രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകള്‍ കുറയുന്നു; രോഗമുക്തി കൂടുന്നു
ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,595 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 42,916 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. മഹാരാഷ്ട്ര, കേരളം, ദില്ലി തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍തന്നെ, കൊവിഡ് 19 മഹാമാരിയുടെ വരവ് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കുമെന്ന തരത്തിലുള്ള കണക്കുകൂട്ടലുകളായിരുന്നു വിദഗ്ധരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്.
ഇതുവരെ രാജ്യത്ത് 90 ലക്ഷത്തിലധികം പേരെ രോഗം ബാധിച്ചെങ്കിലും ഇതില്‍ മരണം 1,40,000 എന്ന നിലയിലെങ്കിലും പിടിച്ചുകെട്ടാനായി. ഓരോ സംസ്ഥാനവും ഇതിനായുള്ള ശ്രമങ്ങളില്‍ തന്നെയായിരുന്നു.
അതുപോലെ തന്നെ, പത്ത് ലക്ഷം പേരില്‍ എത്ര പേര്‍ ബാധിക്കപ്പെടുന്നു എന്ന തരത്തിലുള്ള കണക്കെടുത്ത് നോക്കിയാല്‍, മറ്റ് പല രാജ്യങ്ങളെക്കാള്‍ ഏറെ ഭേദപ്പെട്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. രോഗമുക്തിയുടെ കാര്യത്തിലും പ്രതീക്ഷ തന്നെയാണ് ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുള്ളത്.
ഇപ്പോഴിതാ രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ അധികമായി മുന്നേറുമ്പോള്‍ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ഇതാണ് ട്രെന്‍ഡ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,595 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 42,916 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. മഹാരാഷ്ട്ര, കേരളം, ദില്ലി തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതിയ കേസുകളുടെ എണ്ണത്തിലും പക്ഷേ കേരളവും മഹാരാഷ്ട്രയുമെല്ലാം മുന്നിലുണ്ട്. അതേസമയം മരണനിരക്കിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പിന്നിലാണ് കേരളം.
Also Read:- ആശ്വാസത്തിന്റെ 'തമ്പ്‌സ് അപ്';99കാരിയുടെ ചിത്രം വൈറലാകുന്നു...