മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ച് ചുളുങ്ങിപ്പോയ കൈവെള്ളയുടെ ഫോട്ടോ ഇട്ട് ഡോക്ടർ, നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ
ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന ഇത്തരം ദുരിതങ്ങളെപ്പറ്റി ഓർക്കാതെയാണ് പലപ്പോഴും ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കളുടെയും മറ്റും ഭാഗത്തുനിന്ന് ഇവരുടെ നേർക്ക് മോശമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നത്
കൊവിഡ് എല്ലാവരെയും ഒരുപോലെ വലച്ച ഒരു മഹാമാരിയാണ് എന്നതിൽ സംശയമൊന്നുമില്ല. അതിന്റെ മരണമുഖത്ത്, ഭയപ്പെടാതെ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ, അറ്റൻഡർമാർ, മറ്റുള്ള ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനങ്ങൾ ഏറെ ശ്ലാഘിക്കപ്പെടുന്ന കാലവുമാണിത്. അവരെ സംബന്ധിച്ചിടത്തോളം ഈ രോഗം ഒരു യുദ്ധത്തിൽ കുറഞ്ഞൊന്നുമല്ല. അറിഞ്ഞുകൊണ്ടുതന്നെ മരണത്തിനു മുന്നിൽ അവനവനെ കൊണ്ടുചെന്നു നിർത്തുകയാണ് അവർ ചെയ്യുന്നത്.
ഡോക്ടർമാർ ഇക്കൂട്ടത്തിൽ രോഗികളുമായി ഏറ്റവും അടുത്ത് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും അധികനേരം പിപിഇ കിറ്റ് അണിയേണ്ടി വരുന്നവരും ഇവർ തന്നെയാണ്. അന്തരീക്ഷത്തിലെ ഹ്യൂമിഡിറ്റി അഥവാ ഈർപ്പം കൂടുന്തോറും ഈ പിപിഇ കിറ്റിനുള്ളിലെ കഴിച്ചുകൂട്ടൽ വളരെ ദുഷ്കരമായ പ്രവൃത്തിയാണ്. അവർക്ക് പക്ഷെ ഇങ്ങനെ ജോലി ചെയ്യുമ്പോൾ സ്വന്തം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ സഹിക്കുകയല്ലാതെ മറ്റു മാർഗമില്ല. ഇത്തരത്തിൽ, ഏറെ നേരം ഹ്യൂമിഡിറ്റി കൂടിയ കാലാവസ്ഥയിൽ പിപിഇ കിറ്റിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്നതുകൊണ്ട് ആകെ ചുളുങ്ങിയിരിക്കുന്ന തന്റെ കൈവെള്ളയുടെ ചിത്രം തന്റെ പേഴ്സണൽ പ്രൊഫൈലിലൂടെ പങ്കുവെച്ചു ദില്ലിയിലെ ഡോക്ടറായ സയ്യിദ് ഫൈസാൻ അഹ്‌മദ് ഇന്നലെ. അദ്ദേഹം ട്വീറ്റ് ചെയ്ത ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കയാണ്.
പുറത്തെ അന്തരീക്ഷത്തിലുള്ള ഈർപ്പം ഏറിയ അവസ്ഥയിൽ പിപിഎ കിറ്റിനുള്ളിൽ കൈകൾ വിയർക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പിപിഇ കിറ്റിനുള്ളിലേക്ക് ഒരു വട്ടം കയറിയാൽ പിന്നെ ഒന്ന്ആ മൂത്രമൊഴിക്കാൻ പോലും ഇവർക്ക് ആകാറില്ല. ഇങ്ങനെ ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന ഇത്തരം ദുരിതങ്ങളെപ്പറ്റി ഓർക്കാതെയാണ് പലപ്പോഴും ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കളുടെയും മറ്റും ഭാഗത്തുനിന്ന് ഇവരുടെ നേർക്ക് മോശമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് എന്നും ചിലർ ഓർമിപ്പിച്ചു. "നിങ്ങളെപ്പോലുള്ള നിസ്വാർഥരുടെ സേവനം ഈ ലോകത്തിന് ആവശ്യമുണ്ട്. നിങ്ങൾ ഈ ചെയ്യുന്ന ത്യാഗത്തിന് എന്നും മനുഷ്യരാശി നിങ്ങളോട് കടപ്പെട്ടിരിക്കും " എന്നും ഒരാൾ കുറിച്ചു.