'ചുമയുടെ ശബ്ദവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ തീവ്രത അറിയാം'
ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കൊവിഡാനന്തരം പലരെയും ബാധിക്കുന്നുണ്ട്. അതുപോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
കൊവിഡ് 19 ഭീഷണിയില്‍ നിന്ന് ഇന്നും നാം പരിപൂര്‍ണമായി മോചിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതേസമയം കൊവിഡിനെ ആളുകള്‍ നിസാരമായി കണക്കാക്കാനും തുടങ്ങിയിരിക്കുന്നു. എന്നാല്‍ കൊവിഡ് ദീര്‍ഘകാലത്തേക്ക് ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അഥവാ ലോംഗ് കൊവിഡ് എന്ന അവസ്ഥയെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്.
പലരിലും കൊവിഡാനന്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഇവയെല്ലാം എത്രത്തോളം ഭീഷണിയാണ്, എങ്ങനെയാണിവയെ പ്രതിരോധിക്കാനാവുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിയും പല പഠനങ്ങള്‍ക്കുമപ്പുറം വരാനിരിക്കുന്ന നിഗമനങ്ങളാണ്.
അതുവരേക്കും കൊവിഡുമായി ബന്ധപ്പെട്ട പല ആശങ്കകളും ആശയക്കുഴപ്പങ്ങളും അതോടൊപ്പം കൊവിഡുണ്ടാക്കുന്ന ആരോഗ്യസംബന്ധമായതോ അല്ലാത്തതോ ആയ പ്രതിസന്ധികളും നാം കൊണ്ടുപോകേണ്ടി വരാം.
ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കൊവിഡാനന്തരം പലരെയും ബാധിക്കുന്നുണ്ട്. അതുപോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം നേരത്തെകൂട്ടി മനസിലാക്കാൻ സാധിച്ചെങ്കില്‍ മാത്രമേ രോഗിയെ മരണത്തില്‍ നിന്നോ ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നോ രക്ഷപ്പെടുത്താൻ നമുക്കാകൂ.
ഇതിനോടകം തന്നെ ഗവേഷകര്‍ ലോംഗ് കൊവിഡ്- എന്നുവച്ചാല്‍ കൊവിഡിന് ശേഷം ദീര്‍ഘകാലം ഇതിനോടനുബന്ധമായി നീണ്ടുനില്‍ക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. എന്നാലതൊന്നും നമുക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്നതല്ല.
ഇപ്പോഴിതാ നമുക്ക് കുറെക്കൂടി എളുപ്പത്തില്‍ - ലളിതമായി ആശ്രയിക്കാൻ കഴിയുന്ന മറ്റൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. കൊവിഡ് എത്രമാത്രം തീവ്രമാണ്, കൊവിഡിന് ശേഷം ന്യുമോണിയയ്ക്ക് സാധ്യതയുണ്ടോ, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്നതെല്ലാം മനസിലാക്കുന്നതിന് രോഗിയുടെ ചുമയില്‍ വരുന്ന ശബ്ദവ്യത്യാസങ്ങളെ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കൊവിഡ് ബാധിച്ച് ആദ്യനാളുകളില്‍ തന്നെ രോഗിയുടെ ചുമ സ്മാര്‍ട് ഫോണുപയോഗിച്ച് റെക്കോര്‍ഡ് ചെയ്തുവയ്ക്കുമത്രേ. പിന്നീട് ഇതിലുണ്ടാകുന്ന ശബ്ദവ്യതിയാനങ്ങളെ പഠനവിധേയമാക്കുമ്പോള്‍ ആ രോഗിക്ക് മറ്റ് അനുബന്ധപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ടോ, എത്രമാത്രം സാധ്യതയുണ്ട് എന്നതെല്ലാം കണ്ടെത്താൻ സാധിക്കുമത്രേ.
കൊവിഡ് രോഗികളെ നേരിയ തോതില്‍ ബാധിക്കപ്പെട്ടവര്‍, കുഴപ്പമില്ലാത്ത തോതില്‍ ബാധിക്കപ്പെട്ടവര്‍, ഗുരുതരമായി ബാധിക്കപ്പെട്ടവര്‍ എന്നിങ്ങനെ മൂന്ന് തരത്തിലേക്ക് പട്ടികപ്പെടുത്തുകയാണ് പിന്നീട് ഇവര്‍ ചെയ്യുക. ഇതനുസരിച്ച് രോഗിക്ക് കെയറും ചികിത്സയും നല്‍കാമെന്നതാണ് മെച്ചം. ഇവരുടെ പഠനത്തിന്‍റെ വിശദാംശങ്ങള്‍ 'യൂറോപ്യൻ റെസ്പിരേറ്ററി ജേണല്‍ ഓപ്പണ്‍ റിസര്‍ച്ചി'ലാണ് വന്നിരിക്കുന്നത്.
Also Read:- കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-