നടി കനകലതയെ ബാധിച്ച രോഗം; ആദ്യം കണ്ടത് ഉറക്കമില്ലായ്മ...
നടി കനകലതയുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളാണ് ഏവര്‍ക്കും വേദനയാകുന്നത്. പാര്‍ക്കിൻസണ്‍സും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണ് നടിയെന്നാണ് ഇവരുടെ സഹോദരി വിജയമ്മ അറിയിച്ചിരിക്കുന്നത്.
സിനിമാ- ടെലിവിഷൻ രംഗത്ത് നിന്ന് ഒട്ടേറെ പ്രമുഖര്‍ നമ്മെ വിട്ടുപിരിഞ്ഞ വര്‍ഷങ്ങളായിരുന്നു ഇത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഏറെ ദുഖമുണ്ടാക്കുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ സമാനമായ രീതിയില്‍ മലയാളി പ്രേക്ഷകര്‍ക്ക് ദുഖം പകരുന്നൊരു വാര്‍ത്തയാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്.
മുതിര്‍ന്ന നടി കനകലതയുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളാണ് ഏവര്‍ക്കും വേദനയാകുന്നത്. പാര്‍ക്കിൻസണ്‍സും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണ് നടിയെന്നാണ് ഇവരുടെ സഹോദരി വിജയമ്മ അറിയിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഇവര്‍ കനകലതയുടെ നിലവിലെ അവസ്ഥയെ കുറിച്ച് പങ്കിട്ടത്.
ഏറെ വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങള‍് ഇവരെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും ഡിമെൻഷ്യ സ്ഥിരീകരിച്ചിട്ട് അധികമായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളകളെടുത്തിരുന്നു. സുഖം പ്രാപിക്കുമ്പോള്‍ സജീവമായി ജോലി ചെയ്യാമെന്ന് കരുതിയിരുന്നെങ്കിലും അപ്പോഴേക്ക് മറവിരോഗം രോഗം അവരെ കയ്യടക്കുകയായിരുന്നുവത്രേ.
രോഗത്തെ കുറിച്ച്...
ആദ്യം ഉറക്കമില്ലായ്മയുടെ രൂപത്തിലായിരുന്നുവത്രേ രോഗം അതിന്‍റെ സാന്നിധ്യമറിയിച്ചത്. ഇതിന് കണ്‍സള്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഡിമെൻഷ്യ (മറവിരോഗം എന്നും വിളിക്കും) ആണെന്ന് സ്ഥിരീകരിക്കുന്നത്. തലച്ചോര്‍ ചുരുങ്ങിവന്ന്, പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുന്ന- പ്രധാനമായും ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ് ഡിമെൻഷ്യ.
മറവി മാത്രമല്ല തലച്ചോറിന്‍റെ പല രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഡിമെൻഷ്യ രോഗികളില്‍ പ്രശ്നമാകാറുണ്ട്. ചലനം, സംസാരം, ചിന്താശേഷി, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിങ്ങനെ പല മേഖലയും ഓര്‍മ്മയ്ക്കൊപ്പം ബാധിക്കപ്പെടുന്നു.
പാര്‍ക്കിൻസണ്‍സ് രോഗം ആണെങ്കില്‍ ആദ്യം കായികമായ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. പ്രത്യേകിച്ച് ചലനം- സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പിന്നീടാണ് പൊങ്ങിവരിക. ഇത് ക്രമേണ മോശം നിലയിലായി ഡിമെൻഷ്യയും പിടിപെടും. ഡിമെൻഷ്യയോടെ മറവി ഏതാണ്ട് പൂര്‍ണമാകും. പേരുകള്‍, സ്ഥലം, സമയം, ബന്ധങ്ങള്‍ ഒന്നും ഓര്‍ക്കാൻ സാധിക്കാതെ കൊച്ചുകുഞ്ഞുങ്ങളെ പോലെ ആയി മാറുന്ന അവസ്ഥ.
ഇപ്പോള്‍ കനകലത ഈയൊരു സ്റ്റേജിലാണെന്നാണ് വിജയമ്മയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. കുഞ്ഞുങ്ങളെ പോലെയാണത്രേ ഇവര്‍ പെരുമാറുന്നത്. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാൻ പോലും ഓര്‍മ്മ കാണില്ല. ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. ഡയപ്പറിന്‍റെ സഹായത്തോടെയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. തീരെ മെലിഞ്ഞ് കണ്ടാല്‍ ആളെ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥുമായെന്നും വിജയമ്മ പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടി...
ഭര്‍ത്താവുമായി നേരത്തെ വിവാഹമോചിതയായതാണ് കനകലത. കുട്ടികളില്ല. ഏറെക്കാലമായി വിജയമ്മയാണത്രേ ഇവര്‍ക്ക് കൂട്ടായി കൂടെയുണ്ടായിരുന്നത്. സിനിമാസംഘടനകളുടേതടക്കം വിവിധ സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ട് കനകലതയ്ക്ക്. എങ്കിലും ആരോഗ്യാവസ്ഥ ഈ നിലയിലാണെന്ന വാര്‍ത്ത വന്നതോടെ ഒട്ടേറെ പേരാണ് ഇവര്‍ക്കുള്ള സ്നേഹവും പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും ഒരുപാട് സിനിമകളില്‍ കനകലത വേഷമിട്ടിട്ടുണ്ട്. ദീര്‍ഘകാലം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും കണ്ടുപരിചയിച്ചതിനാല്‍ തന്നെ മിക്ക മലയാളികള്‍ക്കും ഏറെ സുപരിചിത കൂടിയാണ് കനകലത. അതിനാല്‍ തന്നെയാണ് കനകലതയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേര്‍ ദുഖം പങ്കിടുന്നത്.
Also Read:- നടി ശ്രീദേവിക്ക് തിരിച്ചടിയായത് അശാസ്ത്രീയമായ ഡയറ്റ്? ബോണി കപൂര്‍ നല്‍കിയ സൂചനകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-