കൊവിഡ് മുക്തി നേടിയ പതിനഞ്ചുകാരന് ബ്ലാക്ക് ഫംഗസ് ബാധ

ഒരാഴ്ച മുമ്പേ കൊവിഡ് മുക്തനായ പതിനഞ്ചുകാരനില്‍ പല്ലുവേദനയുടെയും നാക്കില്‍ ചെറിയ മുറിവുകളുടെയും രൂപത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് ബാധിതനായിരിക്കുമ്പോള്‍ പത്ത് ദിവസത്തോളം ഐസിയുവില്‍ കഴിഞ്ഞതായിരുന്നു ബാലന്‍. ഇതിന് ശേഷമാണ് രോഗം ഭേദമായിരുന്നത്

15 year old boy caught black fungus infection after covid 19

കൊവിഡ് രോഗികളില്‍ രോഗത്തിന്റെ അതിജീവനത്തിന് ശേഷമെത്തുന്ന വെല്ലുവിളിയായി തുടരുകയാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധ. അഴുകിയ ജൈവിക പദാര്‍ത്ഥങ്ങളില്‍ കാണുന്ന ഫംഗസ് കൊവിഡ് രോഗികളില്‍ ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ നല്‍കുന്നതിന്റെയും, പ്രതിരോധശക്തി ക്ഷയപ്പെടുന്നതിന്റെയും ഭാഗമായാണ് കയറിപ്പറ്റുന്നത്. 

മൂക്കിലൂടെ ശരീരത്തിനകത്തെത്തുന്ന ഫംഗസ് മുഖത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്യമായി എടുത്തില്ലെങ്കിലും നിലവില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമെല്ലാം ബ്ലാക്ക് ഫംഗസ് ബാധയെ ഗുരുതരമായ വെല്ലുവിളിയായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ വിവിധ സംസ്ഥാനങ്ങളിലായി ബ്ലാക്ക് ഫംഹസ് ബാധ രോഗികളുടെ തലച്ചോറിനെ ബാധിച്ചതോടെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

എന്നാല്‍ ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു പതിനഞ്ചുകാരന് ബ്ലാക്ക് ഫംഗസ് ബാധയേറ്റതായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പൊതുവേ കുട്ടികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പക്ഷേ, ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തിലും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഈ വാര്‍ത്ത നല്‍കുന്ന സൂചന. 

ഒരാഴ്ച മുമ്പേ കൊവിഡ് മുക്തനായ പതിനഞ്ചുകാരനില്‍ പല്ലുവേദനയുടെയും നാക്കില്‍ ചെറിയ മുറിവുകളുടെയും രൂപത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് ബാധിതനായിരിക്കുമ്പോള്‍ പത്ത് ദിവസത്തോളം ഐസിയുവില്‍ കഴിഞ്ഞതായിരുന്നു ബാലന്‍. ഇതിന് ശേഷമാണ് രോഗം ഭേദമായിരുന്നത്. 

'ഏപ്രില്‍ പതിനാലിനാണ് ബാലനെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് പത്ത് ദിവസത്തോളം അവന്‍ ഐസിയുവില്‍ തന്നെയായിരുന്നു. സപ്ലിമെന്റല്‍ ഓക്‌സിജന്‍, റെംഡെസിവിര്‍- അതുപോലെ സ്റ്റിറോയ്ഡുകളെല്ലാം നല്‍കേണ്ടിവന്നിരുന്നു. പിന്നീട് ഏപ്രില്‍ 24ന് ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി അവനെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പല്ലുവേദനയും നാക്കില്‍ മുറിവുകളും കാണുന്നത്. വിശദപരിശോധനയില്‍ മ്യൂക്കോര്‍മൈക്കോസിസ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു...'- ബാലനെ ചികിത്സിച്ച ഡോ.അഭിഷേഖ് ബന്‍സാല്‍ പറയുന്നു. 

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ബാലന്റെ നാക്കിന്റെ ചില ഭാഗങ്ങളും മുകള്‍നിരയിലെ ഒരു ഭാഗത്തെ പല്ലുകളുമെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാവുന്ന അവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

രാജ്യത്ത് ആകെ 9.000ത്തോളം ബ്ലാക്ക് ഫംഗസ് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 2,281 കേസുകളുമായി ഗുജറാത്താണ് മുന്നില്‍ നില്‍ക്കുന്നത്. സമയബന്ധിതമായി ചികിത്സ നടത്തിയില്ലെങ്കില്‍ ജീവന്‍ അപഹരിച്ചേക്കാവുന്ന വില്ലനായി തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ബ്ലാക്ക് ഫംഗസിനെ വിശേഷിപ്പിക്കുന്നത്. 

Also Read:- മദ്ധ്യപ്രദേശില്‍ നാല് ബ്ലാക്ക് ഫംഗസ് മരണം; ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന വില്ലനായി ബ്ലാക്ക് ഫംഗസ്...


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Latest Videos
Follow Us:
Download App:
  • android
  • ios