'2000 പ്രസവങ്ങൾ നടക്കുമ്പോൾ ഏതാണ്ട് മൂന്ന് കുട്ടികളിൽ വരെ ഉണ്ടാകാൻ സാധ്യതയുള്ള വൈകല്യമാണ് എർബ്സ് പാൽസി '
കൈകളിലേക്ക് പോകുന്ന ഞരമ്പുകൾക്ക് ആഘാതം സംഭവിക്കുമ്പോൾ പേശികൾക്ക് ഉണ്ടാകുന്ന ബലക്ഷയംമൂലം കൈകളുടെ ചലന ശേഷി കുറയുകയും കൈകൾ ശോഷിച്ച് വരികയും ചെയ്യുന്ന അവസ്ഥയാണ് ഏർബ്സ് പാൽസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ഒരു വർഷത്തിന് മുമ്പ് പ്രസവം നടന്ന കുഞ്ഞിൻ്റെ കൈയ്യുടെ ചലന ശേഷി കുറഞ്ഞ സംഭവം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നല്ലോ. എർബ്സ് പാൽസി എന്ന ആ രോഗത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ എന്തെല്ലാമെന്നു നോക്കാം.
എന്താണ് എർബ്സ് പാൽസി ?
കൈകളിലേക്ക് പോകുന്ന ഞരമ്പുകൾക്ക് ആഘാതം സംഭവിക്കുമ്പോൾ പേശികൾക്ക് ഉണ്ടാകുന്ന ബലക്ഷയംമൂലം കൈകളുടെ ചലന ശേഷി കുറയുകയും കൈകൾ ശോഷിച്ച് വരികയും ചെയ്യുന്ന അവസ്ഥയാണ് ഏർബ്സ് പാൽസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രസവ സമയത്ത് കുഞ്ഞിൻ്റെ തല പുറത്തു വന്നതിനു ശേഷം കഴുത്തിന് താഴേക്കുള്ള ഭാഗങ്ങൾ, സാധാരണയായി സ്വമേധയാ പുറത്തു വരേണ്ടതാണ് . എന്നാൽ അപൂർവ്വം ചില പ്രസവങ്ങളിൽ കുഞ്ഞിൻ്റെ ഉടൽ പുറത്തു വരാൻ കാലതാമസം ഉണ്ടാകുന്നു. തല പുറത്തു വന്നതിനു ശേഷം 90 സെക്കൻ്റിനുള്ളിൽ കുഞ്ഞ് പൂർണ്ണമായി പുറത്തു വന്നില്ലായെങ്കിൽ ഷോൾഡർ ഡിസ്റ്റോഷിയ എന്ന അവസ്ഥ ഉള്ളതായി മനസ്സിലാക്കുകയും ആ അവസ്ഥയിൽ പ്രസവം നടത്തേണ്ട മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യുക എന്നതാണ് ശാസ്ത്രീയമായി ലോകമെമ്പാടും സ്വീകരിച്ചിരിക്കുന്ന രീതി.
അങ്ങനെ പ്രസവം നടത്തുമ്പോൾ കുഞ്ഞിൻ്റെ കൈകളിലേക്കുള്ള ഞരമ്പുകളിൽ വലിവ് സംഭവിക്കാനും, കൈകളുടെ ചലന ശേഷിയെ ബാധിക്കുന്ന എർബ്സ് പാൽസി എന്ന അവസ്ഥയിൽ എത്താനും സാധ്യതയുണ്ട്. ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കാൻ നൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ പോലും എല്ലായ്പോഴും കഴിയാറില്ല.
ആഘാതം സംഭവിച്ച കൈയ്യിൽ ചലന ശേഷിക്കുറവ്, സ്പർശന ശേഷി കുറവ്, ചിലപ്പോൾ വേദന അനുഭവപ്പെടൽ തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്. ഗർഭസ്ഥശിശുവിൻ്റെ വലിപ്പ കൂടുതലാണ് പലപ്പോഴും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. കുഞ്ഞിന് വലിപ്പക്കൂടുതൽ ഉണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞാൽ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുന്നതിലൂടെ ഒരു പരിധി വരെ ഇത് ഒഴിവാക്കാൻ കഴിയും. എന്നാൽ ചിലപ്പോഴെങ്കിലും സാധാരണ വലിപ്പമുള്ള കുഞ്ഞുങ്ങളിലും ഈ പ്രശ്നം കാണാറുണ്ട്.
പലപ്പോഴും ഇത് മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. വികസിത രാജ്യമായ അമേരിക്കയിലെ , എല്ലുരോഗവിദഗ്ദ്ധരുടെ സംഘടന (American Association of Orthopaedics) പുറത്തു വിട്ട കണക്കുകൾ പ്രകാരം, 2000 പ്രസവങ്ങൾ നടക്കുമ്പോൾ ഏതാണ്ട് മൂന്ന് കുട്ടികളിൽ വരെ ഉണ്ടാകാൻ സാദ്ധ്യതയുള്ള വൈകല്യമാണ് എർബ്സ് പാൽസി എന്നത്.
2000 പ്രസവം നടക്കുമ്പോൾ രണ്ടോ മൂന്നോ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ഈ സങ്കീർണ്ണത ഒഴിവാക്കാനായി 2000 പേരിലും സിസ്സേറിയൻ നടത്തുക എന്നത് പ്രായോഗികവുമല്ല. ചെറിയ രീതിയിലുള്ള തകരാറുകളാണ് ഞരമ്പുകളിൽ വന്നിരിക്കുന്നതെങ്കിൽ കുഞ്ഞ് ആറു മാസത്തിനകം സാധാരണ സ്ഥിതിയിലേക്ക് എത്തും. അല്പം കൂടി കടുത്ത ആഘാതമാണെങ്കിൽ കൈകൾക്ക് ചെറിയ ചില ചലന വൈകല്യങ്ങൾ ഉണ്ടാകും.
കടുത്ത ആഘാതമാണ് ഉണ്ടാകുന്നതെങ്കിൽ കൈയ്യുടെ ചലന ശേഷിയിൽ കാര്യമായ തകരാറുകൾ നിലനിൽക്കും
Physiotherapy, Occupational therapy, surgery തുടങ്ങിയവയൊക്കെയാണ് ചികിത്സാ രീതികൾ.
(കൊല്ലം വിക്ടോറിയ വനിത - ശിശു ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. എൻ.ആർ. റീന തയ്യാറാക്കിയ ലേഖനം)
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ