Coronavirus : കൊറോണ വൈറസ് ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. ജേണല്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Coronavirus Can Spread to Heart and Brain Days After Infection

കൊവിഡ് 19 (Covid 19) പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് (Coronavirus) ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും (Heart) തലച്ചോറിനെയും (Brain) വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് (National Institutes of Health) ആണ് പഠനം നടത്തിയത്. 

കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, കൊറോണ വൈറസ് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്നും ദീര്‍ഘകാലം അവയ്ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണമെന്നും ഗവേഷകര്‍ പറയുന്നു. ജേണല്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

കൊവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ  ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശസംയുക്തങ്ങള്‍ ഗവേഷണത്തിന്‍റെ ഭാഗമായി പഠനവിധേയമാക്കി. രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ ശേഖരിച്ചത്. ശ്വാസകോശം, ഹൃദയം, അഡ്രിനല്‍ ഗ്രന്ഥി, ചെറുകുടല്‍ എന്നിങ്ങനെ പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ച കോശങ്ങളെ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളും ഗവേഷകര്‍ അവലംബിച്ചു. 230 ദിവസം വരെയൊക്കെ തലച്ചോര്‍ ഉള്‍പ്പെടെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വൈറസ് ആര്‍എന്‍എയുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

നേരത്തെ കൊവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജർമൻ പഠനം സൂചിപ്പിച്ചിരുന്നു. രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും  പഠനത്തിൽ പറയുന്നു. ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 

കൂടുതൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നും അതിൽ നിന്നും ലഭിക്കുന്ന ഫലങ്ങളും സമാനമാണെങ്കിൽ കൊവിഡ് 19 മഹാമാരി ഭാവിയിൽ ഹൃദയപ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ജാമ കാർഡിയോളജിയിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ ഹൃദ്രോ​ഗ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Also Read: ഡെല്‍റ്റയെക്കാള്‍ രോഗതീവ്രത കുറവോ ഒമിക്രോണിന്?

Latest Videos
Follow Us:
Download App:
  • android
  • ios