Sexual Problems in Men : പുരുഷന്മാരെ ബാധിക്കുന്ന ലൈംഗികപ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും
ലൈംഗികതയ്ക്ക് ഇത്രയേറെ പ്രാധാന്യമുണ്ടെങ്കില്‍ കൂടിയും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് മിക്കവരും തുറന്ന് ചര്‍ച്ച ചെയ്യാറില്ല എന്നതാണ് സത്യം. കൗണ്‍സിലിംഗ്,തെറാപ്പി, ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് പോലുള്ള ചികിത്സകള്‍ ആവശ്യമെങ്കില്‍ അത് തേടാന്‍ പോലും അധികപേരും ശ്രമിക്കാറില്ലെന്നതാണ് സത്യം.
ആരോഗ്യകരമായ ലൈംഗികത ( Sex Life ) ഏവരുടെയും ശാരീരിക- മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അതുപോലെ തന്നെ ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിനും, സാമൂഹികവും വൈകാരികവുമായ ജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും, മാനസിക സമ്മര്‍ദ്ദങ്ങളകറ്റുന്നതിനും, സന്തോഷങ്ങളിലൂടെ ചെറുപ്പം നിലനിര്‍ത്തുന്നതിനുമെല്ലാം ഇത് സഹായകമാണ്.
ലൈംഗികതയ്ക്ക് ഇത്രയേറെ പ്രാധാന്യമുണ്ടെങ്കില്‍ കൂടിയും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ( Sexual Problems ) കുറിച്ച് മിക്കവരും തുറന്ന് ചര്‍ച്ച ചെയ്യാറില്ല എന്നതാണ് സത്യം. കൗണ്‍സിലിംഗ്,തെറാപ്പി, ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് പോലുള്ള ചികിത്സകള്‍ ആവശ്യമെങ്കില്‍ അത് തേടാന്‍ പോലും അധികപേരും ശ്രമിക്കാറില്ലെന്നതാണ് സത്യം. സെക്സിനെ കുറിച്ചുള്ള ചര്‍ച്ചകളോടുള്ള അനാവശ്യമായ ഭയവും സാമൂഹികമായ സദാചാരപ്രശ്നവുമാണ് ഇത്തരത്തില്‍ ആളുകളെ പിന്തിരിപ്പിക്കുന്നത്.
ആരോഗ്യവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നം പോലെയും തന്നെ സാധാരണവും കൈകാര്യം ചെയ്യേണ്ടതുമായ പ്രശ്നങ്ങള്‍ തന്നെയാണ് ലൈംഗികപ്രശ്നങ്ങളും ( Sexual Problems ) . ഇക്കാര്യത്തില്‍ മടിയോ ഭയമോ വിചാരിക്കുന്നത് അവരവരെ തന്നെയാണ് ക്രമേണ ബാധിക്കുകയെന്ന് കൂടി മനസിലാക്കുക.
ഇവിടെ, പുരുഷന്മാര്‍ നേരിടാറുള്ള ചില ലൈംഗിക പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്.
പുരുഷന്മാര്‍ നേരിടുന്ന ലൈംഗികപ്രശ്നങ്ങള്‍...
ലൈംഗികമായ താല്‍പര്യക്കുറവ്, താല്‍പര്യമുണ്ടെങ്കിലും ഉദ്ധാരണപ്രശ്നം, രതിമൂര്‍ച്ഛയിലേക്ക് എത്താതിരിക്കുന്ന അവസ്ഥ, ലൈംഗികത ആസ്വദിക്കും മുമ്പ് തന്നെ രതിമൂര്‍ച്ഛയിലേക്ക് എത്തുന്ന അവസ്ഥ എന്നിവയാണ് പ്രധാനമായും പുരുഷന്മാര്‍ നേരിടുന്ന ലൈംഗികപ്രശ്നങ്ങള്‍.
പല ഘടകങ്ങളും ഇവയിലേക്ക് പുരുഷന്മാരെ നയിക്കാറുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍, വിവിധ മരുന്നുകളുടെ ഉപയോഗം, പ്രായാധിക്യം, മാനസികസമ്മര്‍ദ്ദം, വിഷാദം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍, ആത്മവിശ്വാസക്കുറവ്, മദ്യപാനം, പുകവലി, നാഡീസംബന്ധമായ തകരാറുകള്‍, പരുക്കുകള്‍ എന്നിവയാണ് മുകളില്‍ സൂചിപ്പിച്ച അവസ്ഥകളിലേക്കെല്ലാം പുരുഷന്മാരെ നയിക്കുന്നത്.
ഇവയില്‍ ചിലതെല്ലാം സ്വയം തന്നെ പരിഹരിക്കാവുന്നതാണെങ്കില്‍ മറ്റുള്ളവയ്ക്ക് വിദഗ്ധരുടെ സഹായം കൂടിയേ തീരൂ.
എന്തെല്ലാമാണ് പരിഹാരങ്ങള്‍...
നേരത്തെ സൂചിപ്പിച്ചത് പോലെ ചില പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ലൈഫ്സ്റ്റൈല്‍ മെച്ചപ്പെടുത്തല്‍ ആണിതില്‍ പ്രധാനം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ആദ്യഘട്ടത്തില്‍ ഉറപ്പുവരുത്തണം. ഇതിനൊപ്പം തന്നെ മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റണം.
സ്ട്രെസ് ഉണ്ടാക്കുന്ന സാഹചര്യങ്ങളെ പരമാവധി അവഗണിക്കുക. അവഗണിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണെങ്കില്‍ അവ തന്നെ ബാധിക്കാത്ത വിധം മുന്നോട്ടുപോകാൻ പരിശീലിക്കുക. ഇതിന് മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള മടിയും കരുതേണ്ടതില്ല.
ഇനി, ചില അസുങ്ങള്‍ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ ലൈംഗികപ്രശ്നങ്ങള്‍ നേരിടുന്ന പക്ഷം ആകെ ആരോഗ്യം ഒന്ന് വിലയിരുത്താവുന്നതാണ്. ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുകയാണെങ്കില്‍ വേണ്ട പരിശോധനകള്‍ ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. അടിയന്തരമായി ചികിത്സ വേണ്ടുന്ന രോഗങ്ങള്‍ അടക്കം ഇത്തരത്തില്‍ ലൈംഗികപ്രശ്നങ്ങളിലൂടെ കണ്ടെത്താൻ സാധിക്കും. അതുപോലെ ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അത് ലൈംഗികജീവിതത്തെ ബാധിക്കുന്നുവോ എന്നും പരിശോധിച്ച് അറിയണം. അങ്ങനെയെങ്കില്‍ അതിന് പകരമുപയോഗിക്കാവുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
സ്ട്രെസ്, പങ്കാളിയുമായുള്ള പ്രശ്നം, വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം അധികവും കൗണ്‍സിലിംഗിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതിന് തുറന്ന മനസാണ് ആദ്യം വേണ്ടത്. പങ്കാളിയും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. നല്ല ആശയവിനിമയം ഈ പ്രശ്നങ്ങളെയെല്ലാം നിസാരമാക്കി കളയും.
ചിലരില്‍ ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി സര്‍ജറി വരെയുള്ള ചികിത്സാരീതികള്‍ ആവശ്യമായി വരാം. അതും ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദേശിക്കുക. ഹൃദയത്തിനോ കരളിനോ വൃക്കകള്‍ക്കോ എല്ലാം തകരാര്‍ സംഭവിച്ചാല്‍ നാം ചികിത്സ തേടാറില്ലേ, അതുപോലെ തന്നെ ഇക്കാര്യവും കരുതിയാല്‍ മതി. നല്ല ലൈംഗിക ജീവിതം ( Sex Life ) എല്ലാ തരത്തിലും മനുഷ്യരെ 'പോസിറ്റീവ്' ആയി സ്വാധീനിക്കുകയും വളര്‍ച്ചയില്‍ പങ്കുവഹിക്കുകയും ചെയ്യുന്നുവെന്ന് ഉള്‍ക്കൊള്ളുക.
Also Read:- 'സെക്സ് ഡ്രൈവ്' വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍