കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
പുകവലി, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം), മദ്യം, സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, അണുബാധകൾ, സമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങൾ ക്യാൻസറിനുള്ള അപകട ഘടകങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു.
ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമാണ് കാൻസർ. ഓരോ വർഷം കഴിയുന്തോറും കാൻസർ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2040 ആകുമ്പോഴേക്കും പ്രതിവർഷം പുതിയ കാൻസർ കേസുകളുടെ എണ്ണം 29.5 ദശലക്ഷമായും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 16.4 ദശലക്ഷമായും ഉയരുമെന്ന് കരുതുന്നതായി Cancer.gov റിപ്പോർട്ട് ചെയ്തു.
' കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ പരിസ്ഥിതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. മിക്ക ക്യാൻസറുകളുടെയും മൂലകാരണം പരിസ്ഥിതിയും ജീവിതശൈലിയിമാണ്...' - നാഷണൽ ലൈബ്രറി ഓഫ് മെഡിസിനറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
പുകവലി, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ), മദ്യം, സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, അണുബാധകൾ, സമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങൾ ക്യാൻസറിനുള്ള അപകട ഘടകങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു.
അർബുദവുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളിലും ഏതാണ്ട് 25-30% പുകയില മൂലമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. 30-35% വരെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 15-20% അണുബാധകൾ മൂലമാണ്, ബാക്കിയുള്ള ശതമാനം കാരണം റേഡിയേഷൻ, സമ്മർദ്ദം, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയാണെന്നും പഠനങ്ങൾ പറയുന്നു.
ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള വഴികൾ പങ്കുവയ്ക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ.സന്ദീപ് നായക്.
'നൂറ്റാണ്ടുകളായി മനുഷ്യരാശിയെ ബാധിക്കുന്ന ഒരു രോഗമാണ് കാൻസർ. വൈദ്യശാസ്ത്രത്തിലെ പുരോഗതി അത് കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നമ്മുടെ കഴിവിനെ വളരെയധികം മെച്ചപ്പെടുത്തിയിരിക്കെ, ക്യാൻസർ ഉണ്ടാകുന്നത് തടയുക എന്നത് രോഗത്തെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ചില ജീവിതശൈലി മാറ്റങ്ങൾ അപകടസാധ്യത കുറയ്ക്കും...' - ഡോ.നായക് പറയുന്നു.
കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ...
ഒന്ന്...
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ നിർണായകമാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയതും സംസ്കരിച്ച ഭക്ഷണങ്ങളും ചുവന്ന മാംസവും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും പലതരം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. അതേസമയം സംസ്കരിച്ച ഭക്ഷണങ്ങളും ചുവന്ന മാംസവും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച്, ബ്രോക്കോളി, കോളിഫ്ലവർ അടങ്ങിയ ഭക്ഷണത്തിന് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രണ്ട്...
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് വ്യായാമം അത്യാവശ്യമാണ്. സ്തനാർബുദം, വൻകുടൽ അർബുദം ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലെയുള്ള മിതമായ ഏതെങ്കിലും വ്യായാമം പ്രതിദിനം 30 മിനുട്ട് ചെയ്യുക. സ്ഥിരമായ വ്യായാമം കാൻസർ സാധ്യത കുറയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മൂന്ന്...
ലോകമെമ്പാടുമുള്ള മരണങ്ങളുടെ മറ്റൊരു പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. മാത്രമല്ല ക്യാൻസർ മരണങ്ങളിൽ പകുതിയോളം കാരണവുമാണ്. ക്യാൻസർ സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. വായിലെയും ശ്വാസകോശത്തിലെയും ക്യാൻസറിന് പുറമേ, മൂത്രസഞ്ചി, പാൻക്രിയാസ്, തൊണ്ടയിലെ കാൻസർ എന്നിവയുൾപ്പെടെ മറ്റ് പലതരം ക്യാൻസറുകളുടെ അപകടസാധ്യത പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാല്...
അമിതമായ മദ്യപാനം സ്തനാർബുദം, വൻകുടൽ, കരൾ അർബുദം എന്നിവയുൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്യാൻസറിന് പുറമേ, അമിതമായ മദ്യപാനം കരൾ രോഗങ്ങളും ഹൃദ്രോഗവും ഉൾപ്പെടെയുള്ള മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
അഞ്ച്...
ത്വക്ക് ക്യാൻസർ തടയുന്നതിന് സൂര്യനിൽ നിന്നുള്ള സംരക്ഷണം അത്യാവശ്യമാണ്. സ്വയം പരിരക്ഷിക്കുന്നതിന്, കുറഞ്ഞത് 30 SPF ഉള്ള ഒരു സൺസ്ക്രീൻ ഉപയോഗിക്കുക. സംശയാസ്പദമായ മോളുകളോ പാടുകളോ കണ്ടാൽ ഡെർമറ്റോളജിസ്റ്റിനെക്കൊണ്ട് പരിശോധിക്കേണ്ടതും പ്രധാനമാണ്.
അടിവയറ്റിലെ കൊഴുപ്പിനെ ഒതുക്കാൻ ഒറ്റ പാനീയം...