ദിവസവും ഏറെ നേരം ട്രാഫിക്കില്‍ കിടക്കുന്നതും യാത്ര ചെയ്യുന്നതും നിങ്ങളിലുണ്ടാക്കുന്ന 'നെഗറ്റീവ്' മാറ്റങ്ങള്‍
ദിവസവും ഇങ്ങനെ യാത്ര ചെയ്തും, ട്രാഫിക്കില്‍ കുടുങ്ങിക്കിടന്നും ഏറെ സമയം ചിലവിടുന്നവരാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പലരും ജോലിക്കായും പഠനത്തിനായും ദിവസവും ഏറെ ദൂരം യാത്ര ചെയ്യാറുണ്ട്. ഇനി, ദൂരം കുറവാണെങ്കിലും ചിലയിടങ്ങളിലും രൂക്ഷമായ ട്രാഫിക്ക് ഉണ്ടാകുമെന്നതിനാല്‍ അത്രയും സമയം യാത്രയ്ക്ക് വേണ്ടി മാറ്റിവയ്ക്കേണ്ടിവരും. അധികവും ജോലിക്ക് വേണ്ടി തന്നെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ യാത്രയും ട്രാഫിക്കും അതിന്‍റെ പ്രയാസങ്ങളുമെല്ലാം മിക്കവരും ജീവിതത്തിന്‍റെ ഭാഗമായി എടുത്തുകഴിഞ്ഞിരിക്കും.
എന്നാല്‍ ദിവസവും ഇങ്ങനെ യാത്ര ചെയ്തും, ട്രാഫിക്കില്‍ കുടുങ്ങിക്കിടന്നും ഏറെ സമയം ചിലവിടുന്നവരാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
റോഡിലെ സ്ട്രെസ് ആണ് ഇതില്‍ ഏറ്റവും പ്രധാനമായി പറയുന്നത്. 'യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ' നടത്തിയൊരു പഠനപ്രകാരം ദിവസവും ജോലിക്കും മറ്റുമായി അധികം സമയം യാത്രയ്ക്കായി ചിലവിടുന്നവരില്‍ ഇതിന്‍റെ ഭാഗമായി സ്ട്രെസ്, തളര്‍ച്ച, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കാണുന്നുവെന്നാണ്. ചിലരില്‍ ഇത് ലോകത്തോട് തന്നെ വൈരാഗ്യമോ വിരക്തിയോ തോന്നുന്ന മാനസികാവസ്ഥയ്ക്ക് വരെ കാരണമാകുന്നതായി ഇതേ പഠനം പറയുന്നു.
ഇവരുടെ ജോലിയിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രശ്നങ്ങളും, അസംതൃപ്തിയും കാണാമെന്നും വിദഗ്ധര്‍ പറയുന്നു. എന്നുവച്ചാല്‍ ജോലിയിലും തിളങ്ങാൻ സാധിക്കില്ല. അതേസമയം സ്വന്തം സമയത്തും സന്തോഷം കാണാൻ സാധിക്കില്ല. സ്ഥിരമായ ഈ അസംതൃപ്തിയും സമ്മര്‍ദ്ദവും ക്രമേണ മാനസികാരോഗ്യത്തെ തകര്‍ക്കുമെന്നതാണ് വലിയ വസ്തുത. പലര്‍ക്കും ഈ സ്ട്രെസൊന്നും താങ്ങാനോ കൈകാര്യം ചെയ്യാനോ സാധിക്കില്ല. അവരാണ് കൂടുതല്‍ വേഗതയില്‍ പ്രശ്നത്തിലാകുക.
അതേസമയം മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും നിത്യവും ചെയ്യുന്ന യാത്ര ബാധിക്കുന്നു. അമിതവണ്ണം, പ്രമേഹം, ബിപി, പേശീസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് കാരണമാകാം.
ഇതിനെല്ലാം പുറമെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇഷ്ടമുള്ളത്ര സമയം ചിലവിടാൻ സാധിക്കാത്തതും ധാരാളം പേരെ മാനസികമായി ബാധിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതും ക്രമേണ കരിയറിനെ ബാധിക്കുന്നു.
സ്ട്രെസിനെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക, മൈൻഡ്‍ഫുള്‍ ആയി ഇരുന്ന് ഉത്കണ്ഠയെ അകറ്റുക, പ്രധാനമായും സമയത്തെ മാനേജ് ചെയ്യുക- എല്ലാമാണ് ദിവസവും യാത്ര നിര്‍ബന്ധമായവര്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍.
Also Read:- അല്‍ഷിമേഴ്സിന് കാരണമാകുന്ന ചികിത്സ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-