മാറാത്ത കഴുത്തുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?
പേശികളുടെ പിരിമുറുക്കം, എപ്പോഴും ഇരുന്നുകൊണ്ടുള്ള ജോലി, സമ്മർദ്ദം എന്നിങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന ഉണ്ടാകാം. അമിതമായുള്ള കംപ്യൂട്ടർ ഉപയോഗം, ഭാരമേറിയ ബാഗുകൾ ചുമക്കുക തുടങ്ങിയവ കഴുത്തുവേദന ഉണ്ടാകാം.
സഹിക്കാന്‍ വയ്യാത്ത, മാറാത്ത കഴുത്തുവേദന ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദന അനുഭവിക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന വരാം. കാരണത്തെ ആശ്രയിച്ച് കഴുത്ത് വേദന ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ടുനിൽക്കും. പേശികളുടെ പിരിമുറുക്കം, എപ്പോഴും ഇരുന്നുകൊണ്ടുള്ള ജോലി, സമ്മർദ്ദം എന്നിങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന ഉണ്ടാകാം.
മാറാത്ത കഴുത്തുവേദന കഴുത്തിലെ അർബുദം മൂലമാണോ എന്നതുപോലുള്ള ആശങ്കകളും പലരിലും ഉയർന്നുവന്നേക്കാം. കഴുത്ത് വേദനയും കഴുത്തിലെ ക്യാൻസറും തമ്മിലുള്ള ബന്ധം എന്താണെന്ന് നമ്മുക്ക് പരിശോധിക്കാം. കഴുത്തിലെ അർബുദത്തിന്‍റെ ലക്ഷണമായും കഴുത്ത് വേദന വരാമെങ്കിലും അത് അപൂര്‍വമായേ ഉണ്ടാവുകയുള്ളൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍ എന്നാണ് കഴുത്തിലെ അർബുദത്തെ അറിയപ്പെടുന്നത്. ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നതും.
രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമായി പറയുന്നത്. തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് ഇവയുടെ പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളാണ്. അതുപോലെ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത്, വായിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുന്നത്, മോണയില്‍നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക, നാവിനും കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസതടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, കഴുത്തുവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം, ചെവി വേദന തുടങ്ങിയവയും ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍, രോഗം ഉണ്ടെന്ന് കരുതാതെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.
ക്യാൻസറിന് പകരം, നിങ്ങളുടെ കഴുത്ത് വേദന മറ്റ് സാധാരണ കാരണങ്ങളാൽ ഉണ്ടാകാം എന്നത് ആദ്യം മനസിലാക്കുക. അമിതമായുള്ള കംപ്യൂട്ടർ ഉപയോഗം, ഭാരമേറിയ ബാഗുകൾ ചുമക്കുക, പേശികളുടെ പിരിമുറുക്കം, സ്ട്രെസ് തുടങ്ങിയവ കഴുത്തുവേദന ഉണ്ടാക്കാം. എന്തായാലും നിങ്ങൾക്ക് നിരന്തരമായ, മാറാത്ത കഴുത്ത് വേദന അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: മലാശയ അര്‍ബുദം; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുതേ...