സ്ട്രോക്ക് വരാൻ പലർക്കും പല കാരണങ്ങൾ? പ്രദേശങ്ങളും ജനിതക ഘടകങ്ങളും അനുസരിച്ച് കാരണങ്ങളും മാറുന്നെന്ന് പഠനം
ഏഷ്യന്‍, ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ മനുഷ്യരിലെ രക്തധമനികളിലെ വ്യതിയാനങ്ങളാണ് പക്ഷാഘാതത്തിനുള്ള പ്രധാന പ്രേരകമായി തെളിഞ്ഞത്.
തിരുവനന്തപുരം: വ്യത്യസ്ത വംശീയ മേഖലകളിലെ ജനിതക ഘടകങ്ങളും വിവിധ രോഗാവസ്ഥകളും പക്ഷാഘാത സാധ്യത കൂട്ടുന്നതില്‍ നിര്‍ണായകമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പഠനം. ആർജിസിബിയിലെ ന്യൂറോബയോളജി വിഭാഗവുമായി (ബിആര്‍ഐസി-ആര്‍ജിസിബി) ബന്ധപ്പെട്ട ഗവേഷകനായ മൊയ്നാക് ബാനര്‍ജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
വ്യത്യസ്ത പ്രാദേശിക-ജന വിഭാഗങ്ങളില്‍ പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ പറയുന്നു. മനുഷ്യരില്‍ സംഭവിക്കുന്ന തുടര്‍ച്ചയായി സംഭവിക്കുന്ന ആന്തരിക രാസമാറ്റങ്ങളാണ് അമേരിക്കയിലും യൂറോപ്പിലും പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നതിന് കാരണമായി കണ്ടെത്തുന്നത്. അതേസമയം ഏഷ്യന്‍, ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ മനുഷ്യരിലെ രക്തധമനികളിലെ വ്യതിയാനങ്ങളാണ് പക്ഷാഘാതത്തിനുള്ള പ്രധാന പ്രേരകമായി തെളിഞ്ഞത്. പ്രദേശങ്ങള്‍ക്കും ജനിതക ഘടകങ്ങള്‍ക്കുമനുസരിച്ച് പക്ഷാഘാത സാധ്യതകളും അതിന്റെ ഫലവും വ്യത്യാസപ്പെട്ടരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.
പ്രശസ്ത ബയോമെഡിക്കല്‍ പ്രസിദ്ധീകരണമായ ഇലൈഫിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ 2009-19 കാലഘട്ടത്തില്‍ പക്ഷാഘാതത്തിനും അതിന്‍റെ അപകടസാധ്യതയ്ക്കും വേണ്ടി ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. 204 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ആഗോളതലത്തില്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പഠനങ്ങളിലൊന്നാണിത്.
പക്ഷാഘാതത്തിന്‍റെ വ്യത്യസ്തങ്ങളായ 11 അവസ്ഥകളെക്കുളെക്കുറിച്ചാണ് പഠിച്ചത്. പക്ഷാഘാതം, അതിന്‍റെ ഉപവിഭാഗങ്ങളായ ഇസ്കെമിക് സ്ട്രോക്ക് (ഐഎസ്), ഇന്‍ട്രാക്രാനിയല്‍ ഹെമറേജ് (ഐസിഎച്ച്), കൂടാതെ അതിനൊപ്പം വരുന്ന മറ്റ് രോഗങ്ങളായ ഇസ്കെമിക് ഹൃദ്രോഗം (ഐഎച്ച്ഡി), ടൈപ്പ് 1- ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവ പഠനവിധേയമായി.
ആഗോളതലത്തില്‍ മനുഷ്യ മരണത്തിന് കാരണമാക്കുന്ന പ്രധാന രോഗാവസ്ഥകളിലൊന്നാണ് പക്ഷാഘാതം. ലോകമെമ്പാടുമുള്ള 101 ദശലക്ഷത്തിലധികം ആളുകളെ പക്ഷാഘാതം ബാധിക്കുകയും 2019 ല്‍ 6.55 ദശലക്ഷത്തിലധികം പേര്‍ ഇതുമൂലം മരിക്കുകയും ചെയ്തു. പക്ഷാഘാതത്തെ തടയുന്നതിനും രോഗചികിത്സയും മുന്‍കരുതലുകളും കാര്യക്ഷമമാക്കുന്നതിലും വലിയ സംഭാവന നല്‍കുന്ന സുപ്രധാന പഠനമാണിതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.
ഭൂരിഭാഗം പൊതുജനാരോഗ്യ ഗവേഷകരും പക്ഷാഘാതത്തെ സാമൂഹിക-സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് വ്യാഖ്യാനിക്കുമ്പോള്‍ ബയോമെഡിക്കല്‍ ഗവേഷകര്‍ വേറിട്ട അന്വേഷണം നടത്തുകയും കാരണങ്ങള്‍ കണ്ടെത്തുന്നതുമായി പഠനം ചൂണ്ടിക്കാട്ടുന്നു. പക്ഷാഘാതം തടയുന്നതില്‍ മറ്റ് രോഗാവസ്ഥകളെ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പ്രാദേശികാടിസ്ഥാനത്തിലും ജനിതക ഘടനയിലും വരുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനം ഊന്നിപ്പറയുന്നു. ഇത് ആശങ്കാജനകമായ മേഖലകള്‍ മനസ്സിലാക്കാന്‍ ആരോഗ്യ നയരൂപകര്‍ത്താക്കളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം