കൊവിഡ് 19; പ്ലാസ്മ തെറാപ്പി ഫലപ്രദമോ? ഡോക്ടര്‍ പറയുന്നു...
ഡോ. നവ്യ തൈക്കാട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി എഴുതിയ ലേഖനം വായിക്കാം.
മരുന്നുകളും വാക്സിനുകളും ഇല്ലാതിരുന്ന അസുഖങ്ങൾക്ക്, മുൻകാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ചികിത്സാ രീതിയായിരുന്നു സീറം തെറപ്പി . രോഗമുക്തി നേടുന്ന രോഗികളിൽ നിന്ന്, രോഗാണുവിനെതിരെ, ശരീരം സൃഷ്ടിച്ച ആന്റിബോഡികളടങ്ങിയ രക്തം ശേഖരിക്കുന്ന രീതിയാണിത്. ഈ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൺവാലസന്റ് (രോഗമുക്തമായ) സീറം മറ്റൊരു രോഗിയ്ക്ക് നൽകുന്നതാണ് ചികിത്സ. സ്വാഭാവികമായി രോഗത്തിനെതിരെ ശരീരം നേടുന്ന ആർജ്ജിത പ്രതിരോധം, രോഗത്തിൽ നിന്ന് രക്ഷ നേടാൻ മറ്റൊരു വ്യക്തിയ്ക്ക് നൽകുന്നതാണ് ഈ പ്രക്രിയ.
മുൻപ് തൊണ്ടമുള്ള് (ഡിഫ്തീരിയ), അഞ്ചാംപനി, ചിക്കൻപോക്‌സ് തുടങ്ങിയ പല രോഗങ്ങൾക്കും സീറം തെറാപ്പി ഉപയോഗിച്ചിരുന്നു. എന്നാൽ ആൻറിബയോട്ടിക്കുകളും വാക്സിനുകളും കണ്ടുപിടിക്കപ്പെട്ടതോടെ, ഈ ചികിത്സാരീതിയുടെ പ്രസക്തി നഷ്ടപ്പെട്ടു. പതിറ്റാണ്ടുകൾക്കു ശേഷം ഈയിടെയാണ്, വൈദ്യശാസ്ത്രരംഗം, വീണ്ടും ഈ മുൻകാലചികിത്സാരീതി പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. പ്രതിരോധ മരുന്നോ, ഫലപ്രദമായ ചികിത്സയോ ഇല്ലാതിരുന്ന സാർസ്, മെർസ്, എബോള എന്നീ രോഗങ്ങൾ, പൊട്ടിപുറപ്പെട്ട സമയങ്ങളിൽ ഈ രീതി പരീക്ഷിച്ചിരുന്നു.
രോഗമുക്തി നേടിയ രോഗികളുടെ രക്തം നേരിട്ടോ, അല്ലെങ്കിൽ രക്തഘടകങ്ങളായ പ്ലാസ്മ, സീറം എന്നിവ വേർതിരിച്ചോ, നൽകാം. അതുമല്ലെങ്കിൽ പൂൾ ചെയ്ത ഇമ്മ്യൂണോഗ്ലോബിനോ, കൃത്രിമമായി സൃഷ്ടിച്ച മോണോക്ലോനൽ ആന്റിബോഡികളോ , മറ്റൊരു രോഗിയ്ക്ക് നൽകാം.
2005ൽ, ഹോങ് കോങ്ങിൽ, രോഗമുക്തരായവരിൽ നിന്നെടുത്ത, കൺവാലസന്റ് പ്ലാസ്മ, എണ്പതു സാർസ് രോഗികളിൽ പരീക്ഷിച്ചിരുന്നു. ഇതിൽ, രോഗം തുടങ്ങി രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ സീറം നൽകിയാൽ, രോഗം മൂർച്ചിക്കാനുള്ള സാധ്യത കുറഞ്ഞേക്കാം എന്ന് പറയുന്നുണ്ട്. ഈ പഠനത്തിൽ, പ്ലാസ്മ കൊടുക്കാത്ത ഒരു താരതമ്യ ഗ്രൂപ്പ് ഉണ്ടായിരുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. അത് കൊണ്ട് തന്നെ, ഈ പഠനത്തിൽ, സാർസ് രോഗത്തിന്, സീറം അല്ലെങ്കിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് അസന്നിഗ്ധമായി തെളിയിക്കാൻ സാധിച്ചില്ല.
സാർസ്, ഇൻഫ്ലുവൻസ എന്നീ വൈറൽ രോഗങ്ങൾക്ക്, പ്ലാസ്മ/സീറം ചികിത്സ പരീക്ഷിച്ചിരുന്ന പഠനങ്ങളുടെ അവലോകനത്തിൽ, ഇതൊരു ചികിത്സാ സാധ്യതയായി അംഗീകരിക്കുന്നുണ്ട്. ലഭ്യമായ പഠനങ്ങൾ ഒക്കെ തന്നെയും, ഉയർന്ന നിലവാരമുള്ളതോ, പഴുതുകളടച്ച ഗവേഷണരീതിയിലോ ആയിരുന്നില്ല എന്നതിനാൽ, ഇപ്പോഴും പൂർണ്ണമായും തെളിയിക്കപ്പെടാത്ത ഒരു സാധ്യതയായി ഇത് കരുതപ്പെടുന്നു. എബോള രോഗത്തിന്, ചില രോഗികളിൽ പ്ലാസ്മ ചികിത്സാ ഉപയോഗിച്ചെങ്കിലും, ഫലപ്രദമല്ല എന്നായിരുന്നു പ്രാഥമിക നിഗമനം.
ഇപ്പോൾ കൊവിഡ് 19 എന്ന ഈ പുതിയ രോഗത്തിന്, വാക്സിനോ, ഫലപ്രദമായ മരുന്നുകളോ ഇല്ലാത്ത സാഹചര്യത്തിൽ, സീറം/പ്ലാസ്മ ചികിത്സയുടെ സാധ്യത പരീക്ഷിക്കാൻ പല ഗവേഷണസ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ചൈന പത്ത് കൊവിഡ് 19 രോഗികളിൽ കൺവാല്സന്റ് പ്ലാസ്മ നൽകി ആദ്യപഠനം പൂർത്തിയാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് പ്ലാസ്മ തെറാപ്പി ഈ ചൈനീസ് പരീക്ഷണത്തിൽ പ്രയോഗിച്ചത് എന്നു നോക്കാം.
സീറം ദാതാവ്:- രോഗമുക്തരായ ദാതാക്കളിൽ നിന്നാണ്, ആന്റിബോഡികൾ നിറഞ്ഞ സീറം സ്വീകരിച്ചത്.
• രോഗലക്ഷണങ്ങൾ പൂർണമായി മാറിയതും, രണ്ട് നെഗറ്റീവ് പരിശോധനാഫലങ്ങൾ ലഭിച്ചവരുമായ വ്യക്തികൾ.
• ഇവർ പനി പൂർണ്ണമായും മാറി, മൂന്നു ദിവസമെങ്കിലും സാധാരണ ശരീരതാപം രേഖപ്പെടുത്തിയിട്ടുള്ളവരായിരുന്നു.
• രോഗം തുടങ്ങി മൂന്നാഴ്ച കഴിഞ്ഞതും, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി നാല് ദിവസത്തിന് ശേഷവുമാണ്, ഇവരിൽ നിന്ന് രക്തം സ്വീകരിച്ചത്. രക്തദാനത്തിന് മുൻപ്, സമ്മതപത്രവും വാങ്ങിയിരുന്നു.
ശേഖരിച്ച രക്തം പിന്നീട് 'സെൽ സേപ്പറേറ്റർ' എന്ന ഉപകരണത്തിന്റെ സഹായത്തോടെ, രക്താണുക്കളെ നീക്കം ചെയ്ത്, പ്ലാസ്മ മാത്രം വേർതിരിച്ചെടുത്തു. 200 മുതൽ 400 മില്ലി വരെ പ്ലാസ്മ വ്യക്തികളിൽ നിന്നെടുത്ത്, നാലു ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരുന്നു. മെഥിലീൻ ബ്ലൂ, അൾട്രാവയലറ്റ് രശ്മികൾ എന്നിവ ഉപയോഗിച്ചുള്ള, വൈറസ് നശീകരണ പ്രക്രിയയും നടത്തിയിരുന്നു. രക്തദാനം വഴി പകരുന്ന എച്.ഐ. വി, ഹെപ്പറ്റൈറ്റിസ് ബി, സി, മലേറിയ, സിഫിലസ് എന്നിവയുടെ രോഗാണുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തുന്നു.
ഇതോടൊപ്പം, കൊവിഡ് 19 ഉണ്ടാക്കുന്ന കൊറോണവൈറസിന്റെ സാന്നിധ്യം അവശേഷിക്കുന്നില്ല എന്നു കൂടി ആർ.എൻ.എ ടെസ്റ്റ് ഉപയോഗിച്ച് ഉറപ്പു വരുത്തിയിരുന്നു. ശേഖരിച്ച പ്ലാസ്മയിലെ ആൻറി ബോഡിയുടെ അളവ് കൂടി നിർണ്ണയിച്ചതിന് ശേഷമാണ് രോഗബാധിതരിൽ നൽകിയത്.
പഠനഫലം
പത്തിൽ അഞ്ചുപേർക്ക്, പ്ലാസ്മസ്വീകരണത്തിന് ശേഷം, വൈറസിനെതിരെയുള്ള ആൻറിബോഡി രക്തത്തിൽ കൂടിയതായി കണ്ടെത്താനായി. നാലുപേരിൽ കാര്യമായ മാറ്റം ഒന്നും കണ്ടെത്താനായില്ല. ഒരു രോഗിയിൽ പരിശോധന നടത്താൻസാധിച്ചില്ല എന്നു പറയുന്നു. ഈ ചികിത്സ നൽകി, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ രോഗികളിൽ, കൊറോണ വൈറസ് ആർ.എൻ.എ പരിശോധനകൾ നെഗറ്റീവ് ആയി വന്നിരുന്നു. രണ്ടു രോഗികളിൽ ചെറിയ രീതിയിലുള്ള അലർജിയുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും, ഒന്നും തന്നെ ഗുരുതരമായിരുന്നില്ല.
പത്ത് പേരിൽ മാത്രം നടത്തിയ വളരെ ചെറിയ ഒരു പഠനം ആയിരുന്നു എന്നതും, ഒരു താരതമ്യ ഗ്രൂപ്പ് ഇല്ലാതിരുന്നു എന്നതും പോരായ്‌മകൾ ആയി ചൂണ്ടികാണിക്കപ്പെടുന്നുണ്ടെങ്കിലും. ഈ ചികിത്സാരീതിയുടെ രോഗസൗഖ്യ സാധ്യത ലോകത്തിന് പ്രതീക്ഷ നൽകുന്നു. അമേരിക്കയിലും പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള മരുന്നു പരീക്ഷണങ്ങൾ ആരംഭിക്കുകയാണ്. കേരളവും ഇതിന് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി, അനുമതിക്കായി കാത്തുനിൽക്കുന്നു.
അനേകം പേരിൽ നടത്താനിരിക്കുന്ന വലിയ പഠനങ്ങളിൽ, ഇത് ഫലപ്രദമായി തെളിഞ്ഞാൽ, മറ്റു മരുന്നുകളൊന്നും നിലവിൽ ഇല്ലാത്ത, കൊവിഡ് 19നെ നേരിടാൻ ഒരു പ്രധാന ആയുധമായി ഇത് മാറിയേക്കാം.
പൊതുവിൽ കൺവാലസന്റ് പ്ലാസ്മ രോഗചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ ഉണ്ടാകാറുള്ള ചില പരിമിതികളുണ്ട്.
1. രോഗമുക്തി നേടി വരുന്നവർ രക്തദാനത്തിന് തയ്യാറാവണം. അങ്ങനെ തയ്യാറായി വരുന്നവരിൽ ഉയർന്ന അളവിൽ ആൻറിബോഡികൾ ഉണ്ടായിരിക്കണം. രോഗമുക്തരായവരിൽ ഏതാനും ആഴ്ച്ചകൾ കഴിഞ്ഞാൽ തന്നെ ആന്റിബോഡികളുടെ അളവ് കുറഞ്ഞു വരും.
2. സാധാരണയായി ചികിത്സയ്ക്ക് നൽകുന്ന മരുന്നുകൾ പോലെയല്ല, ഒരൽപം സങ്കീർണമായ പ്രക്രിയയാണ് ഈ ചികിത്സ. ദാനം ചെയ്ത രക്തത്തിൽ വൈറസിനെ അംശമില്ല എന്നും, രക്തദാനത്തിലൂടെ പകരുന്ന മറ്റ് പല രോഗാണുക്കളും ഇല്ല എന്നു കൂടി ഉറപ്പു വരുത്തണം.
3. അപൂർവമായി ഗുരുതര അലർജികൾ മറ്റൊരു വ്യക്തിയുടെ പ്ലാസ്മ/സീറം നൽകുമ്പോൾ വരാം എന്നത് കൊണ്ട്, ഐ.സി.യു സൗകര്യങ്ങൾ ഉറപ്പുവരുത്തണം.
4. രോഗികളുടെ രക്തശേഖരണം, അവയുടെ ലാബ്സംസ്കരണം തുടങ്ങിയ അനേകം പ്രക്രിയകൾ വേണ്ടി വരുന്നതിനാൽ തന്നെ, ആരോഗ്യ പ്രവർത്തകർക്കുള്ള എക്സ്പോഷർ സാധ്യതകൾ കൂടാൻ ഇടയുണ്ട്. ഇതിന് അനുസൃതമായി, വിപുലമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതായി വരും.
മുൻകാലങ്ങളിൽ, ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾക്ക് എക്സ്പോഷർ ഉണ്ടായവരിൽ, രോഗം വരാതിരിക്കാൻ, വാക്സിനു പകരം കൺവാലസന്റ് സീറം നൽകിയിരുന്നു. ഇത് രോഗം വരാതിരിക്കാനും, അഥവാ വന്നാൽ തന്നെ, ഗുരുതരം ആവാതിരിക്കാൻ സഹായിച്ചിരുന്നു. ദാതാവിന്റെ രക്തത്തിൽ നിന്ന് സീറം വേർതിരിക്കാൻ സങ്കീർണ്ണമായ പ്രക്രിയകൾ ആവശ്യമില്ല.
ഇതുപോലെ രോഗം വരുന്നതിനു മുൻപോ, ആദ്യലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെയോ നൽകിയാൽ മാത്രമേ പ്ലാസ്മ/സിറം തെറാപ്പി ഫലപ്രദമാവാൻ സാധ്യതയുള്ളൂ. ആദ്യ ഘട്ടത്തിനു ശേഷമോ, ഗുരുതരാവസ്ഥയിലേയ്ക്കെത്തുമ്പോഴോ, ഈ ചികിത്സ നൽകുന്നതുകൊണ്ട് ഗുണം ലഭിക്കാൻ സാധ്യത നന്നേ കുറവാണ്.
ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ട് പോകുന്ന ആധുനികവൈദ്യശാസ്ത്രം, നിക്ഷ്പക്ഷമായാണ് ഈ പ്ലാസ്മ/സീറം ചികിത്സാരീതിയുടെ സാധ്യതകൾ പരിശോധിക്കുന്നത്. എന്നാൽ പിടിച്ചു കെട്ടാനാവാതെ കുതിയ്ക്കുന്ന ഈ നൂതന രോഗത്തിന്, കേരളമടക്കം തുടങ്ങാൻ കാത്തു നിൽക്കുന്ന ഈ ചികിത്സാരീതിയുടെ, ഫലങ്ങൾ അറിയാൻ ലോകസമൂഹം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.