'പ്രമേഹരോഗികളില്‍ നാലില്‍ ഒരാളെ ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കാം'; പഠനം
പ്രമേഹത്തിന്‍റെ അനന്തരഫലമായി ബാധിക്കാവുന്നൊരു പ്രശ്നമാണ് ഡയബെറ്റിക് റെറ്റിനോപ്പതി. പ്രമേഹരോഗികളില്‍ കണ്ടുവരുന്ന, കണ്ണുകളെ ബാധിക്കുന്നൊരു പ്രശ്നമാണിത്. പ്രമേഹം ബാധിച്ച് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടില്ലേ? ലളിതമായി പറഞ്ഞാല്‍ അതുതന്നെയാണ് സംഗതി.
പ്രമേഹരോഗത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ധാരാളം പേരില്‍ ഇന്ന് വേണ്ടത്ര അവബോധമുണ്ട്. മുമ്പെല്ലാം ഒരു ജീവിതശൈലീരോഗമെന്ന നിലയില്‍ മാത്രമാണ് പ്രമേഹത്തെ അധികപേരും കണ്ടിരുന്നത്. എന്നാലിപ്പോള്‍ പ്രമേഹം അനുബന്ധമായി ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെ കുറിച്ചെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്.
ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ അനന്തരഫലമായി ബാധിക്കാവുന്നൊരു പ്രശ്നമാണ് ഡയബെറ്റിക് റെറ്റിനോപ്പതി. പ്രമേഹരോഗികളില്‍ കണ്ടുവരുന്ന, കണ്ണുകളെ ബാധിക്കുന്നൊരു പ്രശ്നമാണിത്. പ്രമേഹം ബാധിച്ച് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടില്ലേ? ലളിതമായി പറഞ്ഞാല്‍ അതുതന്നെയാണ് സംഗതി.
ഇപ്പോഴിതാ യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പ്രമേഹരോഗികളില്‍ നാലിലൊരാള്‍ക്ക് എന്ന നിലയില്‍ ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കാം. ഇത് യുഎസില്‍ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന പഠനമാണെങ്കില്‍ കൂടിയും ആഗോളതലത്തിലും ഇതിന് പ്രാധാന്യമുണ്ട്.
പലയിടങ്ങളിലും ഇത്തരത്തിലുള്ള പഠനങ്ങള്‍ നടക്കുന്നില്ല എന്നതാണ് സത്യം. 'JAMA Opthalmology' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. നാലിലൊരു പ്രമേഹരോഗിക്ക് എന്ന നിലയില്‍ ഡയബെറ്റിക് റെറ്റിനോപ്പതിക്കുള്ള സാധ്യതയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഗൗരവമേറിയ അവസ്ഥ തന്നെയാണ്. ഇതില്‍ തന്നെ അഞ്ച് ശതമാനം പേരുടെ അവസ്ഥ വളരെ മോശമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ നേരിയ രക്തക്കുഴലുകള്‍ ഷുഗറിന്‍റെ ഭാഗമായി ബാധിക്കപ്പെടുന്നതോടെയാണ് ഡയബെറ്റിക് റെറ്റിനോപ്പതി പിടിപെടുന്നത്. പ്രമേഹം നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നതിലൂടെയും പ്രമേഹം അധികരിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ ഡയബെറ്റിക് റെറ്റിനോപ്പതി വലിയ ആഘാതമുണ്ടാക്കാതിരിക്കുമ്പോള്‍ മറ്റ് ചിലരില്‍ ഇത് കണ്ണിന്‍റെ കാഴ്ച പരിപൂര്‍ണ്ണമായും നഷ്ടപ്പെടുന്നതിലേക്കും എത്തിക്കുന്നു.
ഡയബെറ്റിക് റെറ്റിനോപ്പതിയില്‍ ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ചെറിയ കാഴ്ച മങ്ങല്‍ പോലെ തോന്നാം. പിന്നീട് പതിയെ ഈ മങ്ങല്‍ കൂടുന്നു. കണ്ണില്‍ ചെറിയ കുത്തുകളുള്ളത് പോലെയോ വരകളുള്ളത് പോലെയോ തോന്നുക, കാഴ്ച മങ്ങിമങ്ങിപ്പോവുക, കാണുന്ന കാഴ്ച തന്നെ പലതായി തോന്നുക, ഇരുട്ട് മൂടുകയോ, അല്ലെങ്കില്‍ ഒന്നും കാണാത്ത പോലെയോ തോന്നുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഡയബെറ്റിക് റെറ്റിനോപ്പതിയിലുണ്ടാകാം. ഒട്ടും ശ്രദ്ധിക്കാതിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ വീണ്ടെടുക്കാനാകാത്ത വിധം കാഴ്ച നഷ്ടമാകും.
പ്രമേഹമുള്ളവര്‍ അത് നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. ഇടവിട്ട് പ്രമേഹം പരിശോധിക്കുക. പ്രമേഹം കൂടുന്നുവെങ്കില്‍ അത് കുറയ്ക്കാനുള്ള ചികിത്സ നിര്‍ബന്ധമായും തേടുക. ഇതിലൂടെ മാത്രമേ ഡയബെറ്റിക് റെറ്റിനോപ്പതി പോലുള്ള പ്രമേഹത്തിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കൂ.
Also Read:-മുപ്പതാം വയസില്‍ പ്രമുഖ ബോഡി ബില്‍ഡറുടെ മരണം; മരണകാരണമായ അന്യൂറിസം എന്താണ് എന്നറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-