Asianet News MalayalamAsianet News Malayalam

എല്ലുകളിലെ അര്‍ബുദം; ശരീരം പ്രധാനമായും കാണിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍

എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണിത്. രോഗലക്ഷണങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 

common symptoms of bone cancer
Author
First Published Jun 2, 2024, 3:05 PM IST | Last Updated Jun 2, 2024, 3:09 PM IST

എല്ലുകളിലെ അര്‍ബുദം അഥവാ അസ്ഥിയെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നത് താരതമ്യേന അപൂർവമാണെങ്കിലും, മനുഷ്യ ശരീരത്തിലെ 206 അസ്ഥികളിൽ ഏതെങ്കിലുമൊന്നിനെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണിത്. രോഗലക്ഷണങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.  എല്ലാവരും അറിഞ്ഞിരിക്കേണ്ട ബോൺ ക്യാൻസറിൻ്റെ അഞ്ച് സാധാരണ ലക്ഷണങ്ങൾ ഇതാ: 

1. സ്ഥിരമായ അസ്ഥി വേദന

ട്യൂമർ സ്ഥിതി ചെയ്യുന്ന അസ്ഥിയിലെ വിട്ടുമാറാത്ത വേദനയും വീക്കവും നീര്‍ക്കെട്ടുമാണ് എല്ലുകളിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണം. ഈ വേദന രാത്രിയില്‍ കഠിനമാവുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. അസ്ഥി ക്യാൻസർ ബാധിച്ച 70% രോഗികളും പ്രധാന ലക്ഷണമായി വേദന റിപ്പോർട്ട് ചെയ്യുന്നു.

2. മുഴ

മുഴയാണ് എല്ലുകളിലെ അര്‍ബുദത്തിന്‍റെ മറ്റൊരു ലക്ഷണം. കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

3. പൊട്ടലും ഒടുവും

വളരെ പെട്ടെന്ന് എല്ലുകളില്‍ ഒടിവോ പൊട്ടലോ ഉണ്ടാകുന്നതും അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. 

4. പരിമിതമായ ചലനം

പരിമിതമായ ചലനം, കാലുയര്‍ത്തി വയ്ക്കുമ്പോൾ വര്‍ധിക്കുന്ന വേദന, സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം തുടങ്ങിയവയൊക്കെ എല്ലുകളിലെ അര്‍ബുദത്തിന്‍റെ സൂചനകളാകാം.  

5. പനിയും വിയര്‍പ്പും

രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നതും പനി വരുന്നതും ബോണ്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. അതുപോലെ അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായും ക്ഷീണം ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമ്പത് ശീലങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios