Covid 19 : മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോഗ്യ വിദഗ്ധർ പറയുന്നു...
'മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതിൽ അർത്ഥവുമില്ല...' - ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പറഞ്ഞു.
കൊവിഡ് കേസുകൾ കുറഞ്ഞ് വരുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. കൊവിഡ് ആശങ്കകൾ ഒഴിഞ്ഞതോടെ മിക്ക രാജ്യങ്ങളും ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കൊവിഡ് പിടിപെടുന്നവരുടെ എണ്ണം കുറയുന്നതിനാൽ മാസ്ക് ഉപയോഗം കുറച്ച് കുറച്ചായി കുറയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
മാസ്‌ക് ഒഴിവാക്കിയും ചിലയിടത്ത് മാത്രം നിയന്ത്രണങ്ങൾ പിൻവലിച്ചും തുടങ്ങി. ഒട്ടേറെ രാജ്യങ്ങൾ കൊവിഡിനൊപ്പം ജീവിക്കാൻ ജനങ്ങൾ പൊരുത്തപ്പെടണമെന്ന നിലപാടിലാണ്. കൊവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് സ്‌പെയിൻ മാസ്‌ക് നിബന്ധന ഒഴിവാക്കിയത്.
സ്‌പെയിനിലെത്തുന്നവർ പൊതുയിടങ്ങളിൽ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാൽ പൊതുഗതാഗത സംവിധാനങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് വേണം. സാമൂഹിക അകലം ലംഘിക്കപ്പെടുന്നയിടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തു മാറ്റിയ ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഡെന്മാർക്ക്. ഉയർന്ന കൊവിഡ് വാക്‌സിനേഷൻ നിരക്ക് പരിഗണിച്ചാണ് ഡെന്മാർക്ക് നിയന്ത്രണങ്ങൾ നീക്കിയത്.
മാർച്ച് മുതൽ പൊതുയിടങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കിയതോടെ യുഎഇയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആശ്വാസമാണ്. വിനോദ സഞ്ചാര മേഖലകളിൽ സാമൂഹിക അകലവും നിർബന്ധമല്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കിയിട്ടില്ല.
ജനങ്ങൾ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നത് സുരക്ഷിതമാണെന്നാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കുന്നത്. ഇൻഡോർ-ഓട്ട്‌ഡോർ വ്യത്യാസമില്ലാതെയാണ് മാസ്‌ക് ഒഴിവാക്കിയിരിക്കുന്നത്. പൊതുയിടങ്ങളിലും മാസ്‌ക് നിർബന്ധമല്ലെന്ന് ഇറ്റലിയും തീരുമാനമെടുത്ത് കഴിഞ്ഞു. പക്ഷേ ചില സാഹചര്യങ്ങളിൽ പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കേണ്ടി വരും. ഇൻഡോർ പൊതുയിടങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും മാസ്‌ക് നിർബന്ധമാണ്. തിരക്കുള്ള സ്ഥലങ്ങളിൽ വൈറസ് ബാധ ഭയന്ന് നിരവധി പേരാണ് മാസ്‌ക് ധരിക്കുന്നത്.
മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോഗ്യ വിദഗ്ധർ പറയുന്നു...
മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു.
' കൊവിഡ് സമയത്ത് മാസ്ക് ധരിച്ചത് കൊണ്ട് നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സർജിക്കൽ മാസ്ക് അല്ലെങ്കിൽ എൻ95 മാസ്ക് ധരിച്ചത് കൊണ്ട് നമ്മുടെ ശരീരത്തിലേക്ക് വെെറസിന്റെ കയറുന്നതിന്റെ അളവ് കുറയുന്നുണ്ടായിരുന്നു. മാസ്ക് ഒരുപാട് സുരക്ഷിതത്വം നൽകിയിരുന്നു. കൊവിഡ് കുറയുന്ന ഈ സാഹചര്യത്തിൽ ഏതൊക്കെ സമയത്ത് മാസ്ക് ധരിക്കേണ്ട എന്നതിനെ കുറിച്ച് പറയാം. തുറസായ സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അല്ലെങ്കിൽ തിരക്കൊന്നും ഇല്ലാത്ത ഒരു സ്ഥലത്താണെങ്കിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ വലിയൊരു മാളിലോ തിരക്കുള്ള കടകളിലൊക്കെ നിൽക്കുകയാണെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കുക. മാസ്ക് ധരിക്കുന്നത് കൊവിഡിനെ തടയുക മാത്രമല്ല മറ്റ് പ്രശ്നങ്ങൾ, അലർജി പ്രശ്നം ഇവയെല്ലാം തടഞ്ഞു...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.
ചില സ്ഥലങ്ങളിലും മാസ്ക് ആവശ്യമില്ലെങ്കിലും ചില കാരണങ്ങളാൽ മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. വൈറസ് വികസിക്കുന്നത് തുടരുന്നു. ഭാവിയിൽ വേരിയന്റുകളുടെ ആവിർഭാവത്തിന്റെ അപകടസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
പകർച്ചവ്യാധികൾക്കിടയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ വാക്സിൻ എടുക്കുന്നതും മാസ്ക് ധരിക്കലുമാണെന്ന് ബഫലോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗത്തിന്റെ മേധാവിയായ ഡോ. തോമസ് റൂസോ പറഞ്ഞു.
Read more ; മാസ്ക്കൂരി മാറ്റിയാലോ? ചിരിക്കുന്ന മുഖങ്ങൾ കാണാം; ഡോക്ടറുടെ കുറിപ്പ് വായിക്കാം