ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം നല്ല കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങൾ
ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് അമിതഭാരം നിയന്ത്രിക്കുന്നതിൽ പലപ്പോഴും വില്ലനാകുന്നത്. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല.
കൊഴുപ്പ് എന്ന് കേൾക്കുന്നത് പലർക്കും ഭയമാണ്. ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് അമിതഭാരം നിയന്ത്രിക്കുന്നതിൽ പലപ്പോഴും വില്ലനാകുന്നത്. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. പ്രധാനമായി മൂന്ന് തരം കൊഴുപ്പുകളുണ്ട്.
പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് ഫാറ്റ്), അപൂരിത കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും) ട്രാൻസ് ഫാറ്റ് എന്നിവ. പൂരിത കൊഴുപ്പിനെ ‘മോശം കൊഴുപ്പ്’ എന്നും വിളിക്കുന്നു. പൂരിത കൊഴുപ്പുകൾ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
എന്നാൽ ചില കൊഴുപ്പുകൾ ശരീരത്തിന് ദോഷം ചെയ്യുന്നില്ലെങ്കിലും ശരീരത്തിന് നല്ല ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ ഘടകങ്ങൾ നൽകുന്നു. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
വാൾനട്ട്...
വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
അവോക്കാഡോ...
അവോക്കാഡോയിലെ കൊഴുപ്പ് ശരീരത്തിന് നല്ലതാണ്, ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവോക്കാഡോ മികച്ചതാണ്.
എള്ള്...
എള്ളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും.
നെയ്യ്...
ശരീരത്തെ ആരോഗ്യകരമായ കൊഴുപ്പുകളാൽ പോഷിപ്പിക്കുന്ന മറ്റൊരു പ്രധാന ഭക്ഷണമാണ് നെയ്യ്. ദിവസവും ഒരു ടേബിൾ സ്പൂൺ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നല്ല കൊഴുപ്പ് അടങ്ങിയ നെയ്യ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഫാറ്റി ഫിഷ്...
സാൽമൺ, ട്യൂണ എന്നിവയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാൻ ഫാറ്റി ഫിഷ് സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്...
ഡാർക്ക് ചോക്ലേറ്റുകളിൽ ആരോഗ്യകരമായ അളവിൽ നല്ല കൊഴുപ്പ് ഉണ്ട്. മാത്രമല്ല ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.