പൊതുവിപണിയിലേക്ക് കൊവിഡ് വാക്സിന്‍; പ്രതീക്ഷിക്കുന്ന വില ഇങ്ങനെ

പൂനെയിലെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ പറയുന്നത് പ്രകാരം സ്വകാര്യ വിപണിയില്‍ വാക്സിന്‍ വില്‍പ്പനയ്ക്ക് എത്തുന്പോള്‍ ഒരു ഡോസിന് 1,000 രൂപയെങ്കിലും വിലയുണ്ടാകും. 

Covid 19 Most vaccines may cost Rs 700 to 1000 per dose

ദില്ലി: ഈ വര്‍ഷം മധ്യത്തോടെ കൊവിഡ് വാക്സിന്‍ പൊതുവിപണിയില്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് വിവിധ വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ കരുതുന്നത്. ഇത്തരത്തില്‍ വിപണിയില്‍ ലഭ്യമാക്കിയാല്‍ വാക്സിന്‍റെ വില ഒരു ഡോസിന് 1,000 രൂപയ്ക്കും 700 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സര്‍ക്കാര്‍ കൊവിഡ് വാക്സിന് നിശ്ചയിച്ചിരിക്കുന്ന വില ഡോസ് ഒന്നിന് 250 എന്ന നിരക്കിലാണ്. ഇത് വര്‍ദ്ധിക്കും എന്ന് തന്നെയാണ് കമ്പനികള്‍ കരുതുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.

പൂനെയിലെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ പറയുന്നത് പ്രകാരം സ്വകാര്യ വിപണിയില്‍ വാക്സിന്‍ വില്‍പ്പനയ്ക്ക് എത്തുന്പോള്‍ ഒരു ഡോസിന് 1,000 രൂപയെങ്കിലും വിലയുണ്ടാകും. കോവിഷീല്‍ഡ് നിര്‍മ്മാതാക്കളാണ് പൂനെയിലെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. അത് പോലെ തന്നെ ഇന്ത്യയിലേക്ക് റഷ്യന്‍ വാക്സിനായ സ്പുട്നിക്ക് v വിതരണം ചെയ്യുന്ന ഡോ.റെഡ്ഡിസ് വാക്സിന് പ്രതീക്ഷിക്കുന്ന വില ഡോസിന് 750 ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ വില സംബന്ധിച്ച് തിരിക്കിട്ട് ഒരു അന്തിമ തീരുമാനം എടുക്കാന്‍ കമ്പനികള്‍ ഒരുക്കമല്ല. എത്രത്തോളം വാക്സിനുകള്‍ പൊതു വിപണിയില്‍ എത്തിക്കാന്‍ സാധിക്കും, അതിന്‍റെ ലഭ്യതയും വിതരണ ശൃംഖലയും ഇവയെല്ലാം ആശ്രയിച്ചായിരിക്കും അവസാന വില തീരുമാനിക്കുക. അതേ സമയം തന്നെ മെയ് 1 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങുവാന്‍ പൊതുവിപണിയില്‍ എത്തിക്കുന്ന വാക്സിനുകളുടെ വില നിര്‍ണ്ണയം നടത്തണം. ഇത് പ്രധാന കാര്യമാണ്.

'സര്‍ക്കാറിന്‍റെ ഇപ്പോള്‍ നിശ്ചയിച്ചതായി കേള്‍ക്കുന്ന വില തീര്‍‍ത്തും യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണ്. വളരെ താഴെയാണ് അത്. ഒരു കൃത്യമായ വിലയ്ക്ക് വേണ്ടി ഞങ്ങള്‍ ശ്രമിക്കുകയാണ്. സ്വകാര്യ വിപണിയുടെ വലിപ്പം കൂടി പരിഗണിക്കേണ്ടതുണ്ട്. ഒപ്പം ഒരോ കമ്പനിയുടെയും സാങ്കേതിക വിദ്യയും, ഉത്പാദന ചിലവും എല്ലാം വ്യത്യസ്തമാണ് അതിന് അനുസരിച്ച് വില മാറിയേക്കാം' - വാക്സിന്‍ വിപണി ലക്ഷ്യമിടുന്ന ഒരു കമ്പനിയുടെ വക്താവ് സൂചിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios