'ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം'; അമ്പതുകാരിക്ക് സംഭവിച്ചത് വിശദമാക്കി ഡോക്ടര്‍

സ്ട്രോക്ക്, അതിനുള്ള കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി പലവിധത്തിലുമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന് ബ്യൂട്ടി പാര്‍ലറുമായി ബന്ധമുള്ളതായി നമുക്ക് എളുപ്പത്തില്‍ മനസിലാക്കാം.

doctor explains about beauty parlour stroke syndrome

മനുഷ്യശരീരം എത്രമാത്രം സങ്കീര്‍ണമാണോ അത്രമാത്രം സങ്കീര്‍ണമാണ് അതിനെ ബാധിക്കുന്ന പ്രശ്നങ്ങളും. അതുകൊണ്ടുതന്നെ പലപ്പോഴും നാം കേട്ടിട്ട് പോലുമില്ലാത്ത തരം അസുഖങ്ങളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും വളരെ സാന്ദര്‍ഭികമായി മാത്രം നാം അറിയാറുണ്ട്. 

അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് 'ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം' എന്നൊരു പ്രശ്നം. സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. തലച്ചോറിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

സ്ട്രോക്ക്, അതിനുള്ള കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി പലവിധത്തിലുമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന് ബ്യൂട്ടി പാര്‍ലറുമായി ബന്ധമുള്ളതായി നമുക്ക് എളുപ്പത്തില്‍ മനസിലാക്കാം. പാര്‍ലറില്‍ മുടി വെട്ടാനോ, സ്പാ ചെയ്യാനോ മറ്റോ എത്തിയാല്‍ നമ്മുടെ മുടി ഷാമ്പൂവും കണ്ടീഷ്ണറുമെല്ലാം ഉപയോഗിച്ച് പാര്‍ലറുകാര്‍ കഴുകി വൃത്തിയാക്കി എടുക്കുന്നത് പതിവാണ്.

ഇതിനായി ബേസിനിലേക്ക് മുടി വച്ച് നമ്മെ കിടത്തുമ്പോള്‍ നമ്മുടെ കഴുത്തിന്‍റെ പിൻഭാഗം ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ അമര്‍ന്നുപോകാറുണ്ട്. ചില ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ ഉള്ളവരില്‍ ഇത്തരത്തില്‍ കഴുത്ത് അധികസമയത്തേക്ക് അമര്‍ന്നുപോകുമ്പോള്‍ തലച്ചോറിലേക്ക് രക്തയോട്ടം ( ഓക്സിജൻ എത്താതിരിക്കുന്ന അവസ്ഥ) തടസപ്പെടുകയും രക്തക്കുഴലിന് പ്രശ്നം പറ്റുകയും ചെയ്യാം. ഇതുമൂലം സ്ട്രോക്കും സംഭവിക്കാം. ഇതിനെയാണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന് വിളിക്കുന്നത്. 

ഇത്തരത്തിലൊരു കേസ് ചികിത്സിച്ചതിന്‍റെ അനുഭവം പങ്കിട്ടിരിക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ളൊരു ന്യൂറോളജിസ്റ്റ്. ഡോ. സുധീര്‍ കുമാര്‍ എന്ന ന്യൂറോളജിസ്റ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. അസാധാരണമായ ആരോഗ്യപ്രശ്നമായതിനാല്‍ തന്നെ വലിയ രീതിയിലാണിത് ശ്രദ്ധിക്കപ്പെട്ടത്.

തലകറക്കം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തിയ അമ്പതുകാരിയിലാണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം കണ്ടെത്തിയിരിക്കുന്നത്. ആദ്യം ഈ ലക്ഷണങ്ങള്‍ മാത്രമായതിനാല്‍ ഇവര്‍ ഉദരരോഗ വിദഗ്ധനെയാണത്രേ കണ്ടത്. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനാലും നടക്കുമ്പോഴും മറ്റും ബാലൻസ് നഷ്ടപ്പെട്ട് തുടങ്ങിയതിനാലും ന്യൂറോളജിസ്റ്റിനെ കാണാൻ പിന്നീട് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

അങ്ങനെയാണ് ഇവര്‍ തനിക്കരികിലേക്ക് എത്തിയതെന്ന് ഡോ. സുധീര്‍ കുമാര്‍ വ്യക്തമാക്കുന്നു. തലച്ചോര്‍ സ്കാനിംഗ് കൂടി കഴിഞ്ഞതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായതത്രേ. 

 

 

ബ്യൂട്ടി പാര്‍ലറില്‍ പതിവായി പോകുന്നവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ കാര്യമായി ശ്രദ്ധിക്കേണ്ട ഒന്നാണിതെന്നാണ് ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്. 1993ല്‍ ഡോ. മൈക്കല്‍ വെയിൻട്രോബ് ആണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം എന്ന പ്രശ്നം ആദ്യമായി കണ്ടെത്തുന്നത്. അഞ്ച് സ്ത്രീകള്‍ സമാനമായ രീതിയില്‍ പക്ഷാഘാതവുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഡോ. മൈക്കല്‍ വെയിൻട്രോബ് ഈ സാധ്യത കണ്ടെത്തിയത്. 

Also Read:- 'മുടി സ്ട്രെയിറ്റൻ ചെയ്യുന്ന സ്ത്രീകളില്‍ ക്രമേണ സംഭവിക്കുന്നത്...'; പഠനം

Latest Videos
Follow Us:
Download App:
  • android
  • ios