ക്ഷീണം, ശ്വാസ തടസ്സം,വിയർക്കുക, കൊവിഡ് ബാധിച്ചതാണോ എന്ന സംശയം: ലോക്ക് ഡൗണിൽ സാധ്യതയുള്ള മാനസിക പ്രശ്നങ്ങള്‍
ചികിത്സ തേടുന്ന നല്ലൊരു ശതമാനം ആളുകളിലും ക്ഷീണം, ശ്വാസ തടസ്സം, കൊവിഡ് ബാധിച്ചതാണോ എന്ന സംശയം എന്നീ അവസ്ഥകള്‍ കാണാന്‍ കഴിയും. പക്ഷേ പലരിലും ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആണ് എങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കാണുന്നു.
രാവിലെ തിരക്കു പിടിച്ച് ജോലിസ്ഥലത്തേക്ക് പോകേണ്ടതില്ല, സുഹൃദ കൂട്ടായ്മകളും, ബന്ധു വീടുകളിലേക്കുള്ള സന്ദർശനവും എന്തിന് ബോറടിക്കുമ്പോള്‍ വെറുതെ പുറത്തേക്കൊന്നു ഇറങ്ങി വെറുതെ ഒരു ഡ്രൈവിനു പോകാനോ പോലും സാധിക്കാത്ത അവസ്ഥ. കൊവിഡ് പരമാവധി തടയുക എന്നതു തന്നെയാണ് നാം ഇപ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്.
മഹാമാരിയുടെ കാലം നമ്മുടെ ഒക്കെ ജീവിതത്തെ പല രീതികളില്‍ മാറ്റിമറിച്ചു. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊവിഡിനെക്കാൾ അധികം ഹാർട്ട് അറ്റാക്കിനെയും, മറ്റു രോഗാവസ്ഥയും ഒക്കെ വന്നാലോ എന്നു ആലോചിച്ചു ഭയന്നുപോയ ആളുകള്‍ ചികിത്സ തേടിയിരുന്നു. തങ്ങൾക്ക് ഒരു ശാരീരിക രോഗവും ഇപ്പോള്‍ ഇല്ല, എല്ലാം മനസ്സിന്റെ ഭയമാണ് എന്നതിനാല്‍ മന:ശാസ്ത്ര ചികിത്സയ്ക്ക് റെഫര്‍ ചെയ്യപ്പെട്ടവര്‍ നിരവധിയാണ്.
ഇപ്പോള്‍ ഈ ലോക്ക് ഡൗണിലും സമാനമായ ഒരു രീതി കാണാന്‍ കഴിയും. ചികിത്സ തേടുന്ന നല്ലൊരു ശതമാനം ആളുകളിലും ക്ഷീണം, ശ്വാസ തടസ്സം, കൊവിഡ് ബാധിച്ചതാണോ എന്ന സംശയം എന്നീ അവസ്ഥകള്‍ കാണാന്‍ കഴിയും. പക്ഷേ പലരിലും ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആണ് എങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കാണുന്നു.
ഇതോടൊപ്പം തന്നെ വലിയ മാനസിക സമ്മർദ്ദവും ഇത്തരം ആളുകളില്‍ കാണാന്‍ കഴിയും. ക്ഷീണം, ശ്വാസ തടസ്സം, നെഞ്ചിടിപ്പുയരുക, നെഞ്ചിനു ഭാരം തോന്നുക, വിയർക്കുക, തലചുറ്റല്‍, തലയ്ക്ക് ഭാരം അനുഭവപ്പെടുക, തൊണ്ടയില്‍ എന്തോ തടഞ്ഞു നിൽക്കുന്നത് പോലെ അനുഭവപ്പെടുക, വയറിന് അസ്വസ്ഥത, മരണം സംഭവിക്കാന്‍ പോകുകയാണോ എന്നുപോലും തോന്നിപോകുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ ചികിത്സതേടി വിളിക്കുന്ന പല ആളുകളും കണ്ടുവരുന്നുണ്ട്.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ ശരീരത്തിന്റെ ആ രോഗങ്ങളായി ഒറ്റനോട്ടത്തില്‍ തോന്നിയാലും പരിശോധനയിലും ടെസ്റ്റുകളിലും അങ്ങനെ ഒരു ശരീരികരോഗങ്ങളും കണ്ടെത്താന്‍ കഴിയില്ല. ഇതുതന്നെയാണ് ഇവയെല്ലാം. മനസ്സിന്റെ ആധികൊണ്ട് മാത്രം പ്രകടമാകുന്ന ലക്ഷണങ്ങള്‍ മാത്രമാണ് എന്ന കണ്ടെത്തലില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നത്.
യഥാർത്ഥ ശാരീരിക രോഗങ്ങള്‍ ഉള്ളയാളും മനസ്സിന്റെ സമ്മർദ്ദം മൂലം ഈ ലക്ഷണങ്ങള്‍ ഉണ്ടാവുന്നയാളും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തെ ആളില്‍ ടെസ്റ്റുകളില്‍ പ്രശ്നങ്ങള്‍ തിരിച്ചറിയനാവും എന്നതും രണ്ടാമത്തതില്‍ ടെസ്റ്റ് റിപ്പോർട്ടുകള്‍ എല്ലാം നെഗറ്റീവ് ആയിരിക്കുമ്പോഴും രോഗം ഉണ്ടെന്ന തോന്നലും ലക്ഷണങ്ങളും ഉണ്ടാവും എന്നതുമാണ്.
മാനസിക സമ്മർദ്ദമുള്ളവരില്‍ അകാരണ ഭയവും വളരെ ഉത്‌ക്കണ്‌ഠ നിറഞ്ഞ ചിന്തകളും ഉണ്ടാകുമ്പോഴായിരിക്കും അധികമായി ശാരീരിക രോഗമാണോ എന്ന ചിന്ത കയറി വരിക. എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയങ്ങളില്‍ അവരില്‍ ഈ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നാറില്ല. എന്നാല്‍ അമിതമായി ചിന്തിക്കാന്‍ സമയമുള്ള അവസരങ്ങളില്‍ മാത്രമാണ് ഈ ആധികള്‍ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കാറുള്ളത് എന്നുംപലരും പറയുന്ന കാര്യമാണ്.
ഇപ്പോള്‍ രോഗം ഇല്ലാത്തവരില്‍ ഇനി എന്തെങ്കിലും രോഗം വന്നാലോ, അങ്ങനെ സംഭവിച്ചാല്‍ എങ്ങനെ വൈദ്യസഹായം ലഭിക്കും, ഗർഭിണികളില്‍ കൊവിഡ് കാലത്ത് പ്രസവസമയത്ത് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളെപ്പറ്റിയുള്ള ആധി ഇങ്ങനെയെല്ലാം ഈ കാലയളവില്‍ സാധ്യതയുണ്ട്.
എന്താണ് പ്രതിവിധി?
അനാവശ്യമായി മനസ്സിനെ ഉത്‌ക്കണ്‌ഠപ്പെടുത്തുന്ന ചിന്തകളെ ഒഴിവാക്കാന്‍ പഠിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. 'Cognitive Behaviour Therapy' (CBT) എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ഇതു സാധ്യമാണ്. ഒരു ക്ലിനിക്കൽ സെെക്കോളജിസ്റ്റിനെ സമീപിച്ച് ആദ്യം മനസ്സിന്റെ ടെൻഷന്‍/ ആധി കുറയ്ക്കാന്‍ സഹായിക്കുന്ന progressive muscle relaxation technique, guided imagery technique എന്നിവ പരിശീലിക്കുകയാണ് ആദ്യ പടി.
കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്ന മൂന്ന് തരം വളർത്തു രീതികള്‍
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona