ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്...
ചായ അഥവാ തേയില ശരീരത്തിന് ദോഷമോ നല്ലതോ എന്ന വിഷയത്തില്‍ പല തരത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. ഇവയെല്ലാം തന്നെ പല തരത്തിലുള്ള നിഗമനങ്ങളാണ് ഒടുവില്‍ പങ്കുവയ്ക്കാറുള്ളതും
ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള പാനീയമാണ് ചായ എന്ന് നിസംശയം പറയാം. മറ്റ് വൈവിധ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ ചായയോടുള്ള പ്രിയം ഏവരെയും ഒരേ നൂലില്‍ കെട്ടുന്നു. ചായ ഇഷ്ടമില്ലാത്തവരും ചായ കുടിക്കാത്തവരും അപൂര്‍വമാണ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചായ ഒഴിവാക്കിയവര്‍ കാണും. അങ്ങനെയുള്ള ജാഗ്രതയുടെ പേരില്‍ ചായ ചുരുക്കിയവരും കാണും. പക്ഷേ ചായയോട് ഇഷ്ടമുള്ളവരും, ചായ ഇല്ലാതെ പറ്റില്ല എന്നുള്ളവരും തന്നെ കൂടുതലും.
എന്നാല്‍ ചായയോടുള്ള ഈ ഭ്രമം നല്ലതല്ലെന്നും, ചായ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നുമെല്ലാമുള്ള ഉപദേശങ്ങള്‍ ചായപ്രേമികള്‍ നിത്യവും കേള്‍ക്കുന്നതാണ്. സത്യത്തില്‍ ചായ അത്ര പ്രശ്നമാണോ?
ഇതിന് ഒറ്റവാക്കിലൊരു ഉത്തരം നല്‍കല്‍ പ്രയാസമാണ്. ചായയില്‍ ചേര്‍ക്കുന്ന പഞ്ചസാര, പാല്‍ എന്നിവയാണ് ആരോഗ്യത്തിന് ദോഷകരമായി ഏറെയും കണക്കാക്കുന്നത്. അതേസമയം തേയിലയെ ചൊല്ലി അത്രകണ്ട് പരാതികള്‍ കേള്‍ക്കാറില്ല. എങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്ന പേടി ചായ പ്രേമികള്‍ക്കെല്ലാം ഉള്ളതാണ്.
ചായ അഥവാ തേയില ശരീരത്തിന് ദോഷമോ നല്ലതോ എന്ന വിഷയത്തില്‍ പല തരത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. ഇവയെല്ലാം തന്നെ പല തരത്തിലുള്ള നിഗമനങ്ങളാണ് ഒടുവില്‍ പങ്കുവയ്ക്കാറുള്ളതും. ഇപ്പോഴിതാ ചായയെ കുറിച്ച് ചൈനയില്‍ നടന്നൊരു പഠനത്തിന്‍റെ നിരീക്ഷണങ്ങളാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്.
ദിവസത്തില്‍ മൂന്ന് ചായ കഴിക്കുന്നവരില്‍ പ്രായം ബാധിക്കുന്നത് പതുക്കെയായിരിക്കും എന്നാണിവരുടെ കണ്ടെത്തല്‍. 'ദ ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്- വെസ്റ്റേണ്‍ പസഫിക്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ചൈനയിലെ ഷെങ്‍ഡുവിലുള്ള 'സിചുവാൻ യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ഏതാണ്ട് പതിനായിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ ചായ കുറവ് കഴിക്കുന്നവരില്‍ ക്രമേണ എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥ കണ്ടെത്തിയെന്നും, അതേസമയം ദിവസം മൂന്ന് ചായ കുടിക്കുന്നവരില്‍ പ്രായം തോന്നിക്കുന്നത് മന്ദഗതിയിലാണെന്ന് കണ്ടെത്തിയെന്നും പഠനം വിശദമാക്കുന്നു. 37- 73 പ്രായമുള്ളവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്.
ചായ കുടിക്കുന്നതിന്‍റെ പേരില്‍ ആരോഗ്യപരമായ ഗുണം നേടിയവരില്‍ അധികവും പുരുഷന്മാരായിരുന്നുവത്രേ. ഇവരില്‍ ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ പോലുള്ള പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു. സാധാരണഗതിയില്‍ ചായയോ കാപ്പിയോ അധികം കഴിച്ചാല്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും ബാധിക്കുമെന്ന് പറയപ്പെടാറുണ്ട്.
മൂന്ന് കപ്പ് ചായ എന്ന് പറയുമ്പോള്‍ ഏകദേശം 6-8 ഗ്രാം തേയില. ദിവസവും ഇത്രയും തേയില ഉപയോഗിക്കുന്നത് നമ്മുടെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നാണ് ചുരുക്കത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഈ പഠനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന വാദമുയര്‍ന്നിട്ടുണ്ട്. ഇത് നിരീക്ഷണാത്മകമായ പഠനമാണെന്നും വാദമുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനമുണ്ടാകേണ്ടതുണ്ട്.
നേരത്തെ വന്നിട്ടുള്ള ചില പഠനറിപ്പോര്‍ട്ടുകളുമായി ഈ പഠനറിപ്പോര്‍ട്ടിനും സാമ്യതയുണ്ട്. തേയിലയുടെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്നതാണ് പല പഠനങ്ങളും നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Also Read:- ദിവസവും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ഏതെങ്കിലും വിധത്തില്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-