സ്ട്രെസും ഉറക്കമില്ലായ്മയും കൂട്ടത്തില്‍ ആരോടും ഇടപഴകാതിരിക്കലും; ഈ ശീലങ്ങളുണ്ടോ?
ക്ഷീണമാണ് എന്ന് പറഞ്ഞ് കിടക്കുകയോ വെറുതെ ഫോണ്‍ നോക്കിയിരിക്കുകയോ എല്ലാം ചെയ്യുന്നവരുടെ എണ്ണം ഇന്ന് വീടുകളില്‍ കൂടുതലായിരിക്കും. എന്താണ് ഇങ്ങനെ എല്ലായ്പോഴും ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നത്?
മനുഷ്യരുടെ ജീവിതരീതികളില്‍ ഓരോ കാലഘട്ടത്തിലും അതിന്‍റേതായ മാറ്റങ്ങള്‍ കാണാറുണ്ട്. ഇന്ന് ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍ അടക്കമുള്ള ഗാഡ്‍ഗെറ്റുകളാണ് വലിയൊരു പരിധി വരെ നമ്മെ നിയന്ത്രിക്കുന്നതെന്ന് പറയാം. പോസിറ്റീവായ രീതിയില്‍ ഈ സൗകര്യങ്ങളെ ഉപയോഗപ്പെടുത്താം. അതുപോലെ തന്നെ നെഗറ്റീവായ വശങ്ങളുമുണ്ട്.
എപ്പോഴും ക്ഷീണമാണ് എന്ന് പറഞ്ഞ് കിടക്കുകയോ വെറുതെ ഫോണ്‍ നോക്കിയിരിക്കുകയോ എല്ലാം ചെയ്യുന്നവരുടെ എണ്ണം ഇന്ന് വീടുകളില്‍ കൂടുതലായിരിക്കും. എന്താണ് ഇങ്ങനെ എല്ലായ്പോഴും ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നത്? മാറിവന്ന ജീവിതസാഹചര്യങ്ങളില്‍ ചില ദുശ്ശീങ്ങള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിട്ടുണ്ടാകാം. അവ തന്നെയാണ് ക്ഷീണത്തില്‍ നിങ്ങളെ സദാസമയവും മുക്കിവയ്ക്കുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതും പരിഹരിക്കേണ്ടതുമായ ചില ദുശ്ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആദ്യമായി സ്മാര്‍ട് ഫോണ്‍- മറ്റ് സ്ക്രീൻ സമയം പരിമിതപ്പെടുത്തുക. ജോലി- പഠനാവശ്യങ്ങള്‍ക്ക് പുറമെ ദിവസത്തില്‍ ഫോണില്‍ ചിലവിടുന്ന സമയത്തിനെ നിജപ്പെടുത്തുക. പ്രത്യേകിച്ച് രാത്രിയില്‍.
രണ്ട്...
ഗാഡ്‍ഗെറ്റ് ഉപയോഗം അമിതമാകുന്നതിനെ തുടര്‍ന്ന് മിക്കവരെയും പിടികൂടുന്ന മറ്റൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. രാത്രിയില്‍ ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം തുടര്‍ച്ചയായി നമുക്ക് ലഭിച്ചെങ്കില്‍ മാത്രമേ തലച്ചോറിന്‍റെ പ്രവര്‍ത്തനം അടക്കം ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കൂ. അതിനാല്‍ ഉറക്കമില്ലായ്മയുണ്ടെങ്കില്‍ അത് പരിഹരിക്കണം.
മൂന്ന്...
അലസമായ ജീവിതരീതിയുടെ മറ്റൊരു ലക്ഷണമാണ് സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത്. സമയാസമയം ഭക്ഷണം കഴിച്ച് ശീലിക്കണം. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെയാണ് കഴിവതും കഴിക്കേണ്ടത്.
നാല്...
കായികമായി എന്തെങ്കിലും ജോലി ദിവസവും ചെയ്യണം. വ്യായാമമോ, ഓട്ടം- നടത്തം- നീന്തല്‍- സൈക്ലിംഗ് പോലുള്ള കാര്യങ്ങളോ, കായികവിനോദങ്ങളോ അങ്ങനെ എന്തുമാകാം ചെയ്യുന്നത്. ദിവസത്തില്‍ 45 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും കായികാധ്വാനമുണ്ടായിരിക്കണം.
അഞ്ച്...
മത്സരാധിഷ്ടിതമായ ഇന്നിന്‍റെ ലോകത്തില്‍ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് സ്ട്രെസ്. പതിവായി സ്ട്രെസ് അനുഭവിക്കുന്നതും തീര്‍ച്ചയായും ജീവിതത്തെ ദോഷകരമായി ബാധിക്കും. എപ്പോഴും ക്ഷീണം എന്നതില്‍ കവിഞ്ഞ് മാനസിക- ശാരീരികാരോഗ്യത്തെ വളരെയധികം ബാധിക്കാൻ സ്ട്രെസ് കാരണമാകും.
ആറ്...
ആരോടും ഇടപഴകാതെ എപ്പോഴും വീട്ടിലോ അവനവന്‍റെ മുറിയിലോ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതും ഉന്മേഷം കെടുത്തുന്ന ശീലമാണ്. ചുരുക്കം പേരുമായെങ്കിലും സൗഹൃദം സൂക്ഷിക്കുക. അവരെ കാണാൻ പോകാം. വെറുതെ പുറത്തിറങ്ങി നടക്കാം. സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം. കലാ-സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം. ഇങ്ങനെ സ്വയം സജീവമാകാൻ ഉതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിര്‍ബന്ധമായും ജീവിതത്തിലുണ്ടായിരിക്കണം.
ഏഴ്...
വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്നൊരു പ്രശ്നമാണ് ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കുന്നില്ല എന്നത്. ഇതും ഊര്‍ജ്ജം കെടുത്താൻ കാരണമാകും. എപ്പോഴും തളര്‍ച്ച, നിരാശ എന്നിവ അനുഭവപ്പെടുന്നതിലേക്ക് ഇത് നയിക്കും.
എട്ട്...
ഉന്മേഷമില്ലെന്ന കാരണം പറഞ്ഞ് ഇടയ്ക്കിടെ കാപ്പിയോ ചായയോ കഴിക്കുന്ന ശീലവും നല്ലതല്ല. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കാപ്പിയോ ചായയോ കഴിക്കാം. അതും മധുരം ശ്രദ്ധിക്കുന്നുവെങ്കില്‍ അത്രയും നല്ലത്. മറ്റ് ഭക്ഷണപാനീയങ്ങളിലൂടെയും അധികം മധുരം അകത്തെത്തുന്നതും ഉന്മേഷമില്ലായ്മയിലേക്ക് നയിക്കാം. നന്നായി വെള്ളം കുടിക്കണം. ശരീരത്തില്‍ ജലാംശമില്ലെങ്കിലും എപ്പോഴും തളര്‍ച്ച തോന്നാം. വെള്ളം കാര്യമായി കുടിക്കാതെ കാപ്പിയും ചായയും അടിക്കടി കഴിക്കുന്നത് ആരോഗ്യത്തിന് നല്ല പ്രശ്നമാണെന്ന് മനസിലാക്കുക.
Also Read:- മുപ്പത് വയസിന് മുമ്പ് ആദ്യത്തെ കുഞ്ഞ് ജനിച്ചാല്‍ ആരോഗ്യത്തിന് കൈവരുന്ന സുരക്ഷ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-