കൊവിഡ് 19; ഇന്ത്യയിലെ മരണനിരക്ക് ഇങ്ങനെ...
കൊവിഡ് 19 മരണനിരക്ക് കൂടുന്നതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ സമയത്ത് രോഗം കണ്ടുപിടിക്കാതിരിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുക എന്നീ ഘടകങ്ങളാണെന്നും ഈ രണ്ട് കാര്യങ്ങളിലും രാജ്യം വളരെയധികം മെച്ചപ്പെട്ട അവസ്ഥയിലാണുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു
ഏറെ ആശങ്കകള്‍ പരത്തിക്കൊണ്ടാണ് രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 3,163 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണമാകട്ടെ ഒരു ലക്ഷം കടക്കുകയും ചെയ്തു. കൃത്യമായിപ്പറഞ്ഞാല്‍ 1,01,139 കൊവിഡ് രോഗികളാണ് ഇന്ന് രാജ്യത്തുള്ളത്.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യങ്ങളിലേയും മരണനിരക്ക് കണക്കാക്കുമ്പോള്‍ ഇന്ത്യയിലേത് വരുന്നത് ഇങ്ങനെയാണ്. ഒരു ലക്ഷം പേര്‍ക്ക് 0.2 മരണം. ആഗോളതലത്തിലാണെങ്കില്‍ ലക്ഷം പേര്‍ക്ക് 4.1 എന്ന തരത്തിലാണുള്ളത്.
രാജ്യത്ത് തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിക്കപ്പെട്ടുവെന്നും ഇതുവരെ 24 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് 19 മരണനിരക്ക് കൂടുന്നതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ സമയത്ത് രോഗം കണ്ടുപിടിക്കാതിരിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുക എന്നീ ഘടകങ്ങളാണെന്നും ഈ രണ്ട് കാര്യങ്ങളിലും രാജ്യം വളരെയധികം മെച്ചപ്പെട്ട അവസ്ഥയിലാണുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
തുടക്കത്തില്‍ കൊവിഡ് 19 സാമ്പിളുകള്‍ പരിശോധിക്കാന്‍ സജ്ജമായ ഒരേയൊരു ലബോറട്ടറിയേ രാജ്യത്ത് ഉണ്ടായിരുന്നുവുള്ളൂ, എന്നാല്‍ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് തന്നെ 385 സര്‍ക്കാര്‍ ലബോറട്ടറികളും 158 സ്വകാര്യ ലബോറട്ടറികളും ഇതിന് സജ്ജമായി. ഓരോ സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടേയും സ്വകാര്യ മെഡിക്കല്‍ കോളേജുകളുടേയും സ്വകാര്യ ആരോഗ്യരംഗത്തിന്റേയും കേന്ദ്രസര്‍ക്കാര്‍ ലാബുകളുടേയുമെല്ലാം സഹായത്തോടെ ദ്രുതഗതിയിലാണ് കൊവിഡ് 19 സാമ്പിളുകള്‍ പരിശോധിച്ചുവന്നത്. ഇത് സമയബന്ധിതമായ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നതിന് കാരണമായി. മരണനിരക്ക് ഭീകരമാം വിധം ഉയരാതിരിക്കാന്‍ ഇത് സഹായിച്ചു- മന്ത്രാലയം വ്യക്തമാക്കുന്നു.
ഇതിന് പുറമെ പരിശോധനയ്ക്കാവശ്യമായ സാധനങ്ങള്‍ നേരത്തേ പുറമെ നിന്ന് മാത്രമാണ് വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പല ഇന്ത്യന്‍ കമ്പനികളും ഇവ നിര്‍മ്മിച്ചുനല്‍കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
Also Read:- കൊവിഡിനെതിരായ ആദ്യ വാക്‌സിന്‍; ഒന്നാംഘട്ട പരീക്ഷണം വിജയകരമെന്ന് മരുന്ന് കമ്പനി...
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മരണനിരക്ക് വിലയിരുത്തുമ്പോള്‍ യുഎസ്, യുകെ, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെയെല്ലാം കണക്ക് ഞെട്ടിക്കുന്നതാണ്.
87,180 പേര്‍ മരിച്ച യുഎസില്‍ ലക്ഷം പേര്‍ക്ക് 26.6 എന്നതാണ് മരണനിരക്കിന്റെ തോത്. യുകെയിലാണെങ്കില്‍ 34,636 മരണത്തോടെ 52.1, ഇറ്റലിയില്‍ 31,908 മരണത്തോടെ 52.8, സ്‌പെയിനില്‍ 27,650 മരണത്തോടെ 59.2 എന്നിങ്ങനെ പോകുന്നു കണക്ക്.
കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ ഇതുവരെ 4,645 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇവിടെ ലക്ഷം പേര്‍ക്ക് 0.3 എന്ന തോതിലാണ് മരണനിരക്ക് നില്‍ക്കുന്നത്.