കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാതാപിതാക്കൾ ചെയ്യേണ്ടത്; സൈക്കോളജിസ്റ്റ് എഴുതുന്നു
പരീക്ഷ പേടിയാണ് പെൺകുട്ടിയില്‍ ടെൻഷൻ ഉണ്ടാക്കിയത് എങ്കിലും അതവളുടെ ആത്മവിശ്വാസത്തെ വളരെ ദോഷകരമായി അതു ബാധിച്ചു. അവള്‍ ചിന്തിക്കുന്നതും തീരുമാനിക്കുന്നതും എല്ലാം തെറ്റാണ് എന്നവൾക്ക് തോന്നി തുടങ്ങി.
ഓൺലെെൻ ക്ലാസ്സുകളുടെ ഈ കാലത്ത് കുട്ടികള്‍ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുകയാണോ?. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെൺകുട്ടി. പരീക്ഷ എന്നത് എല്ലായ്പ്പോഴും അവൾക്ക് ടെൻഷന്‍ ഉണ്ടാക്കുന്നതാണ്. ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ വീട്ടില്‍ തന്നെ മുഴുവന്‍ സമയം ആയിരിക്കുമ്പോള്‍ ടെൻഷൻ ഇപ്പോള്‍ അധികമാണ്.
മകള്‍ പത്താം ക്ലാസിലാണ് എന്നത് മാതാപിതാക്കൾക്കും വലിയ ടെൻഷൻ ആണ്. അതുകൊണ്ടുതന്നെ എപ്പോഴും പഠിക്കാന്‍ നിർബന്ധിക്കും. മാർക്ക് കുറഞ്ഞാല്‍ അവളുടെ ഭാവി എന്താകും എന്ന ആശങ്കയാണ് മാതാപിതാക്കൾക്ക് . ടെന്‍ഷന്‍ കാരണം അവൾക്ക് രാത്രി ഉറങ്ങാന്‍ കഴിയാതെയായി.
ഇത്രയും ടെൻഷൻ നിറഞ്ഞ മാനസികാവസ്ഥമൂലം പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ കിട്ടിയശേഷം അവളുടെ മനസ്സില്‍ ഒന്നും ഓർമ്മിച്ചെടുക്കാന്‍ കഴിയാതെ വന്നു. പെട്ടെന്നു വല്ലാത്ത തലവേദനയും തലചുറ്റലും ഒക്കെ അവൾക്ക് തോന്നി. ഇതു കണ്ട മാതാപിതാക്കൾക്ക് ടെൻഷൻ അധികമായി.
പിന്നീടുള്ള ദിവസങ്ങള്‍ അവള്‍ ഒന്നും പഠിക്കാതെയായി. ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാതെ ദേഷ്യം പ്രകടമാക്കാന്‍ തുടങ്ങി. ഇനി പഠിക്കുന്നില്ല എന്നവള്‍ പറഞ്ഞു. ചില നേരങ്ങളില്‍ ടെൻഷന്‍ അമിതമാകുമ്പോൾ നാഗവല്ലിയെപോലെ അവളില്‍ ഭാവമാറ്റം ഉണ്ടാകുന്നു എന്ന് അമ്മ പറയുന്നു.
ഇനി ജീവിക്കണ്ട മരിച്ചാല്‍ മതി എന്ന അവസ്ഥയില്‍ എത്തി നിൽക്കുമ്പോഴാണ് അവളെ മന:ശാസ്ത്ര ചികിത്സയ്ക്ക് കൊണ്ടുവന്നത്. അവളുടെ ഓരോ ചെറിയ ഭാവ വ്യത്യാസങ്ങൾക്കും അമിതമായി ടെൻഷനടിക്കുന്ന രീതി മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.
വീട്ടില്‍ ഇരുന്ന് ഓൺലെെന്‍ ക്ലാസ്സിൽ കുട്ടി ശ്രദ്ധിക്കുന്നുണ്ടോ, സ്കൂളില്‍ പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഓൺലെെൻ ക്ലാസ്സില്‍ പഠിക്കുന്നത് മാത്രം ഉയർന്ന മാർക്ക് നേടാന്‍ കുട്ടിക്ക് മതിയാകുമോ എന്നിങ്ങനെ അമിതമായി ചിന്തിച്ചു മാതാപിതാക്കള്‍ എപ്പോഴും ടെൻഷനില്‍ ആയിരുന്നു.
കുടുംബത്തില്‍ ആകമാനം എല്ലാ വ്യക്തികളും പൊതുവേ ഓരോ ചെറിയ കാര്യങ്ങള്ക്കും ആധിപിടിക്കുന്ന രീതി ഉള്ളവര്‍ ആയിരുന്നു. എല്ലാ കാര്യങ്ങളിലും അങ്ങേയറ്റം പെർഫെക്ഷന്‍ വേണമെന്ന് അവര്‍ നിർബന്ധം പിടിച്ചു. പരീക്ഷയുടെ തലേന്ന് മകൾക്ക് ചെറിയ തുമ്മലോ ജലദോഷമോ പോലും ഉണ്ടെങ്കില്‍ അവർക്ക് ഭയം തോന്നുമായിരുന്നു.
പരീക്ഷ പേടിയാണ് പെൺകുട്ടിയില്‍ ടെൻഷൻ ഉണ്ടാക്കിയത് എങ്കിലും അതവളുടെ ആത്മവിശ്വാസത്തെ വളരെ ദോഷകരമായി അതു ബാധിച്ചു. അവള്‍ ചിന്തിക്കുന്നതും തീരുമാനിക്കുന്നതും എല്ലാം തെറ്റാണ് എന്നവൾക്ക് തോന്നി തുടങ്ങി.
പരാജയപ്പെടാനും സ്വന്തം കുറവുകളെ അംഗീകരിക്കാനും ഒന്നും തന്നെ പലപ്പോഴും ചില മാതാപിതാക്കള്‍ കുട്ടികൾക്ക് അവസരം കൊടുക്കാറില്ല. എപ്പോഴും പഠിക്കുക, വലിയ മാർക്ക് വാങ്ങുക എന്നതാണ് ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം എന്ന സന്ദേശമാണ് പലപ്പോഴും കുട്ടികൾക്ക് നല്കുക. ഒരു പരാജയമെന്നാല്‍ അതു ജീവിതത്തിന്റെ അവസാനമാണ് എന്ന തോന്നല്‍ അതു കുട്ടികളില്‍ ഉണ്ടാക്കും.
പഠിക്കാതെ ഉഴപ്പി നടക്കുന്ന കുട്ടികള്‍ ആയിരിക്കില്ല മന:ശാസ്ത്ര ചികിത്സയ്ക്കെത്തുന്നവരില്‍ നല്ലൊരു ശതമാനവും. നന്നായി പഠിക്കുന്ന കുട്ടികള്‍ എന്നാല്‍ അവരില്‍ ആത്മവിശ്വാസം ഇല്ലാതെയാകുന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ കഴിയുമോ, ഞാന്‍ പരീക്ഷയില്‍ തോറ്റുപോകുമോ എന്നെല്ലാമുള്ള ചിന്തകളാണ് പഠിക്കാനായി ബുക്കെടുത്ത് ഇരിക്കുമ്പോള്‍. ഈ ചിന്തകള്‍ ഉണ്ടാക്കുന്ന ടെന്ഷകന്മൂാലമാണ് അധികം കുട്ടികൾക്കും പഠിക്കാന്‍ കഴിയാത്തത്.
മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് അതിരുകടക്കുന്നുണ്ടോ എന്നുപരിശോധിച്ചു നോക്കുക. പഠനം, മാർക്ക് എന്നതിനപ്പുറം ജീവിക്കാന്‍ ഒരു വ്യക്തി എന്തെല്ലാം അറിഞ്ഞിരിക്കണം എന്നത് കുട്ടി മനസ്സിലാക്കുന്നുണ്ടോ എന്നു മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ജീവിതവിജയം എന്നത് മാർക്കിനെ മാത്രം അടിസ്ഥാനമാക്കി ഉള്ളതല്ല എന്നു നാം മറന്നുപോകരുത്.
ഇപ്പോള്‍ സ്കൂളില്‍ പോകാനുള്ള സാഹചര്യം കുട്ടികൾക്ക് ഇല്ലാത്തപ്പോള്‍ കൂട്ടുകാർക്കൊപ്പം സംസാരിക്കുന്നതും എല്ലാം അവര്‍ മിസ്സ് ചെയ്യുന്നുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ ഹോബികള്‍ക്കായും കുട്ടികൾക്ക് സമയം ലഭിക്കേണ്ടത് അവരുടെ മനസ്സ് മടുത്തുപോകാതെ ഇരിക്കാന്‍ അത്യാവശ്യമാണ്.
നിങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ, സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323