Belly Fat : മധുരം കുറച്ചാല്‍ വയര്‍ കുറയ്ക്കാന്‍ സാധിക്കുമോ? അറിയാം...
വയര്‍ കുറയ്ക്കണമെങ്കില്‍ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റും വര്‍ക്കൗട്ടും ജീവിതരീതിയുമെല്ലാം (മദ്യപാനവും പുകവലിയും അടക്കമുള്ള ശീലങ്ങള്‍ ഉള്‍പ്പെടെ) ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ചില കാര്യങ്ങള്‍ മാത്രം പരിശീലിച്ച് വയര്‍ കുറയ്ക്കാമെന്ന് കരുതരുത്
അമിതവണ്ണമുള്ളവരില്‍ വലിയൊരു വിഭാഗം പേര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും ( Obesity Health Issues ) അസുഖങ്ങളും പതിവായി തലവേദന സൃഷ്ടിക്കാറുണ്ട്. ശരീരപ്രകൃതിക്ക് അനുയോജ്യമല്ലാത്ത വിധത്തില്‍ വണ്ണം കൂടിയ, പ്രത്യേകിച്ച് ജീവിതരീതികളിലെ പിഴവുകള്‍ ( Lifestyle Mistakes ) മൂലം വണ്ണം കൂടിയ ആളുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയും കാണാറ്.
വണ്ണം കുറയ്ക്കുകയെന്നത് നിസാരമായൊരു ജോലിയും അല്ല. ആകെ ശരീരവണ്ണം കുറയ്ക്കുന്നതിനെക്കാള്‍ എത്രയോ മടങ്ങ് പ്രയാസമാണ് വയറ് കുറയ്ക്കുകയെന്നത്. ചിലരില്‍ ശരീരത്തിന് അത്ര വണ്ണമില്ലാതിരിക്കുകയും വയര്‍ മാത്രം കൂടിയിരിക്കുകയും ചെയ്യാറുണ്ട്. ഇവര്‍ക്ക് പ്രത്യേകം ഡയറ്റും വര്‍ക്കൗട്ടും തന്നെ വേണ്ടിവരാം.
ആബ്‌സിന് വേണ്ടിയുള്ള വര്‍ക്കൗട്ടാണ് വയര്‍ കുറയ്ക്കാന്‍ അധികവും ചെയ്യേണ്ടത്. ഇത് അല്‍പം ഗൗരവമായ രീതിയില്‍ തന്നെ പതിവായി ചെയ്യേണ്ടിവരാം. ഇതോടൊപ്പം ഡയറ്റിലും ചിലത് ശ്രദ്ധിക്കാനുണ്ട്. ഡയറ്റ് ശ്രദ്ധിക്കുന്നതോടെ വര്‍ക്കൗട്ടിന് കൂടുതല്‍ എളുപ്പത്തില്‍ ഫലം കാണാം. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വര്‍ക്കൗട്ട് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ യോഗ പരിശീലനം ചെയ്യുകയാണെങ്കില്‍ അത് വയര്‍ കുറയ്ക്കുന്നതിന് ഏറെ സഹായകമായിരിക്കും. ഇതിനും പ്രത്യേക വിഭാഗത്തില്‍ പെടുന്ന യോഗാസനങ്ങള്‍ തന്നെ ചെയ്യണം. നൗകാസന, ബുജംഗാസന, ധനുരാസന എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയെല്ലാം തന്നെ പതിവായി ചെയ്‌തെങ്കില്‍ മാത്രമേ ഫലം ലഭിക്കൂ.
രണ്ട്...
മധുരം കുറയ്ക്കുന്നതിലൂടെ വയര്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആക്കപ്പെടുത്താം. വര്‍ക്കൗട്ടോ, മറ്റ് ഡയറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ മധുരം മാത്രം കുറച്ചത് കൊണ്ടായില്ല. എങ്കിലും മധുരം കുറയ്ക്കുന്നത് വലിയ രീതിയില്‍ തന്നെ വയറില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കും. പഞ്ചസാര മാത്രമല്ല മധുര പാനീയങ്ങള്‍, ഡിസേര്‍ട്ട്‌സ്, പലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ്‌സ്, പാക്കേജ്ഡ് ഫ്രൂട്ടസ് ജ്യൂസ്, സോഡ എന്നിവയെല്ലാം കഴിവതും ഒഴിവാക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.
മൂന്ന്...
ഡയറ്റില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതും വയര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും അതുമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തടയാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് സഹായിക്കും. മുട്ട, ചിക്കന്‍, മത്സ്യം, നട്ടസ്, പയറുവര്‍ഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താം. എല്ലാം മിതമായ അളവിലേ കഴിക്കാവൂ.
നാല്...
രാവിലെ ഉണര്‍ന്നയുടന്‍ വെറുംവയറ്റില്‍ കഴിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവയും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ചെറുനാരങ്ങ നീരും തേനും ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം, ഗ്രീന്‍ ടീ ജീരക വെള്ളം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
അഞ്ച്...
കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അകത്തുചെല്ലുന്നത് വയര്‍ കൂടാന്‍ കാരണമാകും. അതിനാല്‍ കാര്‍ബ് കുറവുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. റിഫൈന്‍ഡ് കാര്‍ബ്‌സ് കഴിവതും ഒഴിവാക്കുക. പകരം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. കാര്‍ബ് വലിയ അളവില്‍ അടങ്ങിയൊരു ഭക്ഷണമാണ് ചോറ്. ചോറിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.
വയര്‍ കുറയ്ക്കണമെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റും വര്‍ക്കൗട്ടും ജീവിതരീതിയുമെല്ലാം (മദ്യപാനവും പുകവലിയും അടക്കമുള്ള ശീലങ്ങള്‍ ഉള്‍പ്പെടെ) ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ചില കാര്യങ്ങള്‍ മാത്രം പരിശീലിച്ച് വയര്‍ കുറയ്ക്കാമെന്ന് കരുതരുത്. എല്ലാ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. വയര്‍ കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നും മനസിലാക്കുക. പല അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇത് നമ്മെ സഹായിക്കും.
Also Read:- വണ്ണമുള്ളവര്‍ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതോ?