ഒരു ദിവസം പോലും അവധിയെടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡോക്ടർ
എയിംസ് ട്രോമ സെന്ററില്‍ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
ദില്ലി: കൊറോണ വെെറസ് എന്ന മഹാമാരിക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലിയാണ് ഇന്നലെ മരിച്ചത്. ജൂൺ 24നായിരുന്നു ഡോ. ജാവേദിന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി ഡോ. ജാവേദ് വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എയിംസ് ട്രോമ സെന്ററില്‍ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
' എന്റെ ഭർത്താവിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. മാർച്ച് മുതൽ അദ്ദേഹം ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. 'ഈദ്' ദിനത്തില്‍ പോലും അവധിയെടുക്കാതെയാണ് അദ്ദേഹം ജോലി ചെയ്തതു...' - ഭാര്യ ഡോ. ഹീന കൗസർ എൻഡിടിവിയോട് പറഞ്ഞു.