Post-Sex Blues : സെക്‌സിന് ശേഷം വിഷാദമോ? കാരണം, പരിഹാരമാർഗങ്ങൾ

ഒരാളുമായി സെക്സിൽ ഏർപ്പെട്ടു എന്ന ഒരൊറ്റക്കാരണം കൊണ്ടുമാത്രം ഇങ്ങനെ വിഷാദത്തിന്റെ കരകാണാകയങ്ങളിലേക്ക്  വീണുപോവുന്നത് എന്തുകൊണ്ടാവും? 

depression after sex reasons and remedies

ഏതെങ്കിലും ഒരാളോട് കടുത്ത ശാരീരികാകർഷണം(Physical Attraction) തോന്നുക. അതിന്റെ പേരിൽ അയാളെ പരിചയപ്പെട്ട്, കൂടുതൽ അടുത്ത ശേഷം അയാളുമായി രതി(sex)യിൽ ഏർപ്പെടുക. തൊട്ടടുത്ത നിമിഷം തൊട്ട്, അകാരണമായ ഒരു വിഷാദം(depression) മനസ്സിനെ മുൾവേലി പോലെ വരിഞ്ഞു മുറുക്കുക. ഈ ഒരു അനുഭവപരിസരങ്ങളിലൂടെ കടന്നു പോയിട്ടുള്ളവർ പലരുമുണ്ടാവാം നമുക്കിടയിൽ. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, സ്ത്രീയോ പുരുഷനോ ഒരാളുമായി സെക്സിൽ ഏർപ്പെട്ടു എന്ന ഒരൊറ്റക്കാരണം കൊണ്ടുമാത്രം ഇങ്ങനെ വിഷാദത്തിന്റെ കരകാണാകയങ്ങളിലേക്ക്  വീണുപോവുന്നത് എന്തുകൊണ്ടാവും?  വിഷമിക്കേണ്ടതില്ല. ഇത് ഒരു പ്രത്യേക ശാരീരികമാനസികാവസ്ഥയാണ്. വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്ന പേര്, Postcoital Dysphoria അഥവാ PCD  എന്നാണ് 'Post-Sex Blues' എന്ന ചെല്ലപ്പേരിലും ഈ വിഷാദം അറിയപ്പെടുന്നുണ്ട്. 

depression after sex reasons and remedies

ക്വീൻസ് ലാൻഡ് സർവകലാശാല. 230 സ്ത്രീകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ,  2015 -ൽ നടത്തിയ ഒരു പഠനം പറയുന്നത് 46 ശതമാനം സ്ത്രീകളും തങ്ങളുടെ ജീവിതങ്ങളിൽ ഒരിക്കലെങ്കിലും ഏറിയും കുറഞ്ഞും ഈ വിഷാദാവസ്ഥയിലൂടെ കടന്നു പോയവരാണ് എന്നാണ്. 2018 -ൽ അവർ തന്നെ 1208 പുരുഷന്മാരിൽ നടത്തിയ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് 41 ശതമാനം പുരുഷന്മാർക്കും സമാനമായ വിഷാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്.

സെക്സ് എന്നത് സ്വാഭാവികമായ അവസ്ഥയിൽ ഏതൊരാളും ആശ്വാസവും, സംതൃപ്തിയും, ആനന്ദവും ഉത്പാദിപ്പിക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. വളരെ ആസ്വദിച്ചുതന്നെ ഏർപ്പെട്ട ഒരു രതിക്ക് ശേഷം ഒരാൾക്ക് അകാരണമായ വിഷാദം അനുഭവപ്പെടുമ്പോൾ അത് അയാളുടെ മനസ്സിൽ ഉത്പാദിപ്പിക്കുക വല്ലാത്തൊരു ആശയക്കുഴപ്പവും ഉലച്ചിലുമാണ്. വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പക്കുറവല്ല ഡിസ്‌ഫോറിയക്ക് കാരണം എന്നതും ശ്രദ്ധേയമാണ്. തന്റെ പങ്കാളിയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, അയാളുമായി അങ്ങേയറ്റം ആസ്വദിച്ചുതന്നെ ബന്ധപ്പെട്ട ഒരാൾക്ക് അതിനു ശേഷം ഡിസ്‌ഫോറിയ ശരീരത്തെയും മനസ്സിനെയും പ്രവേശിക്കുമ്പോൾ അഞ്ചു മിനിട്ടു മുതൽ, മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കൊടിയ വിഷാദം അനുഭവവേദ്യമായേക്കാം.

depression after sex reasons and remedies

എന്തൊക്കെയാണ് ഈ രത്യാനന്തര വിഷാദത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ? അകാരണമായ സങ്കടം, മനസ്സിനുള്ളിൽ വല്ലാത്തൊരു ശൂന്യത, കടുത്ത ഉത്കണ്ഠ, ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ ഉണ്ടാവുന്ന അടക്കാനാവാത്ത ഈർഷ്യ, പശ്ചാത്താപം, കുറ്റബോധം, ലജ്ജ, കടുത്ത ക്ഷീണം തുടങ്ങി ലക്ഷണങ്ങൾ പലതുണ്ടിതിന്. രതിമൂർച്ചയോടു കൂടിയതോ അല്ലാത്തതോ ആയ സെക്‌സിന് ശേഷം കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന പല സ്ത്രീകളും പുരുഷന്മാരും തുടർച്ചയായി കരഞ്ഞുകൊണ്ടേയിരിക്കാനും നിർബന്ധിതരാകും. 

എന്തുകൊണ്ട് പിസിഡി?

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥയിലൂടെ മനുഷ്യർ കടന്നു പോവുന്നത് എന്നതിന് കൃത്യമായ വിശദീകരണങ്ങൾ ഇനിയും ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാലും ചില സാധ്യതകളെപ്പറ്റി പഠനങ്ങൾ പറയുന്നുണ്ട്. ചില കാരണങ്ങൾ ഇനി പറയുന്നവയാണ്. 

depression after sex reasons and remedies

നിലവിൽ ഉത്കണ്ഠയോ, മാനസിക സമ്മർദ്ദമോ, വിഷാദരോഗമോ അനുഭവിക്കുന്നവർക്ക് സെക്സ് എന്ന പ്രക്രിയക്ക് ശേഷം അത് ട്രിഗർ ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഭൂതകാലത്തിൽ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവർക്ക്, ആ അനുഭവത്തിന്റെ ഓർമ്മകൾ ഇപ്പോൾ സെക്സിൽ ഏർപ്പെട്ടതുകാരണം ഉണ്ടായാലും വിഷാദം ഉണ്ടാകാം. പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന സ്ത്രീകൾക്കും പിസിഡി അനുഭവവേദ്യമാകാറുണ്ട്. സെക്സിനെക്കുറിച്ച് പലർക്കും ഉള്ള മുൻധാരണകൾ ഇങ്ങനെ ഒരു വിഷാദാവസ്ഥയ്ക്ക് കാരണമാവാം. മനോഹരമായ ഒരു ആനന്ദാനുഭവമാണ് രതി എന്ന ബോധ്യമില്ലാതെ, അത് എന്തോ വൃത്തികേടാണ് എന്ന ധാരണ മനസ്സിൽ വെച്ചുകൊണ്ട് അതിനിറങ്ങിപ്പുറപ്പെട്ടാൽ, സെക്സ് കഴിഞ്ഞാലുടൻ കടുത്ത വിഷാദമുണ്ടായി എന്നുവരാം. കാഷ്വൽ ആയി സെക്സിൽ ഏർപ്പെട്ടാലും ഇതേ മനോനിലയിലേക്ക് എത്തിപ്പെടാം. ഒരുവ്യക്തിയെ അടുത്തറിഞ്ഞ്, അയാളോട് തികഞ്ഞ മാനസികമായ അടുപ്പം സ്ഥാപിച്ച ശേഷം സെക്സിൽ ഏർപ്പെടുന്നവരുണ്ട്. അല്ലാതെ, വെറും താത്കാലികമായ വൈകാരികവേലിയേറ്റങ്ങളുടെ പ്രേരണയാൽ നൈമിഷിക സുഖം മാത്രം തേടി അപരിചിതരോട് പോലും ബന്ധപ്പെടാൻ തയ്യാറാവുന്നവർ ഉണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ പലപ്പോഴും ബന്ധപ്പെട്ട ശേഷം പൊന്തിവരാൻ സാധ്യതയുള്ള പാപബോധം ഇത്തരമൊരു വിഷാദത്തിലേക്ക് പലരെയും നയിച്ചെന്നു വരാം. അതിനു പുറമെ, ബന്ധത്തിൽ വേണ്ടത്ര സംതൃപ്തി കിട്ടാതെ വരിക, സെക്സ് ചെയ്യുന്ന വേളയിൽ പങ്കാളിയിൽ നിന്നുണ്ടായ പെരുമാറ്റങ്ങളുടെ വെളിച്ചത്തിൽ താൻ അപമാനിക്കപ്പെട്ട എന്ന തോന്നൽ ഉണ്ടായാൽ ഒക്കെ സമാനമായ സങ്കടങ്ങൾക്ക് അത് തിരികൊളുത്താം. 

സെക്‌സിന് ശേഷം വിഷാദം ഉണ്ടായിട്ടുള്ള ആളാണ് നിങ്ങൾ എങ്കിൽ ചില ചോദ്യങ്ങളിലൂടെ സ്വന്തം മാനസികാവസ്ഥ വിലയിരുത്തുന്നത്, ആ അവസ്ഥ ആവർത്തിക്കാതിരിക്കാൻ സഹായിക്കും. അത്തരത്തിലുള്ള ചില ചോദ്യങ്ങൾ ചുവടെ.

സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
എപ്പോഴാണ് നിങ്ങൾക്ക് സെക്സിൽ വിഷാദം തോന്നുന്നത്? സെക്‌സിന് മുമ്പ്, സെക്സിനിടയിൽ, സെക്‌സിന് ശേഷം? 
മുൻകാലങ്ങളിൽ  സെക്സിൽ ഏർപ്പെടാതെ ഇരുന്ന കാലത്ത് സമാനമായ വിഷാദം അനുഭവിച്ചിട്ടുണ്ടോ? 
നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയോട് ശാരീരികാകർഷണം ഇല്ലേ?
നിങ്ങൾക്ക് മറ്റെന്തെങ്കിലും സങ്കടമുണ്ടോ? 
ജീവിതത്തിൽ, പഴയ ട്രോമകൾ വല്ലതും കരടായി കിടപ്പുണ്ടോ? 
നിങ്ങൾക്ക് അസംതൃപ്തി എന്തെങ്കിലും കാര്യത്തിൽ ഉണ്ടോ?
സെക്സിൽ ഏർപ്പെടാൻ നിങ്ങൾ അവനവനെ നിർബന്ധിക്കുന്നുണ്ടൊ? 
മറ്റുള്ളവരുമായി ശാരീരിക അടുപ്പം സ്ഥാപിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും വിഷമതകൾ ഉണ്ടോ?

depression after sex reasons and remedies

പരിചരിച്ച്, പരിഹരിക്കാതെ വിട്ടാൽ പിസിഡി എന്ന അവസ്ഥ, സെക്സെന്നു മനോഹരമായ അനുഭൂതിക്ക് ഒരു വിലങ്ങുതടിയായി ആജീവനാന്തം നിങ്ങൾക്കുമുന്നിൽ വന്നുനിന്നേക്കാം. അത് നിലവിലെ നിങ്ങളുടെ മാനസിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങൾ ഇതിന്റെ പേരിൽ പങ്കാളിയുമായി വഴക്കിട്ടു എന്നുവരാം. നിങ്ങൾക്കിടയിൽ ബന്ധത്തെ വരെ അത് ബാധിച്ചെന്ന് വരാം. 

ഏതൊരു രോഗാവസ്ഥയെയും പോലെ ഇതും ശാരീരികവും മാനസികവുമായ പരിചരണം ഒന്നുകൊണ്ടുമാത്രമാണ് പരിഹരിക്കപ്പെടുക. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്, ഈ അവസ്ഥ ഉണ്ട് എന്നുള്ള കാര്യം നിങ്ങളുടെ പങ്കാളിയെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. ഈ രോഗാവസ്‌റ്റയുടെ മാനിഫെസ്റ്റേഷനുകളെ പറ്റി പരമാവധി ധാരണ നിങ്ങളുടെ പങ്കാളിയിൽ ഉണ്ടാക്കാൻ സാധിച്ചാൽ അത് നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ മനസ്സിലേക്ക്  നെഗറ്റീവ് ആയ ചിന്തകളെ കൊണ്ടുവരുന്ന ഘടകങ്ങളെ, സാഹചര്യങ്ങളെ ഒഴിവാക്കി നിർത്തുക, നിങ്ങളുടെ ദൈനംദിന ചിന്തകളെ ഒരു ഡയറിയിൽ പകർത്തി അതിനെ വിശകലനം ചെയ്യാൻ ശ്രമിക്കുക, വിഷാദം ഉള്ള അവസരത്തിൽ ഹാസ്യസിനിമകളോ നാടകങ്ങളോ ഒക്കെ കാണുക, പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്ത് സമ്മർദ്ദം കുറക്കുക, മ്യൂസിക് തെറാപ്പിയുടെ സഹായം തേടുക, എന്തെങ്കിലുമൊക്കെ പ്രവൃത്തികളിൽ ഏർപ്പെട്ടു നേരം കളയുക തുടങ്ങിയവയാണ് ഇക്കാര്യത്തിൽ ചെയ്യാനാവുന്ന പരിഹാര മാർഗ്ഗങ്ങൾ. 

ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് കടുത്ത  വിഷാദം മാത്രമാണ് ഓരോ സെക്സ് സെഷനും നൽകുന്നത് എങ്കിൽ, ഇക്കാര്യത്തിൽ പരിശീലനം സിദ്ധിച്ച മികച്ചൊരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുക എന്നതാണ് അടുത്ത വഴി. അവർക്ക് കൗൺസലിംഗ്, സൈക്കോ തെറാപ്പി തുടങ്ങിയ പല മാർഗങ്ങളിലൂടെയും നിങ്ങൾക്ക് മനഃശാന്തി പകർന്നു തരാനാവും. ഏതിനും, രതി അഥവാ സെക്സ് എന്ന സുഖാനുഭൂതിയുടെ രസംകൊല്ലിയായി അവതരിക്കുന്ന പിസിഡി അഥവാ രത്യാനന്തരവിഷാദത്തെ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios