രണ്ട് മഹാമാരികളെ പോരാടിത്തോല്‍പ്പിച്ച 106കാരന്‍; പ്രത്യാശയുടെ പ്രതീകം
ഇന്ത്യയിലെ അവസ്ഥ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരമായി തുടരുന്ന സാഹചര്യമാണുള്ളത്. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളെല്ലാം നേരത്തേ മുതല്‍ക്ക് തന്നെ അനിയന്ത്രിതമായ അവസ്ഥകളിലേക്കെത്തിയിരുന്നു. ഇപ്പോള്‍ കേരളവും, സമാനമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു 1918ല്‍ പടര്‍ന്ന 'സ്പാനിഷ് ഫ്‌ളൂ'. ലോകത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെ മുഴുവനായി ഫ്‌ളൂ ബാധിച്ചു. അമ്പത് ലക്ഷത്തിനടുത്തായിരുന്നു മരണം. മരണത്തിന്റെയും അനിശ്ചിതത്വത്തിന്റേയും ഭീകരതയെ മനുഷ്യര്‍ക്ക് ആവോളം അനുഭവപ്പെടുത്തിക്കൊണ്ടാണ് അന്ന് ആ വൈറസ് മടങ്ങിയത്.
അത്രയും തീവ്രമല്ലെങ്കില്‍പ്പോലും അതിനോട് അടുത്തുനില്‍ക്കുന്ന തരത്തിലുള്ള മറ്റൊരു മഹാമാരിയെ ലോകജനത ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നുത്ഭവിച്ച് ലോകമൊട്ടാകെയും പടര്‍ന്നുപിടിച്ച 'കൊറോണ വൈറസ്'. അഞ്ച് ലക്ഷത്തി, ഇരുപത്തിയെട്ടായിരം ജീവനാണ് കൊവിഡ് 19 എന്ന മാഹാമാരി മാസങ്ങള്‍ക്കുള്ളില്‍ കവര്‍ന്നെടുത്തത്. ഇതുവരെ 1. 13 കോടിയിലധികം പേരെ രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യയിലെ അവസ്ഥ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരമായി തുടരുന്ന സാഹചര്യമാണുള്ളത്. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളെല്ലാം നേരത്തേ മുതല്‍ക്ക് തന്നെ അനിയന്ത്രിതമായ അവസ്ഥകളിലേക്കെത്തിയിരുന്നു. ഇപ്പോള്‍ കേരളവും, സമാനമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രത്യാശയുടെ വെളിച്ചം പകരുന്ന ചെറിയ വാര്‍ത്തകള്‍ക്ക് പോലും ഈ ഘട്ടത്തില്‍ വലിയ മൂല്യമുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് ഇന്ന് പുറത്തുവന്നത്. 1918ലെ 'സ്പാനിഷ് ഫ്‌ളൂ'വിനെ അതിജീവിച്ച 106കാരന്‍ അത്ഭുതകരമായി കൊറോണ വൈറസിനേയും തോല്‍പിച്ച് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.
'സ്പാനിഷ് ഫ്‌ളൂ' പടര്‍ന്നുപിടിച്ച കാലത്ത് നാലുവയസുകാരനായിരുന്നു അദ്ദേഹം. അന്നത്തെ പ്രതിസന്ധിയില്‍ പിടിച്ചുനിന്ന കുടുംബത്തില്‍ അവശേഷിക്കുന്ന ഏക കണ്ണി. എന്നാലിപ്പോള്‍ കൊവിഡ് 19 ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും എഴുപതുകാരനായ മകനുമെല്ലാം വീണുപോയി. എല്ലാവരും രോഗമുക്തി നേടിയിട്ടുണ്ട്. പക്ഷേ അവരെക്കാളെല്ലാം വേഗത്തില്‍ രോഗം ഭേദമായത് 100 കടന്ന ഈ വയോധികനാണെന്നത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരുപോലെ സന്തോഷവും അത്ഭുതവും പകരുകയാണ്.
'സ്പാനിഷ് ഫ്‌ളൂ കാലത്തെ അതിജീവിച്ച്, ഇപ്പോള്‍ കൊറോണയേയും അതിജീവിച്ച ദില്ലിയിലെ ആദ്യത്തെ കേസ് ആണ് ഇദ്ദേഹത്തിന്റേത്. എഴുപത് വയസായ, ഇദ്ദേഹത്തിന്റെ മകനും, ഭാര്യക്കുമെല്ലാം കാവിഡ് ബാധിച്ചിരുന്നു. അവരെക്കാളൊക്കെ വേഗത്തില്‍ ഇദ്ദേഹം രോഗമുക്തി നേടിയെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത....'- വയോധികനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.
ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹവും കുടുംബവും ചികിത്സയിലിരുന്നത്. ഏതാണ്ട് ആയിരത്തിലധികം കൊവിഡ് രോഗികളെ ഈ ആശുപത്രിയില്‍ മാത്രം ചികിത്സിച്ചതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ വഴിത്തിരിവാകുകയാണ് 106കാരന്റെ കൊവിഡ് രോഗമുക്തി.
Also Read:- കൊവിഡ്: ലോകത്താകമാനം രോഗികളുടെ എണ്ണം 1.13 കോടി, രാജ്യത്തെ വ്യാപനം അതിതീവ്രതയിലേക്ക്...