'ഇത്തരക്കാർ ഡോക്സിസൈക്ലിൻ കഴിച്ചില്ലെങ്കിൽ മരണനിരക്ക് കൂടുതൽ'; സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി ജാഗ്രത നിർദ്ദേശം

കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി

Dengue rat fever alert in kerala Mortality is higher if doxycycline is not taken

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കേരളത്തിൽ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി ആരോഗ്യവകുപ്പ്, കണ്ടെത്തിയത് 46% പേര്‍ക്കും ജീവിതശൈലീ രോഗ സാധ്യത

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി അത് ചര്‍ച്ച ചെയ്ത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. സാലഡ്, ചട്ണി, മോര് എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറ്റിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios