വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക...
ഗ്യാസിന്‍റെ ബുദ്ധിമുട്ടുള്ളവരില്‍ തന്നെ ഗ്യാസ് അധികരിക്കുന്ന സമയത്ത് ഓക്കാനമോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ വയറിന്‍റെ പ്രശ്നങ്ങള്‍ അധികരിക്കുമ്പോള്‍ വയറുവേദനയും അനുഭവപ്പെടാം.
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരില്‍ കാണുന്ന പ്രശ്നങ്ങളാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. ഗ്യാസ്, അസിഡിറ്റി, മലബന്ധം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം ഇത്തരത്തില്‍ വരുന്നതാണ്.
ഗ്യാസിന്‍റെ ബുദ്ധിമുട്ടുള്ളവരില്‍ തന്നെ ഗ്യാസ് അധികരിക്കുന്ന സമയത്ത് ഓക്കാനമോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ വയറിന്‍റെ പ്രശ്നങ്ങള്‍ അധികരിക്കുമ്പോള്‍ വയറുവേദനയും അനുഭവപ്പെടാം.
ഇങ്ങനെ വയറുവേദനയോ ഛര്‍ദ്ദിയോ എല്ലാം ഉണ്ടാകുമ്പോള്‍ അധികപേരും മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ, ഇത് ദഹനക്കുറവാണ് അല്ലെങ്കില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടാണ് എന്ന വിലയിരുത്തലിലേക്ക് പെട്ടെന്ന് എത്താറുണ്ട്.
എന്നാല്‍ ഒരിക്കലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ സ്വന്തമായി കാരണം കണ്ടെത്തി നിര്‍ണയിക്കരുത്. അത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കാം. കാരണം ഇവയെല്ലാം നമുക്കറിയാത്ത- മറ്റേതെങ്കിലും അസുഖങ്ങളുടെ ലക്ഷണമായി വരുന്നതാകാം.
വയറുവേദന- അസ്വസ്ഥത, ഛര്‍ദ്ദി, വിശപ്പില്ലായ്മ- ശരീരഭാരം കുറയല്‍, അതുപോലെ തന്നെ മഞ്ഞപ്പിത്തം എന്നീ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പലരും നിസാരമാക്കി തള്ളുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യുന്നത് ഇത്തരത്തില്‍ ഫാറ്റി ലിവര്‍ രോഗം അറിയാതെ പോകുന്നതിലേക്ക് നയിക്കാം.
അതായത് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമായും ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം പ്രകടമാകാമെന്ന്. മഞ്ഞപ്പിത്തം പിന്നെയും ആളുകള്‍ ശ്രദ്ധിക്കാം. കാരണം, അതിന് പ്രകടമായി തന്നെ ലക്ഷണങ്ങള്‍ വരാം. ചര്‍മ്മവും കണ്ണുകളും മഞ്ഞനിറം കയറുന്ന അവസ്ഥ തന്നെ ഏറ്റവും വലിയ ലക്ഷണം. എന്നാല്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഭാഗമായി മഞ്ഞപ്പിത്തം കാണുന്നുവെന്നാല്‍ അത് ഫാറ്റി ലിവര്‍ രോഗം തന്നെ സ്വല്‍പം ഗുരുതരമായിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്. നേരത്തെ സൂചിപ്പിച്ച മറ്റ് ലക്ഷണങ്ങളും ഫാറ്റി ലിവര്‍ രോഗം ഗൗരവമുള്ള ഘട്ടത്തിലെത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനകള്‍ തന്നെയാണ്. പക്ഷേ ഈ ഘട്ടത്തിലും രോഗം കണ്ടെത്തി- ചികിത്സയിലൂടെ ഭേദപ്പെടുന്നവരുണ്ട് എന്നതും മറക്കേണ്ട.
വയറിന്‍റെ വലത്തേ മുകള്‍ഭാഗത്ത് അത്ര സാരമുള്ളതല്ലാത്ത രീതിയിലുള്ള വേദനയായിരിക്കും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമായി വരുന്ന വേദന. എന്നാലീ വേദന തുടര്‍ച്ചയായി കാണും. വേദനയ്ക്കൊപ്പം തന്നെ വയര്‍ വീര്‍ത്തിരിക്കുന്നതായി തോന്നാം. ഇത് അസ്വസ്ഥത സൃഷ്ടിക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ വേദന വീണ്ടും കൂടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അല്‍പം എണ്ണമയമുള്ള ഭക്ഷണം.
കരള്‍ അമിതമായ കൊഴുപ്പിനാല്‍ മൂടപ്പെടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗത്തില്‍ കാണുന്നത്. ഇങ്ങനെ സംഭവിക്കുന്നതിന്‍റെ ഭാഗമായി വയറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുകയാണ്. ഇതിന്‍റെ ഭാഗമായി വിശപ്പില്ലായ്മ അനുഭവപ്പെടാം, ഭക്ഷണം കഴിച്ചാലും പോഷകങ്ങള്‍ ശരീരം സ്വീകരിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകാം, ദഹനപ്രശ്നമുള്ളതിന്‍റെ ഭാഗമായി എപ്പോഴും ഓക്കാനം- ഛര്‍ദ്ദി എന്നിവയുണ്ടാകാം. നേരാംവണ്ണം ഭക്ഷണം കഴിക്കാതിരിക്കുന്നതോടെ വണ്ണവും വല്ലാതെ കുറയാം.
എന്നാല്‍ ഈ ലക്ഷണങ്ങളൊക്കെ നല്‍കുന്ന സൂചന കരള്‍ വലിയ അപകടത്തിലാണെന്നാണ്. നേരത്തെ ഫാറ്റി ലിവര്‍ രോഗം കണ്ടെത്താത്തവരില്‍ അവസാനഘട്ടത്തില്‍ അതിന്‍റെ സൂചനകള്‍ പ്രകടമാകുന്നതാണ്. എങ്കില്‍പോലും ചികിത്സ എടുക്കാൻ നമുക്ക് ശ്രമം നടത്തിനോക്കാവുന്നതാണ്. എന്തായാലും വയറില്‍ നേരിടുന്ന ചെറിയ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ പോലും നാം വച്ചുകൊണ്ടിരിക്കരുത് എന്ന് സാരം.
Also Read:- എല്ലിനെ ബാധിക്കുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍ അറിയാം; അധികവും ബാധിക്കുന്നത് കുട്ടികളെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-