'തിമിരത്തിന് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ 18 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു'; ആശുപത്രിക്കെതിരെ പരാതി
'ജൂണ്‍ 23നായിരുന്നു എന്‍റെ ഓപ്പറേഷൻ. ജൂലൈ5 വരെ എനിക്ക് കാഴ്ചയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിന് ശേഷം രണ്ട് ദിവസം കൊണ്ടാണ് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. പൂര്‍ണമായും ഒന്നും കാണാൻ വയ്യാത്ത അവസ്ഥയായി...'
ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പരാതികള്‍ ഉയരാറുണ്ട്. ശസ്ത്രക്രിയയിലെ പിഴവുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്നത് എന്ന് പറയാം. ശസ്ത്രക്രിയകളിലെ പിഴവുകളോ അശ്രദ്ധകളോ പിന്നീട് രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കാം.
അല്ലെങ്കില്‍ തിരിച്ചെടുക്കാൻ കഴിയാത്ത വിധം രോഗിക്ക് ഏതെങ്കിലും വിധത്തിലുള്ള നഷ്ടം ശരീരത്തില്‍ സംഭവിക്കാം. എന്തായാലും ഇത്തരത്തില്‍ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയുമായി ഒരേ ആശുപത്രിക്കെതിരെ രംഗത്തെത്തിയതായാണ് വാര്‍ത്ത. രാജസ്ഥാനിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിക്കെതിരെയാണ് രോഗികളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് എസ്എംഎസ് ആശുപത്രി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കീഴിലുള്ള ചിരഞ്ജീവി ഹെല്‍ത്ത് സ്കീമിന്‍റെ ഭാഗമായി ഇവിടെ വച്ച് നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രോഗികള്‍ എത്തിയത്.
'ജൂണ്‍ 23നായിരുന്നു എന്‍റെ ഓപ്പറേഷൻ. ജൂലൈ5 വരെ എനിക്ക് കാഴ്ചയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിന് ശേഷം രണ്ട് ദിവസം കൊണ്ടാണ് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. പൂര്‍ണമായും ഒന്നും കാണാൻ വയ്യാത്ത അവസ്ഥയായി. ഇതോടെ ഞാൻ വീണ്ടും ആശുപത്രിയിലെത്തി. വീണ്ടും ഓപ്പറേഷനും നടത്തി. പക്ഷേ അതിന് ഫലമുണ്ടായില്ല...'- പരാതിക്കാരില്‍ ഒരാളായ രോഗി പറയുന്നു.
ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായാണ് എല്ലാവരും പരാതിപ്പെടുന്നത്. ഒന്നിന് പിറകെ ഒന്നായി രോഗികള്‍ പരാതിയുമായി എത്തുകയായിരുന്നു. പലര്‍ക്കും വീണ്ടും ശസ്ത്രക്രിയ നടത്തിയതായാണ് സൂചന. പലരും അസഹനീയമായ കണ്ണ് വേദനയെ തുടര്‍ന്നും ആശുപത്രിയിലെത്തി. ഇവരില്‍ ചിലര്‍ക്ക് മൂന്നാമത്തെ തവണ വരെ ശസ്ത്രക്രിയ നടത്തിയെന്നും പരാതിയുണ്ട്. എങ്കിലും ആര്‍ക്കും പോസിറ്റീവായ ഫലം കിട്ടിയില്ല.
അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും ആശുപത്രി അധികൃതര്‍ ഉറപ്പിച്ച് പറയുന്നത്. പക്ഷേ സംഭവം വിവാദമായതോടെ തങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചിട്ടുണ്ട്. വാര്‍ത്തകളില്‍ കൂടി വന്നതോടെ ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധവും ഉയരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-