൻ (polyamine putrescine) സംയുക്തം അടങ്ങിയിട്ടുണ്ട്.
ചീസ്...
ചീസുകൾ ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചീസിൽ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോളിമൈൻ പുട്രെസിൻ അടങ്ങിയിട്ടുണ്ട്. നട്സുകൾ, പഴങ്ങൾ എന്നിവയ്ക്കൊപ്പം ചീസ് കഴിക്കാം.
തക്കാളി...
പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ എന്ന പോഷകം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. വേവിച്ച തക്കാളി പ്രത്യുൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ഗുണം ചെയ്യും. തക്കാളി സൂപ്പായോ സാലഡിനൊപ്പമോ കഴിക്കാം. ലൈക്കോപീൻ സപ്ലിമെന്റേഷൻ പുരുഷ വന്ധ്യതയ്ക്കുള്ള ചികിത്സയായി പോലും ഗവേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. 8 മുതൽ 12 മാസം വരെ പ്രതിദിനം 4mg മുതൽ 8mg വരെ ലൈക്കോപീൻ സപ്ലിമെന്റ് ശരീരത്തിലെത്തുന്നത് ശുക്ലത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗർഭധാരണ നിരക്ക് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കിയതായി അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു.
പയർവർഗങ്ങൾ...
ബീൻസ്, പയർ എന്നിവ ഫൈബറിന്റെയും ഫോളേറ്റിന്റെയും മികച്ച ഉറവിടമാണ്, ഇവ രണ്ടും ആരോഗ്യകരമായ ഹോർമോൺ ബാലൻസ് നിലനിർത്താൻ നിർണായകമാണ്. പയറിൽ ഉയർന്ന അളവിലുള്ള പോളിമൈൻ സ്പെർമിഡിൻ അടങ്ങിയിട്ടുണ്ട്, ഇത് ബീജത്തെ അണ്ഡത്തെ ബീജസങ്കലനം ചെയ്യാൻ സഹായിക്കും. പയറിലും ബീൻസിലും പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ അണ്ഡോത്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
മാതളനാരങ്ങ...
മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മാതളനാരങ്ങയ്ക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സെക്‌സ് ഡ്രൈവും മാനസികാവസ്ഥയും വർദ്ധിപ്പിക്കാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു.
സൂര്യകാന്തി വിത്തുകൾ...
സൂര്യകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫോളേറ്റ്, സെലിനിയം എന്നിവയും സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗമാണ് സൂര്യകാന്തി വിത്തുകൾ.