ന്യുമോണിയ കേസുകള്‍ വര്‍ധിക്കുന്നു; അറിയാം ന്യുമോണിയയുടെ ലക്ഷണങ്ങള്‍...
ചുമ, പനി, ശ്വാസതടസം എന്നിവയെല്ലാമാണ് ന്യുമോണിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എന്നാലീ ലക്ഷണങ്ങളെല്ലാം കൊവിഡ് 19 അടക്കമുള്ള ശ്വാസകോശ അണുബാധകളിലും പകര്‍ച്ചപ്പനിയിലും ജലദോഷത്തിലുമെല്ലാം കാണാം
രാജ്യത്ത് ന്യുമോണിയ കേസുകള്‍ വര്‍ധിക്കുന്നൊരു സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും ഒടുവിലായി തൃശൂരില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചുവെന്ന വാര്‍ത്തയാണ് വരുന്നത്. ഈയൊരു സാഹചര്യത്തില്‍ ന്യുമോണിയ സമയബന്ധിതമായി തിരിച്ചറിയുന്നതിന് സഹായകമായിട്ടുള്ള, അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് നിര്‍ബന്ധമാണ്.
ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19ഉം രാജ്യത്ത് പിടിമുറുക്കുകയാണ്. സീസണലായി വരുന്ന പനി, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വേറെയും. ഇതിനിടയില്‍ ന്യുമോണിയ മനസിലാക്കാൻ സാധിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. തീര്‍ച്ചയായും ജാഗ്രതയും സൂക്ഷ്മതയും ഇതിനാവശ്യമാണ്.
നമുക്കറിയാം, അടിസ്ഥാനപരമായി ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ന്യുമോണിയ. ശ്വാസകോശത്തിനകത്തെ വായു അറകളെയാണ് ഇത് ബാധിക്കുന്നത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നീ രോഗകാരികളെല്ലാം ന്യുമോണിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാം. രോഗം ബാധിച്ചുകഴിഞ്ഞാല്‍ ഇപ്പറയുന്ന വായു അറകളിലെല്ലാം ദ്രാവകം നിറയുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമാകാം.
ചുമ, പനി, ശ്വാസതടസം എന്നിവയെല്ലാമാണ് ന്യുമോണിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എന്നാലീ ലക്ഷണങ്ങളെല്ലാം കൊവിഡ് 19 അടക്കമുള്ള ശ്വാസകോശ അണുബാധകളിലും പകര്‍ച്ചപ്പനിയിലും ജലദോഷത്തിലുമെല്ലാം കാണാമെന്നതിനാല്‍ ന്യുമോണിയ ലക്ഷണങ്ങളെ കുറിച്ച് അല്‍പം കൂടി വിശദമായി നാം മനസിലാക്കേണ്ടതുണ്ട്.
ന്യുമോണിയ രോഗം ബാധിച്ചാല്‍ ആദ്യം തന്നെ പനിയോ ചുമയോ ഒന്നുമല്ല രോഗിയില്‍ കാണുക. അസാധാരണമാംവിധത്തിലുള്ള ക്ഷീണമാണ് ആദ്യം രോഗി നേരിടുക. ഇതിന് പിന്നാലെ ചെറിയ പനിയും ചുമയും വരും. ഈ ഘട്ടത്തില്‍ സാധാരണ പനിയായോ ജലദോഷമായോ എല്ലാം നാമിതിനെ മനസിലാക്കാം.
എന്നാല്‍ രോഗം തീവ്രമാകുന്നതിന് അനുസരിച്ച് പനിയും ചുമയും കടുക്കും. ഈ സമയത്ത് രോഗിയില്‍ ശ്വാസതടസം കാണാം. ഇത്രയുമായാല്‍ തന്നെ ന്യുമോണിയ ഏകദേശം ഉറപ്പിക്കാം. പക്ഷേ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട ശേഷം മാത്രമേ ഔദ്യോഗികമായി ഇതുറപ്പിക്കാവൂ.
എന്തായാലും പനിയും ചുമയും ശ്വാസതടസവും നേരിടുന്ന അവസ്ഥയുണ്ടെങ്കില്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയാണ് ഏറ്റവും നല്ലത്. ചിലരില്‍ ന്യുമോണിയോട് അനുബന്ധമായി വയര്‍ കേടാകുന്ന അവസ്ഥയുണ്ടാകും. ഓക്കാനം, വയറുവേദന എന്നിങ്ങനെയെല്ലാം.
മറ്റ് ചിലരില്‍ ന്യുമോണിയ മാനസികാവസ്ഥയെ ബാധിക്കുന്നതായും കാണാം. 'മെന്‍റല്‍ കണ്‍ഫ്യൂഷൻ' അഥവാ കാര്യങ്ങള്‍ മനസിലാകാത്തതോ വ്യക്തമാകാത്തതോ ആയ അവസ്ഥയെല്ലാം ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരില്‍.
ന്യുമോണിയ ആണോയെന്ന് സംശയം തോന്നിയാല്‍ ഉടൻ തന്നെ ആശുപത്രിയില്‍ പോകുന്നതാണ് ഉചിതം. സ്റ്റെതസ്കോപ്പിലൂടെ കേള്‍ക്കുന്ന ശബ്ദം വച്ചുതന്നെ ഏറെക്കുറെ ഡോക്ടര്‍മാര്‍ക്ക് ഇതില്‍ വ്യക്തത വരും. ഒപ്പം പരിശോധന കൂടിയാകുമ്പോള്‍ ഉറപ്പ് തോന്നും. പനിയോ ചുമയോ ദിവസങ്ങളോളം വച്ചുകൊണ്ടിരിക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. വിശേഷിച്ചും കുട്ടികളിലും പ്രായമായവരിലും.
Also Read:- 'കൊവിഡ് 19നെ ഇപ്പോഴും പേടിക്കണം'; കാരണം വിശദീകരിച്ച് ലോകാരോഗ്യ സംഘടന...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-