Chethana Raj : പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം; ചര്‍ച്ചയാകുന്ന കാര്യങ്ങള്‍...

മെയ് 16നാണ് ചേതന സര്‍ജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇത്തരം സര്‍ജറിയൊന്നും ചെയ്യുന്നത് നല്ലതല്ലെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്

chethana rajs death raises many discussions on cosmetic surgeries

പ്ലാസ്റ്റിക് സര്‍ജറിക്കിടെ ചികിത്സാപ്പിഴവ് ( Plastic Surgery ) മൂലം കന്നഡ നടി മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. കന്നഡ ടിവി താരം ചേതന രാജിനാണ് ( Chethana Raj ) ദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്. ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള സര്‍ജറിക്കിടെ ( Fat removing surgery ) ശ്വാസതടസം നേരിടുകയും ഇതിനെ തുടര്‍ന്ന് വൈകാതെ തന്നെ അന്ത്യം സംഭവിക്കുകയും ആയിരുന്നു. 

വലിയ ചര്‍ച്ചയാണ് ഈ സംഭവമിപ്പോള്‍ സൃഷ്ടിക്കുന്നത്. രാജ്യത്ത് തന്നെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട, ബോധവത്കരണം ആവശ്യമായിട്ടുള്ള വിഷയമാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബംഗലൂരുവിലെ ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്കിലായിരുന്നു ചേതനയുടെ സര്‍ജറി നടന്നത്. സര്‍ജറിക്കിടെ മകള്‍ക്ക് ശ്വാസതടസം നേരിട്ടതായി ഡോക്ടര്‍ അറിയിച്ചുവെന്നും ഇതോടെ മകളെയും കൊണ്ട് മറ്റൊരു ആശുപത്രിയില്‍ പോയെങ്കിലും അവിടെയെത്തിയപ്പോഴേക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ചേതനയുടെ മാതാപിതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ഇതോടെ സര്‍ജറിയിലെ പിഴവ് മൂലമാണ് ചേതനയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു. സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അടക്കമുള്ള ജീവനക്കാര്‍ നിലവില്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷെട്ടീസ് ക്ലിനിക്കില്‍ ഇത്തരം സര്‍ജറികള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളോ സര്‍ക്കാര്‍ അംഗീകാരമോ ഉണ്ടായിരുന്നില്ലെന്നും നിയമവിരുദ്ധമായാണ് ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നത് എന്നുമാണ് പൊലീസ് പ്രാഥമികമായി അറിയിക്കുന്നത്. 

സര്‍ജറിയോടെ ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറയുകയും ഇതോടെ ശ്വാസതടസം നേരിടുകയും ചെയ്യുകയായിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ക്ലിനിക്കുകാര്‍ മനസിലാക്കിയെങ്കിലും അത് തിരുത്താനുള്ള സംവിധാനങ്ങളോ കഴിവോ അവര്‍ക്കുണ്ടായിരുന്നില്ല. സമയവും വൈകിപ്പോയിരുന്നു. 

മെയ് 16നാണ് ചേതന സര്‍ജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇത്തരം സര്‍ജറിയൊന്നും ചെയ്യുന്നത് നല്ലതല്ലെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്. 

ബംഗലൂരു അടക്കം പല നഗരങ്ങളിലും ഇന്ന് ഇങ്ങനെയുള്ള സര്‍ജറികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പല കേസുകളും ചേതനയെ പോലെ തന്നെ നിയമവിരുദ്ധമായ രീതിയില്‍ ചെയ്യുന്നതാണ്. പലപ്പോഴും വലിയ സങ്കീര്‍ണതകളോ മറ്റോ സംഭവിക്കാതിരിക്കുന്നത് മൂലം ഇക്കാര്യങ്ങള്‍ പുറംലോകം അറിയുന്നില്ലെന്ന് മാത്രം. ചെലവ് കുറഞ്ഞ രീതിയില്‍ ശസ്ത്രക്രിയ ചെയ്തുനല്‍കാമെന്നതാണ് പലയിടങ്ങളിലെയും ആകര്‍ഷണം. 

സര്‍ജറിയെ കുറിച്ച്...

പ്രധാനമായും രണ്ട് തരത്തിലുള്ള സര്‍ജറികളാണ് ഇങ്ങനെ നടക്കുന്നത്. ഒന്ന് 'ലിപോസക്ഷന്‍', രണ്ട് 'ബാരിയാട്രിക് സര്‍ജറി'. ഇതില്‍ ലിപോസക്ഷന്‍ ആണ് അധികപേരും ചെയ്യുന്ന കോസ്മെറ്റിക് സര്‍ജറി. ശരീരത്തില്‍ നിന്ന് അമിതമായുള്ള കൊഴുപ്പിനെ നീക്കുകയാണ് ശസത്രക്രിയ കൊണ്ടുള്ള ഫലം. 

തുടകള്‍, ഇടുപ്പ്, വയറ്, പിന്‍ഭാഗം, കൈകള്‍, കഴുത്ത് എന്നിവിടങ്ങളില്‍ നിന്നെല്ലാം അധികമായിരിക്കുന്ന കൊഴുപ്പിനെ നീക്കാന്‍ ഈ ശസ്ത്രക്രിയ ഉപകാരപ്രദമാണ്. ഇതുവഴി ശരീരത്തിന് കൂടുതല്‍ 'ഷേപ്പ്' കൈവരികയും ചെയ്യുന്നു. നടീനടന്മാര്‍ കൂടുതലായും ചെയ്യുന്നൊരു സര്‍ജറി ഇതാണ്. 

അമിതവണ്ണം കുറയ്ക്കുന്നതിനാണ് പ്രധാനമായും ബാരിയാട്രിക് സര്‍ജറി ചെയ്യുന്നത്. ഇതില്‍ പല തരം ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നുണ്ട്. ദഹനവ്യവസ്ഥയില്‍ തന്നെ മാറ്റം വരുത്തുന്ന ശസ്ത്രക്രിയകളാണിവ. ഒരു വ്യക്തിക്ക് വണ്ണം കുറയ്ക്കാനായി ഡയറ്റോ വ്യായാമമോ ഫലം കാണാതെ വരുന്ന സാഹചര്യത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടുമ്പോഴാണ് ബാരിയാട്രിക് സര്‍ജറി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

സര്‍ജറിക്ക് മുമ്പ്...

ഇത്തരം സര്‍ജറികളെല്ലാം ചെയ്യുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. പ്രധാനമായും ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഇങ്ങോട്ട് നിര്‍ദേശിക്കേണ്ടതാണ് സര്‍ജറി. ഈ ഘട്ടത്തില്‍ രോഗിയുടെ പല അവസ്ഥകളെയും കുറിച്ച് ഡോക്ടര്‍ മനസിലാക്കുന്നു. 

'കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനുള്ള സര്‍ജറിക്ക് മുമ്പ് ആദ്യം തന്നെ രോഗിയുടെ വണ്ണത്തെ സൂചിപ്പിക്കുന്ന ബോഡി മാസ് ഇൻഡക്സ് വിലയിരുത്തും. ബാരിയാട്രിക് സര്‍ജറികളാണെങ്കില്‍ ബോഡി മാസ് ഇൻഡക്സ് 30ലധികം വേണം. വയറില്‍ നിന്ന് കൊഴുപ്പിനെ നീക്കാനുള്ള ലിപോസക്ഷൻ ആണെങ്കി ബോഡി മാസ് ഇൻഡക്സ് പ്രശ്നമല്ല. അതുപോലെ ലിപോസക്ഷന്‍ ചെയ്യണമെങ്കില്‍ പുകവലി പാടില്ല. പഴകിയ ആരോഗ്യപ്രശ്നങ്ങള്‍, പ്രമേഹം, ദുര്‍ബലമായ രോഗപ്രതിരോധ ശക്തി, ഹൃദ്രോഗങ്ങള്‍, ഡീപ് വെയിന്‍ ത്രോംബോസിസ്, സീഷര്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ളവര്‍ക്കൊന്നും ലിപോസക്ഷന്‍ പാടുള്ളതല്ല. നേരത്തെ തന്നെ മരുന്നുകളെടുക്കുന്നവര്‍ക്ക് സര്‍ജറിയോടെ ബ്ലീഡിംഗ് സാധ്യക വരാം...'- ബാരിയാട്രിക്- ആന്‍റ്- അഡ്വാന്‍സ്ഡ് ലാപ്രോസ്കോപിക് സര്‍ജറി കണ്‍സള്‍ട്ടന്‍റ് ഡോ. ജി മൊയ്നുദ്ദീന്‍ പറയുന്നു. 

സര്‍ജറിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍...

കൃത്യമായ പരിശോധനയ്ക്കും ഡോക്ടറുടെ നിര്‍ദേശത്തിനും ശേഷമല്ല ഇത്തരം സര്‍ജറിക്ക് വിധേയരാകുന്നത് എങ്കില്‍ പല പ്രശ്നങ്ങളും പിന്നീട് നേരിട്ടേക്കാം. മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. 

അമിത രക്തസ്രാവം, അണുബാധ, രക്തം കട്ട പിടിക്കുന്ന അവസ്ഥ, ശ്വാസതടസം (ശ്വാസകോശം ബാധിക്കപ്പെടുന്ന സാഹചര്യം) എന്നിവയെല്ലാം സംഭവിക്കാം. ദഹനവ്യവസ്ഥ ബാധിക്കപ്പെട്ട് അതുവഴിയും ജീവന് നേരെ ഭീഷണി ഉയരാം. 

ലിപോസക്ഷനാണ് കൂടുതല്‍ പേരും ചെയ്യുകയെന്ന് പറഞ്ഞുവല്ലോ. ഇതിനും റിസ്ക് കൂടുതല്‍ തന്നെ. സര്‍ജറി സമയത്ത് ശരീരത്തില്‍ നിന്ന് ജലാംശം വറ്റി 'ഷോക്ക്' ഉണ്ടാകാം. ചര്‍മ്മത്തിന് താഴെ ദ്രാവകം അടിഞ്ഞോ,കൊഴുപ്പിന്‍റെ കണികകള്‍ രക്തക്കുഴലുകളില്‍ ബ്ലോക്ക് സൃഷ്ടിച്ചോ നാഡികള്‍ക്ക് തകരാര്‍ സംഭവിച്ചോ എല്ലാം അപകടങ്ങള്‍ സംഭവിക്കാം. ചര്‍മ്മത്തിന്‍റെ അനുഭവ ശേഷി നഷ്ടാകുന്ന പോലുള്ള പ്രശ്നങ്ങളും വരാം. പേശികള്‍, ശ്വാസകോശം, വയറിനകത്തെ അവയവങ്ങള്‍ എന്നിവയില്‍ ഏതിനെയും സര്‍ജറി പ്രതികൂലമായി ബാധിക്കാം. 

അപകടങ്ങള്‍ ഒഴിവാക്കാന്‍...

ചെലവ് കുറവാണെന്ന് കണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ എവിടെ നിന്നെങ്കിലും ഇത്തരം കോസ്മെറ്റിക് ശസ്ത്രക്രിയ ചെയ്യാമെന്ന് തീരുമാനിക്കരുത്. ആകാരഭംഗിയെക്കാളും, കരിയറിനെക്കാളും, പണത്തെക്കാളും, പ്രശസ്തിയെക്കാളുമെല്ലാം വലുതാണല്ലോ ജീവന്‍. 

Also Read:-  'ഒരു പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ മൂന്ന് വര്‍ഷം പീഡനം നേരിട്ടു'

അതുകൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ഡോക്ടറുടെ നിര്‍ദേശത്തോടെ, ആവശ്യമായ പരിശോധനകള്‍ക്കെല്ലാം ശേഷം എല്ലാ സജ്ജീകരണങ്ങളുമുള്ള വിദഗ്ധരായ സംഘമുള്ള ആശുപത്രികളില്‍ വച്ച് കോസ്മെറ്റിക് സര്‍ജറികള്‍ നടത്താം. അല്ലാത്തപക്ഷം ജീവിതരീതികള്‍ വച്ചുതന്നെ ഫിറ്റ്നസ് പരിപാലിക്കാന്‍ ശ്രമിക്കുക. വളരെ നിസാരമായ രീതിയില്‍ ഇന്ന് പലരും കോസ്മെറ്റിക് സര്‍ജറികളെ സമീപിക്കുന്നുണ്ട്. അത് വിപണിയുടെ ആവശ്യം മാത്രമാണ്. നാം നമ്മുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക. 

Also Read:- സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios