അമിതമായി കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമോ?
അമിതമായി ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് നമുക്കറിയാം. അങ്ങനെ കാപ്പി, അമിതമാവുകയാണെങ്കില്‍ നമ്മളില്‍ സംഭവിക്കാവുന്ന അഞ്ച് തരം 'നെഗറ്റീവ്' ഫലങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്
കാപ്പിയും ചായയും നമ്മുടെയെല്ലാം ഇഷ്ടപാനീയങ്ങളാണ്. ദിവസം തുടങ്ങുന്നത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം നമ്മള്‍ അകത്താക്കാറുണ്ട്, അല്ലേ? എന്നാല്‍ ഒരല്‍പം ക്ഷീണം തോന്നുമ്പോഴേക്ക്, മാനസികമായി ഒന്ന് 'ഡൗണ്‍' ആകുമ്പോഴേക്ക്, വിരസത അനുഭവപ്പെടുമ്പോഴേക്ക് ചായയിലും കാപ്പിയിലുമെല്ലാം തുടര്‍ച്ചയായി അഭയം പ്രാപിക്കുന്നവരും നമുക്കിടയിലുണ്ട്.
ഇത്തരത്തില്‍ അമിതമായി ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് നമുക്കറിയാം. അങ്ങനെ കാപ്പി, അമിതമാവുകയാണെങ്കില്‍ നമ്മളില്‍ സംഭവിക്കാവുന്ന അഞ്ച് തരം 'നെഗറ്റീവ്' ഫലങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്.
ഒന്ന്...
കാപ്പി അധികം കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കഫീനും അമിതമായി ശരീരത്തിലെത്തുന്നു.
ഇത് 'ഇന്‍സോമ്‌നിയ' അഥവാ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ എത്തിച്ചേക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
രണ്ട്...
കാപ്പി അധികമാകുന്നത്, ഉത്കണ്ഠയിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഫീന്‍ ഹോര്‍മോണുകളെ സ്വാധീനിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ നിരാശയോ മാനസിക സമ്മര്‍ദ്ദങ്ങളോ അനുഭവപ്പെട്ടാല്‍ ഉടനെ കാപ്പിയെ ആശ്രയിക്കുന്ന ശീലം ഉപേക്ഷിക്കാം.
മൂന്ന്...
ചിലരില്‍ കാപ്പി അമിതമാകുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം. വയര്‍ കെട്ടിവീക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരക്കാര്‍, കൂടുതലായി ഹെര്‍ബല്‍ ചായകളെ ആശ്രയിക്കുന്നതാണ് ഉത്തമം.
നാല്...
രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ അമിതമായി കാപ്പി കഴിച്ചാല്‍ അത് ആരോഗ്യാവസ്ഥയെ ഒന്നുകൂടി മോശമാക്കും.
രക്തസമ്മര്‍ദ്ദം ഉയരാന്‍ കഫീന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലിത് താല്‍ക്കാലികമായ മാറ്റമായിരിക്കും.
അഞ്ച്...
ഊര്‍ജ്ജത്തിനും ഉണര്‍വ്വിനും വേണ്ടി കാപ്പിയെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. അതേസമയം കാപ്പി അധികമായാല്‍ നേര്‍ വിപരീത ഫലമാണ് ഉണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത്, കാപ്പി അധികമാകുമ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടേക്കാം എന്ന്.
Also Read:- രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിച്ചോ? എന്തുകൊണ്ട് ഈ ചോദ്യം!...