കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
പ്രതിദിന കൊവിഡ് കണക്ക് ഉയരുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരേയും വലിയ തോതിലാണ് സ്ഥിതിഗതികള്‍ ബാധിക്കുന്നത്. രോഗം പിടിപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് കാണുന്നത്. ഇതിനുദാഹരണമാണ് സര്‍ ഗംഗ റാം ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്
ദില്ലി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേകമായി സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്ന സര്‍ ഗംഗ റാം ആശുപത്രിയിലെ 37 ഡോക്ടര്‍മാക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഈ മുപ്പത്തിയേഴ് പേരുടെയും പരിശോധനാഫലം പൊസിറ്റീവായത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന സൂചനയാണ് ഈ സംഭവവും പങ്കുവയ്ക്കുന്നത്.
പ്രതിദിന കൊവിഡ് കണക്ക് ഉയരുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരേയും വലിയ തോതിലാണ് സ്ഥിതിഗതികള്‍ ബാധിക്കുന്നത്. രോഗം പിടിപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് കാണുന്നത്. ഇതിനുദാഹരണമാണ് സര്‍ ഗംഗ റാം ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഇവിടെ രോഗം സ്ഥിരീകരിച്ച മുപ്പത്തിയേഴ് ഡോക്ടര്‍മാരും ഇപ്പോള്‍ ചികിത്സയിലാണ്. ഇതില്‍ 32 പേരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ബാക്കി അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിക്കപ്പെട്ട ഡോക്ടര്‍മാരില്‍ അധികപേരും യുവാക്കളാണെന്നും ഇവരില്‍ തന്നെ ഭൂരിപക്ഷം പേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അധികപേരിലും സങ്കീര്‍ണമായ രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നതും ശ്രദ്ധേയമാണ്.
ദില്ലിയില്‍ പ്രതിദിന കൊവിഡ് കണക്ക് ആശങ്കപ്പെടുത്തും വിധമാണ് ഉയര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 7,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പത്ത് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ദില്ലിയുടെയും സ്ഥാനം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നിവയാണ് ഈ പട്ടികയിലുള്‍പ്പെടുന്ന മറ്റ് സംസ്ഥാനങ്ങള്‍.