കൊവിഡും മാനസികാരോഗ്യവും; പരിഹരിക്കാന്‍ വഴികളുണ്ട്...
കൊവിഡ് നമുക്ക് നൽകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ലഖുവായതും കഠിനവുമായ മാനസികാരോഗ്യ പ്രശ്നങ്ങൾ കൊവിഡ് മൂലം ഉണ്ടാവുന്നു.
ആരോഗ്യം എന്നതിന് ലോകാരോഗ്യ സംഘടന നൽകുന്ന നിർവചനത്തിൽ ആവശ്യ ഘടകമാണ് മാനസികാരോഗ്യം. ഒരു വ്യക്തിയുടെ ആരോഗ്യം പൂര്‍ണമാവണമെങ്കില്‍ മാനസിക ആരോഗ്യം കൂടി കൈവരിക്കേണ്ടതാണ്. സമ്പൂര്‍ണ്ണ ആരോഗ്യം എന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, അത് ശാരീരീകവും, മാനസികവും സാമൂഹികവുമായ ഒരു സ്ഥിതിയാണ്.
ശരീരവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തെ ബാധിക്കുന്ന അവസ്ഥകൾ, രോഗങ്ങൾ എന്നിവ മനസിനെ ബാധിക്കും. നോക്കൂ.. മുഖത്ത് ഒരു മുഖക്കുരു വന്നാൽ തന്നെ ഒരു കൗമാര പ്രായത്തിലുള്ള വ്യക്തിക്ക് എന്ത് മനഃക്ലേശമാണ് ഉണ്ടാവുന്നത് ? അതുപോലെ തന്നെയാണ് ഏതൊരു തരത്തിലുള്ള അസുഖവും. അത് മനസ്സിന് അസ്വസ്ഥത ഉണ്ടാക്കും.
ഓരോ വ്യക്തിയിലും അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകൾ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി, മുൻകാല അനുഭവങ്ങൾ എന്നിവ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ചില വ്യക്തികൾ ഏതു കാര്യത്തെയും നിസാരമായി കാണുന്നവരാണ്. എന്ത് വന്നാലും തനിക്കു ഒന്നുമില്ലെന്ന ഒരു ഭാവം. മറ്റു ചിലർ ഏതു ദുർഘടാവസ്ഥയെയും ക്ഷമയോടെ നേരിടും. വേറെ ചിലർ എത്ര നിസാരമായ പ്രശ്നമോ പ്രതിസന്ധിയെ വന്നാലും കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാവും. ചിലർ പ്രശനങ്ങൾക്ക് മുൻപിൽ അത് ആരോഗ്യ പ്രശ്നമോ, മറ്റെന്തെങ്കിലുമോ ആവട്ടെ, തകർന്നു പോകും. പൊരുത്തപ്പെടുവാനുള്ള കഴിവ് (Coping Strategy) വ്യത്യസ്തമാണ്.
കൊവിഡ് നമുക്ക് നൽകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ലഖുവായതും കഠിനവുമായ മാനസികാരോഗ്യ പ്രശ്നങ്ങൾ കൊവിഡ് മൂലം ഉണ്ടാവുന്നു.
അമിതമായ ആശങ്ക, ഉത്കണ്ഠ, ഭയം, വിഷാദം എന്നിവയാണ് പ്രധാനം. രോഗം തനിക്കും കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും, സഹപ്രവർത്തകർക്കും വരുമോ എന്ന ആശങ്ക അധികമായി ഉണ്ടാവുന്നു. എപ്പോഴും അതീവ ജാഗ്രതയോടെയിരിക്കും, വല്ലാത്ത പിരിമുറുക്കം ഉണ്ടാവും. സാധാരണ ടെൻഷൻ എന്ന് എല്ലാവരും പറയുന്ന അവസ്ഥ അധികമായുണ്ടാവും.
ഉറക്കം കുറയുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയും കഴപ്പും അനുഭവപ്പെടുക, വിശപ്പ് കുറയുക, ശ്രദ്ധ കുറയുക, സന്തോഷം അനുഭവപ്പെടാതിരിക്കുക, ഉത്സാഹം കുറയുക, ഉന്മേഷം കുറയുക, തീരുമാനങ്ങളെടുക്കാൻ പ്രയാസം നേരിടുക, മറവി, ശാരീരികവും മാനസികവുമായ മന്ദത ഉണ്ടാവുക, സങ്കടം, കരച്ചിൽ, വിഷാദ ഭാവം ഇങ്ങനെ വ്യത്യസ്തമായ ലക്ഷണങ്ങൾ പ്രകടമാകും.
രണ്ടാഴ്ചയോ അതിലേറെയോ ഇത്തരം ലക്ഷണങ്ങൾ നിലനിന്നാൽ ആത് വിഷാദ രോഗത്തിന്റെ സൂചനയാകാം. ആത്മഹത്യാ ചിന്തയും ഉണ്ടാവാൻ ഇടയുണ്ട്. ജനിതക ഘടകങ്ങൾ, ജീവിത സാഹചര്യങ്ങൾ, പ്രതിസന്ധികളെ നേരിടുന്ന ശൈലി ഇവയെല്ലാം മാനസികാരോഗ്യത്തെ സ്വാധീനിക്കും.
വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയം ഫലപ്രദമാവാതെ വരാം. സംസാരത്തിലും, വികാര പ്രകടനങ്ങളിലും സാരമായ വ്യതിയാനങ്ങൾ ഉണ്ടാവാം. ദേഷ്യവും ക്ഷമയില്ലായ്മയും അനുഭവപ്പെടാം. വ്യക്തി ബന്ധങ്ങൾ, ദാമ്പത്യ ബന്ധം എന്നിവയെ പോലും ഇത് ബാധിക്കാം. ഗാർഹിക പീഡനങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്. പുരുഷന്മാരിൽ ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഇത്തരം മാനസിക പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഫോൺ വഴി ആശയ വിനിമയം നടത്തുക, പ്രിയപ്പെട്ടവരോട് സംസാരിക്കുക, ആശങ്കകൾ പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക, പാട്ടു കേൾക്കുക, ക്രമാതീതമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക, പടം വരയ്ക്കുക, കൃഷി പണികൾ ചെയ്യുക, പൂന്തോട്ടം നിർമ്മിക്കുക, ചെടികൾ വച്ച് പിടിപ്പിക്കുക, അടുക്കളത്തോട്ടം തയ്യാറാക്കുക, പച്ചക്കറി വിത്തുകൾ വാങ്ങി നടുകയും പരിപാലിക്കുകയും ചെയ്യുക, ടെലിവിഷനിൽ വിനോദ പരിപാടികൾ കാണുക, ജീവിതത്തെക്കുറിച്ചു ഒരു ഇതിനൊട്ടം നടത്തുക, സ്വന്തം ജീവിതാനുഭവങ്ങളിലെ നല്ല കാര്യങ്ങളും നിർണ്ണായക സംഭവങ്ങളും വഴിത്തിരിവുകളും, പ്രതിസന്ധികളും അവയുടെ അതിജീവനവും ഒക്കെ ഓർത്തെടുക്കാനും പറ്റുമെങ്കിൽ പറയാനും എഴുതാനും ശ്രമിക്കുക. മക്കളുടെയോ മറ്റു സഹായികളുടെയോ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.
കുട്ടികളെയും, സ്ത്രീകളെയും, മുതിര്‍ന്ന പൗരന്മാരെയും അവരുടെ മാനസികാരോഗ്യത്തെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കം വർദ്ധിക്കുന്നത് യഥാസമയം തിരിച്ചറിയുകയും മാനസികാരോഗ്യം വീണ്ടെടുക്കുകയും വേണം. നേരത്തെ സൂചിപ്പിച്ച പ്രകാരമുള്ള ക്രിയാത്മക കാര്യങ്ങളിൽ ഇടപെടുക, പ്രാർത്ഥന, യോഗ, മെഡിറ്റേഷൻ ഇവയൊക്കെ മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായകരമാണ്.
ഡോക്ടർമാർ, നഴ്സ്‌മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ ഒക്കെ കടുത്ത മാനസിക സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആവുന്നത് യഥാസമയം തിരിച്ചറിയണം. കൊവിഡ് മുന്നണിപ്പോരാളികൾ എന്ന നിലയിൽ സ്വയം രക്ഷ നോക്കുക. പിരിമുറുക്കം ലഘൂകരിക്കുന്ന മാർഗ്ഗങ്ങൾ അവലംബിക്കുകയും വേണം. ആരും തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് അതീതരല്ല.
കൊവിഡ് ബാധിതരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവതരമാണ്. ബന്ധുക്കളിൽ നിന്നും അകന്ന് കഴിയേണ്ടി വരുന്നതുമൂലം ഒറ്റപ്പെടലും വിഷമവും മനഃപ്രയാസവും ഉണ്ടാവുന്നു. തന്നിൽ നിന്നും മറ്റുള്ളവർക്ക് പകർന്നിരിക്കുമോ എന്നും, മറ്റുള്ളവർ കൊവിഡ് ബാധിച്ച തന്നെ എങ്ങനെ നോക്കിക്കാണും എന്നൊക്കെ ചിന്തിച്ചു മനസ്സ് വിഷാദാത്മകമാവും. അവർക്കു ആത്മവിശ്വാസം പകർന്നു നൽകണം. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അവരോട് സംസാരിക്കണം.
ദിശ ഹെല്പ് ലൈൻ 1056 എന്ന നമ്പറിൽ വിളിച്ച് സംശയങ്ങൾ ദൂരീകരിക്കുകയും കൗൺസിലിംഗ് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യാം. എല്ലാ ജില്ലകളിലെയും മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകൾ വഴിയും, തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും 'ആശ്വാസ്' ക്ലിനിക്കുകൾ വഴിയും, മാനസികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താലൂക്ക് ആശുപത്രികൾ, കൊവിഡ് ആശുപത്രികൾ എന്നിവ വഴിയും മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനുമുള്ള ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.
എഴുതിയത്:
ഡോ സാഗർ ടി,
കോൺസൾട്ടന്റെ (സൈക്യാട്രി)
മാനസിക ആരോഗ്യ കേന്ദ്രം, പേരൂർക്കട
തിരുവനന്തപുരം - ഫോൺ: 9605002836
E-Mail : drtsagarmph@gmail.com