കൊവിഡ് 19 കേള്‍വിശക്തിയെ ബാധിക്കുമോ? ചില പഠനങ്ങള്‍ പറയുന്നത് ശ്രദ്ധിക്കൂ...

ശ്വാസതടസം, ക്ഷീണം, ശരീരവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങി പല പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ന്റെ ഭാഗമായി ഉണ്ടാകാം. അതുപോലെ തന്നെ ചിലരില്‍ ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും കൊവിഡ് പ്രശ്‌നത്തിലാക്കുന്നുണ്ട്

covid 19 may cause hearing loss too

കൊവിഡ് 19 ( Covid 19 ) മഹാമാരി അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണെങ്കില്‍ കൂടി അത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നതായി നാം കണ്ടു. കൊവിഡ് മുക്തിക്ക് ശേഷം മാസങ്ങളോളം തുടരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ( Long Covid ) നേരിടുന്നവരും നിരവധിയാണ്. 

ശ്വാസതടസം, ക്ഷീണം, ശരീരവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങി പല പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ന്റെ ഭാഗമായി ഉണ്ടാകാം. അതുപോലെ തന്നെ ചിലരില്‍ ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിങ്ങനെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും കൊവിഡ് പ്രശ്‌നത്തിലാക്കുന്നുണ്ട്. 

ഇതോട് ചേര്‍ത്തുവായിക്കാവുന്ന ചില പഠനറിപ്പോര്‍ട്ടുകളെ കുറിച്ചാണിനി പറയുന്നത്. കൊവിഡ് ബാധിതരില്‍ പലരിലും കേള്‍വി പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

പഠനങ്ങള്‍ പറയുന്നത്...

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, എന്‍ഐഎച്ച്ആര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ കൊവിഡ് 19 ചിലരില്‍ കേള്‍വിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പിച്ചുപറയുന്നു.

 

covid 19 may cause hearing loss too
 

'മാഞ്ചസ്റ്റര്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് ഡെഫ്‌നസ്' ( ManCAD ) ഇത്തരത്തിലുള്ള ഏഴ് ചെറുപഠനങ്ങള്‍ ഉദ്ദരിച്ച് കൊവിഡ് കേള്‍വിപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി. കേള്‍വിപ്രശ്‌നങ്ങള്‍ക്ക് പുറമെ 'ബാലന്‍സ്' പ്രശ്‌നവും കൊവിഡ് സൃഷ്ടിക്കുന്നതായി ഇവര്‍ പറയുന്നു. 

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ നിന്നുള്ള ഗവേഷകരും സമാനമായ വിവരം തന്നെയാണ് തങ്ങളുടെ പഠനത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. 

'ടൈനിറ്റസ്'... 

സാധാരണഗതിയില്‍ ഏതാണ്ട് പതിനേഴ് ശതമാനത്തോളം മുതിര്‍ന്നവരിലും കാണപ്പെടുന്ന, കേള്‍വി പ്രശ്‌നമാണ് ടൈനിറ്റസ്. ( Tinnitus ) . കൊവിഡ് 19 സൃഷ്ടിക്കുന്ന പ്രധാന കേള്‍വി പ്രശ്‌നവും ഇതുതന്നെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കൊവിഡ് മുക്തിക്ക് ശേഷം മാസങ്ങളോളം ഇത് നീണ്ടുനില്‍ക്കാം. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കേള്‍വി നഷ്ടപ്പെടുന്നതിലേക്കും ഇത് വഴിയൊരുക്കാം. 

 

covid 19 may cause hearing loss too

 

കൊവിഡ് മൂലമുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളും ഇതിനെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ, വിഷാദം, ഏകാന്തത, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ടൈനിറ്റസ് പിടിപെടുന്നതിന് കൂടുതല്‍ സാഹചര്യമൊരുക്കുന്നു. നേരത്തേ തന്നെ ഈ രോഗമുണ്ടായിരുന്നവരാണെങ്കില്‍ അവര്‍ക്ക് കൊവിഡോടുകൂടി രോഗം തീവ്രമാകാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേള്‍വിപ്രശ്‌നങ്ങള്‍ക്കൊപ്പം തലകറക്കവും ഇതോടനുബന്ധമായി അനുഭവപ്പെടാമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 'ബാലന്‍സ്' നഷ്ടപ്പെടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നതത്രേ. ഇത്തരത്തില്‍ കൊവിഡ് മൂലം കേള്‍വിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിട്ട നിരവധി രോഗികള്‍ ഇതിനോടകം തന്നെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Also Read:- കൊവിഡ് മൂന്നാം തരംഗം അടുത്തെത്തിയോ? ; വിദഗ്ധര്‍ പറയുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios