'കൊവിഡ് 19നെ ഇപ്പോഴും പേടിക്കണം'; കാരണം വിശദീകരിച്ച് ലോകാരോഗ്യ സംഘടന...
ജെഎൻ 1 തന്നെയാണ് കൊവിഡ് കേസുകളുയര്‍ത്തുന്നത്. മുമ്പത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങള്‍ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്.
ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമായിരിക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് കാണുന്നത്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങള്‍ അടക്കം പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന സാഹചര്യം തന്നെയാണുള്ളത്.
ജെഎൻ 1 എന്ന വൈറസ് വകഭേദമാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് കേസുകളുണ്ടാക്കുന്നത്. ഇപ്പോള്‍ കേസുകള്‍ കൂടുതലാണെന്ന് പറയുമ്പോഴും കൊവിഡിനോട് ആളുകള്‍ക്ക് മുമ്പുണ്ടായിരുന്ന പേടിയോ ആശങ്കയോ ഇല്ല എന്നതാണ് സത്യം.
പക്ഷേ നിസാരമായ ഈ മനോഭാവം നല്ലതല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ നടത്തുന്നത്. കൊവിഡ് 19നെ ഇപ്പോഴും പേടിക്കേണ്ടതുണ്ട് അത് ഇനിയും ഭീഷണിയായി നിലനില്‍ക്കുകയാണ് എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം അറിയിക്കുന്നത്.
'ഇക്കഴിഞ്ഞ മാസങ്ങളില്‍ പലയിടത്തും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്‍റെ തോത് നാല്‍പത് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നു. ഐസിയു ആവശ്യങ്ങള്‍ 60 ശതമാനത്തിലധികം ഉയര്‍ന്ന സാഹചര്യം വരെ കണ്ടു. ഒരു മാസത്തില്‍ പതിനായിരം പേരാണ് രോഗം മൂലം മരിക്കുന്നത് എങ്കില്‍ അതെല്ലാം തന്നെ നമുക്ക് തടയാൻ കഴിയുമായിരുന്ന മരണങ്ങളായാണ് കണക്കാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഈ മരണങ്ങള്‍ നമുക്ക് അംഗീകരിക്കാൻ സാധിക്കുമോ? ഇല്ല...' - ടെഡ്രോസ് അഥനോം പറയുന്നു.
ജെഎൻ 1 തന്നെയാണ് കൊവിഡ് കേസുകളുയര്‍ത്തുന്നത്. മുമ്പത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങള്‍ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്. ഓരോ രാജ്യത്തും അതത് സര്‍ക്കാരുകള്‍ ജാഗ്രതയോടെ തുടരണം. ഓരോ വ്യക്തിക്കും ഈ ജാഗ്രത ആവശ്യമാണ്. പരിശോധന, വാക്സിനേഷൻ എന്നിവയെല്ലാം ഉറപ്പാക്കണം- ടെഡ്രോസ് അഥാനോം ഓര്‍മ്മപ്പെടുത്തുന്നു.
കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി, മരണം കൂടി എന്ന വസ്തുതകളെല്ലാമാണ് ആശങ്ക സൃഷ്ടിക്കുന്നത്. മുമ്പേ നാം പിന്തുടര്‍ന്നിരുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെയാണ് ഇപ്പോഴും പിന്തുടരേണ്ടത്. കഴിയുന്നതും ആള്‍ക്കൂട്ടം ഒഴിവാക്കുക, ഗുണമുള്ള മാസ്ക് ഉപയോഗിക്കുക, കൈകള്‍ വൃത്തിയായി കഴുകിസൂക്ഷിക്കുക, രോഗമുള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക, വാക്സിനെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊതുവില്‍ ശ്രദ്ധിക്കാനുള്ളത്.
Also Read:- കൊവിഡ് ജലദോഷവും സാധാരണ ജലദോഷവും തിരിച്ചറിയുന്നത് എങ്ങനെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-