പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു; 'മിനി ലോക്ഡൗണുകള്‍' ആവശ്യപ്പെട്ട് വിദഗ്ധര്‍

സ്ഥിതിഗതികള്‍ അല്‍പം ആശങ്ക പടര്‍ത്തുന്നതാണെന്നാണ് ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതും സമീപഭാവിയിലും അവസ്ഥ മോശമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍

experts asks for mini lockdowns as covid cases are increasing

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്താദ്യമായി ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. മഹാമാരിയെത്തി ഒരു വര്‍ഷം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒറ്റ ദിവസത്തിനകം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. 

സ്ഥിതിഗതികള്‍ അല്‍പം ആശങ്ക പടര്‍ത്തുന്നതാണെന്നാണ് ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതും സമീപഭാവിയിലും അവസ്ഥ മോശമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. 

ഇതിനിടെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 'മിനി ലോക്ഡൗണുകള്‍' ഏര്‍പ്പെടുത്തണമെന്നാണ് ഒരു സംഘം വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. രാജ്യം ഒട്ടാകെ പ്രഖ്യാപിക്കുന്ന ലോക്ഡൗണിന് പകരം കേസുകള്‍ ഏറ്റവുമധികം വരുന്ന പ്രദേശങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെയാണ് 'മിനി ലോക്ഡൗണ്‍' കൊണ്ട് ഉദ്ദേശിക്കുന്നത്. 

'കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലകള്‍ പട്ടികപ്പെടുത്തണം. അവിടങ്ങളില്‍ മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിക്കണം. ലോക്ഡൗണിനോട് പിന്തിരിഞ്ഞുനിന്നിട്ട് കാര്യമില്ല. ദേശീയതലത്തില്‍ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കുക സാധ്യമല്ല. പക്ഷേ പ്രാദേശികമായി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അവയെ കടുത്ത നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരണം. നിലവിലെ സാഹചര്യങ്ങള്‍ അല്‍പം ആശങ്കപ്പെടുത്തുന്നതാണ്...'- ദില്ലി എയിംസ് മേധാവിയും കേന്ദ്രസര്‍ക്കാരിന്റെ 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' അംഗവുമായി ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

പത്ത് സംസ്ഥാനങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത്. മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും കൊവിഡ് കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ മോശമായി വരികയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും ഉടനെ കേന്ദ്രത്തില്‍ നിന്ന് പ്രത്യേകസംഘത്തെ അയക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

Also Read:- ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തൂ; കൊവിഡ് കാലത്ത് വോട്ടെടുപ്പിന് പോകുമ്പോൾ അറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios