'ലൈഫ്സ്റ്റൈല്‍' ആരോഗ്യകരമാക്കി മാറ്റാൻ 'സിമ്പിള്‍' ആയി ചെയ്യാവുന്ന കാര്യങ്ങള്‍...
വളരെ ലളിതമായി ചില കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് 'ലൈഫ്സ്റ്റൈല്‍' ആരോഗ്യകരമാക്കി മാറ്റാൻ സാധിക്കുന്നതാണ്. ഇതിന് സഹായകമായ, അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട- കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഇന്ന് ഏതെങ്കിലും വിധത്തിലുള്ള ജീവിതശൈലീരോഗങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്തവര്‍ കാണില്ല. അത്രമാത്രം 'ലൈഫ്സ്റ്റൈല്‍' പ്രശ്നങ്ങള്‍ കൂടിയിട്ടുണ്ട്. ഭക്ഷണ, വിശ്രമം, ഉറക്കം, വ്യായാമം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ വിഷയങ്ങളില്‍ വരുന്ന പിഴവുകളും അശ്രദ്ധയുമാണ് ഇതിലേക്ക് നയിക്കുന്നത്. അതിനാല്‍ തന്നെ 'ലൈഫ്സ്റ്റൈല്‍' മെച്ചപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.
വളരെ ലളിതമായി ചില കാര്യങ്ങള്‍ നിത്യജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് 'ലൈഫ്സ്റ്റൈല്‍' ആരോഗ്യകരമാക്കി മാറ്റാൻ സാധിക്കുന്നതാണ്. ഇതിന് സഹായകമായ, അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട- കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഉറക്കം...
ഉറക്കത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. പ്രത്യേകിച്ച് രാത്രിയിലെ ഉറക്കം.ഏഴ്- എട്ട് മണിക്കൂര്‍ നേടാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ഇത് തുടര്‍ച്ചയായി കിട്ടുകയും വേണം. കഴിയുന്നതും എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് തന്നെ ഉറങ്ങാൻ കിടക്കുകയും വേണം. ഉറങ്ങിയാല്‍ മാത്രം പോര. അത് ആഴത്തിലുള്ളതും സുഖകരമായതും ആവുകയും വേണം. ഇതിന് ഉറങ്ങുന്ന മുറിയില്‍ വെളിച്ചവും ശബ്ദവും ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. അതുപോലെ സാമാന്യം വൃത്തിയായി മുറി സൂക്ഷിക്കുകയും വേണം. കഴിയുന്നതും തണുപ്പ് കിട്ടുന്ന മുറിയായിരിക്കണം ഉറങ്ങാനായി തെരഞ്ഞെടുക്കേണ്ടത്.
വെള്ളം...
ശരീരത്തില്‍ ആവശ്യമായത്ര വെള്ളമില്ലെങ്കില്‍ അത് ആരോഗ്യത്തെ പലരീതിയിലും ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. എട്ട്- പത്ത് ഗ്ലാസ് വെള്ളമാണ് മുതിര്‍ന്ന ഒരാള്‍ ഒരു ദിവസത്തില്‍ കുടിക്കേണ്ടത്. വെള്ളം നല്ലതുപോലെ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതും നല്ലതാണ്.
കായികാധ്വാനം...
കായികാധ്വാനം സ്വാഭാവികമായും നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന ഘടകമാണ്. വ്യായാമം പതിവാക്കുന്നത് ഏറെ നല്ലതാണ്. അതല്ലെങ്കില്‍ ശരീരം അല്‍പമെങ്കിലും അനങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയെങ്കിലും വേണം. ഉദാഹരണത്തിന് നടത്തം. വ്യായാമമില്ലെങ്കിലും കുറച്ചുദൂരം നടക്കാനും പടികള്‍ കയറിയിറങ്ങാനുമെങ്കിലും ശ്രമിക്കണം.
ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്...
ഭക്ഷണത്തിലും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഏറ്റവും പ്രധാനമായി പ്രോസസ്ഡ് ഭക്ഷണം ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. ഷുഗര്‍ കാര്യമായി അടങ്ങിയ ഭക്ഷണം,അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഇവയെല്ലാം ഡയറ്റില്‍ നിന്നൊഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ വേണം. ധാരാളം പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലീൻ പ്രോട്ടീനും ഡയറ്റിലുള്‍പ്പെടുത്താനും ശ്രദ്ധിക്കുക.
മൈൻഡ്ഫുള്‍നെസ്...
'മൈൻഡ്ഫുള്‍നെസ്'എന്നതൊരു ജീവിതരീതിയാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം- ചെയ്യുന്നതിനെയെല്ലാം ഇഷ്ടപ്പെടാൻ ശ്രമിക്കുന്ന രീതിയാണിത്. മനസറിഞ്ഞ് കഴിക്കുക, മനസറിഞ്ഞ് സംസാരിക്കുക, മനസറിഞ്ഞ് നല്‍കുക എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? ഇത് നമ്മുടെ എല്ലാ കാര്യങ്ങളിലും കൊണ്ടുവരാവുന്നതാണ്.
സ്ട്രെസ്...
നാം നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനം സ്ട്രെസ് ആണ്. അതിനാല്‍ തന്നെ സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കേണ്ടത് നിര്‍ബന്ധമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ 'മൈൻഡ്ഫുള്‍നെസ്' ഇതിന് നല്ലൊരു പരിഹാരമാണ്. വ്യായാമം, അഭിരുചിക്ക് അനുസരിച്ചുള്ള വിനോദങ്ങളിലേര്‍പ്പെടല്‍, കായികവിനോദം, യോഗ, മെഡിറ്റേഷൻ എല്ലാം സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് സഹായകമാണ്.
സൂര്യപ്രകാശം...
വേണ്ടവിധത്തില്‍ സൂര്യപ്രകാശം നേടിയിട്ടില്ലെങ്കില്‍ ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. വൈറ്റമിൻ-ഡിയുടെ കുറവാണ് പ്രധാനമായും ഇതുമൂലമുണ്ടാവുക. ഇത് രോഗപ്രതിരോധ ശേഷി, എല്ലുകളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവയെ എല്ലാം ബാധിക്കാം. ഉന്മേഷമില്ലായ്മ, വിഷാദം, ക്ഷീണം, എല്ലുകള്‍ക്ക് ബലക്കുറവ്, പല അണുബാധകള്‍- അലര്‍ജികള്‍ എല്ലാം വൈറ്റമിൻ-ഡി കുറവ് മൂലമുണ്ടാകാം.
സാമൂഹികബന്ധങ്ങള്‍...
സുഹൃത്തുക്കളുമായും വീട്ടുകാരുമായുമെല്ലാമുള്ള ആരോഗ്യകരമായ ബന്ധവും ഒരു വ്യക്തിയെ പോസിറ്റീവായി സ്വാധീനിക്കാം. അതിനാല്‍ നല്ല ബന്ധങ്ങളുണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. ഉള്‍വലിയുന്നതിന് അനുസരിച്ച് അത് നെഗറ്റീവായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read:-ഗര്‍ഭിണിയായിരിക്കെ ഒരുപാട് 'സ്ട്രെസ്' അനുഭവിച്ചാല്‍ സംഭവിക്കുന്നത്...